കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്. ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. കൗമാരപ്രായത്തിലും മുതിര്‍ന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്. പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും.അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകള്‍ കാണപ്പെടും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം. കുട്ടികള്‍ക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോള്‍ മീസില്‍സ് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കണം. കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് 9 മാസം തികയുമ്പോള്‍ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം. രണ്ടാമത്തെ ഡോസ് ഒന്നരവയസ്സ് മുതല്‍ രണ്ടുവയസ്സാവുന്നത് വരെയുള്ള പ്രായത്തില്‍ ചെയ്യാം. വലതു കൈയിലാണ് ഈ കുത്തിവെപ്പ്. വളരെ അപൂര്‍വമായി കുത്തിവെപ്പിന് ശേഷം ചെറിയ പനിയോ ദേഹത്തു പൊടുപ്പോ ഉണ്ടാകാം. തീര്‍ത്തും പേടിക്കേണ്ടാത്തവ. രോഗപകര്‍ച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളില്‍ കിടത്തി വേണ്ടത്ര വിശ്രമം നല്‍കണം. ആവശ്യാനുസരണം വെളളവും പഴവര്‍ഗ്ഗങ്ങളും നല്‍കണം.