സമൂഹത്തിന്റെ പ്രതീക്ഷകളും ആണ് എന്ന പദവിയും പലപ്പോഴും പുരുഷന്മാരെ അവരുടെ വികാരങ്ങളെ ഉള്ളിലൊതുക്കാന്‍ പ്രേരിപ്പിക്കുന്നു. തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ കൂട്ടാക്കാതെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് വീഴുന്നു. ആഗോളതലത്തില്‍ സ്ത്രീകളെക്കാള്‍ 3.5 മടങ്ങ് പുരുഷന്മാര് ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പുരുഷന്മാര് നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനും അവര്‍ക്ക് പിന്തുണയേകാനുമായി ജൂണ്‍ മാസം പുരുഷന്മാരുടെ മാനസികാരോഗ്യ മാസമായി ആചരിക്കുന്നു. ഉത്കണ്ഠ, വിഷാദം ഉള്‍പ്പെടെയുള്ള മാനസിക അനാരോഗ്യ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും വൈദ്യസഹായം തേടുന്ന പുരുഷന്മാരുടെ എണ്ണം പൊതുവെ കുറവാണ്. വികാരങ്ങള്‍ അടിച്ചമര്‍ത്തുന്നത് മാനസിക ആരോഗ്യത്തെ മാത്രമല്ല ശാരീരികാരോഗ്യത്തെയും ബാധിക്കുന്നു. മാനസിക സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതെയിരിക്കുക എന്നിവ നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കും. ദേശീയ ഹെല്‍ത്ത് ഇന്റര്‍വ്യു സര്‍വെ പ്രകാരം നാലില്‍ ഒരു പുരുഷന്മാര് മാത്രമാണ് മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുന്നത്. മാനസിക ആരോഗ്യത്തിന്റെ പ്രധാന്യം മനസ്സിലാക്കി വീട്ടില്‍ നിന്നാണ് ഈ ശീലം വളര്‍ത്തിയെടുക്കേണ്ടത്. സങ്കടം വന്നാല്‍ കരയുക എന്നത് ഏതൊരു ജീവയുടെയും അടിസ്ഥാന ഭാവമാണ്. കരയുന്നതിലൂടെ വൈകാരികമായ കരച്ചില് ഓക്സിടോസിന്‍ എന്ന ഹോര്‍മോണിനെയും എന്‍ഡോജീനസ് ഓപ്പിയോയ്ഡ്സ് അഥവാ എന്ഡോര്ഫിനുകളെയും പുറന്തള്ളുന്നു. ഇത് തലച്ചോറിലെ സന്തോഷമുണ്ടാക്കുന്ന രാസവസ്തുക്കളാണ്. ഇവ വൈകാരികമായ വേദനയെ ഇല്ലാതാക്കുന്നു എന്ന് മാനസികാരോഗ്യവിദഗ്ധര്‍ പറയുന്നു. ദുഖവും ഉത്കണ്ഠയും തുറന്ന് പ്രകടിപ്പിക്കുന്നത് മോശമായ കാര്യമല്ല. കരച്ചില് ഒരിക്കലും നിങ്ങളെ ഭീരുവാക്കില്ല മറിച്ച് മാനസികമായി കരുത്തുള്ളവരാക്കാന്‍ സഹായിക്കും.