വ്യക്തികളും സ്ഥാപനങ്ങളും ശതകോടികള്‍ വായ്പയെടുത്തു തിരിച്ചടക്കാത്തതു മൂലം രാജ്യത്തെ ബാങ്കുകള്‍ക്കുണ്ടായത് 92,570 കോടി രൂപയുടെ നഷ്ടം. വിവാദ ഡയമണ്ട് വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുല്‍ ചോക്‌സിയാണ് കുടിശ്ശികക്കാരുടെ പട്ടികയില്‍ ഒന്നാമത്. 7,848 കോടി. ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണു സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ഇറ ഇന്‍ഫ്ര (5,879 കോടി), റെയ്‌ഗോ അഗ്രോ (4,803 കോടി) എന്നിവയാണു പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍ (4,596 കോടി), എബിജി ഷ്പ്യാര്‍ഡ് (3,708 കോടി), ഫ്രോസ്റ്റ് ഇന്റര്‍നാഷനല്‍ (3,311 കോടി), വിന്‍ഡ്സം ഡയമണ്ട്‌സ് ആന്‍ഡ് ജ്വല്ലറി (2,931 കോടി), റോട്ടോമാക് ഗ്ലോബല്‍ (2,893 കോടി), കോസ്റ്റല്‍ പ്രൊജക്ട്‌സ് (2,311 കോടി), സൂം ഡവലപ്പേഴ്‌സ് (2,147 കോടി) എന്നീ സ്ഥാപനങ്ങളും പട്ടികയില്‍ മുന്നിലുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 5.41 ലക്ഷം കോടി രൂപയായി കുറഞ്ഞു. നേരത്തേ 8.9 ലക്ഷം കോടി രൂപയായിരുന്നു. ബാങ്കുകള്‍ 10.1 ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളി. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ രണ്ടു ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി ഒന്നാമതെത്തി. പഞ്ചാബ് നാഷനല്‍ ബാങ്ക് 67,214 കോടിയും ഐ.സി.ഐ.സി.ഐ 50,514 കോടി, എച്ച്.ഡി.എഫ്.സി 34,782 കോടിയും എഴുതിത്തള്ളി.