എക്‌സില്‍ ഡിസ് ലൈക്ക് ബട്ടന്‍ അവതരിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ‘ഡൗണ്‍വോട്ട്’ ഫീച്ചര്‍ യഥാര്‍ഥത്തില്‍ റെഡ്ഡിറ്റ് ശൈലിയിലുള്ള ഡൗണ്‍വോട്ട് ഐക്കണിന് പകരം ‘ഡിസ്ലൈക്ക്’ ബട്ടണിനോട് സാമ്യമുള്ളതാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ വരുന്നതോടെ എക്‌സ് പോസ്റ്റുകളോടും കമന്റുകളോടുമുള്ള എതിര്‍പ്പും അനിഷ്ടവും ഉപയോക്താക്കള്‍ക്ക് അറിയിക്കാന്‍ സാധിക്കും. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ ഡിസ് ലൈക് ബട്ടന്‍ കൊണ്ടുവരുമെന്ന് കേട്ടിരുന്നു. എന്നാല്‍ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടും അതുമാത്രം എത്തിയില്ല. ഹാര്‍ട്ട് ഷേപ്പിലുള്ളതാണ് നിലവില്‍ എക്‌സിലെ ലൈക്ക് ബട്ടന്‍. ഈ മാസം ആദ്യം ആരോണ്‍ പെരിസ് എന്നയാളാണ് എക്സിന്റെ ഐ.ഒ.എസ് പതിപ്പിന്റെ കോഡില്‍ ഡൗണ്‍വോട്ട് ഫീച്ചര്‍ സംബന്ധിച്ച സൂചനകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഡിസ് ലൈക്ക് ബട്ടന്‍ വരുമ്പോള്‍ ബ്രോക്കണ്‍ ഹാര്‍ട്ട് ബട്ടന്‍ വരുമെന്നാണ് ആരോണ്‍ പെരിസ് പറയുന്നത്. ഒരു പോസ്റ്റിനു താഴെ ഈ ബട്ടന്‍ അമര്‍ത്തുമ്പോള്‍, നിങ്ങള്‍ ഈ പോസ്റ്റ് ഡൗണ്‍വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കും. സ്ഥിരീകരണം നല്‍കുന്നതോടെ പോസ്റ്റിന് ഡൗണ്‍വോട്ട് ചെയ്യാം. അതേ സമയം കമന്റുകളില്‍ ഡൗണ്‍വോട്ടുകള്‍ കാണിക്കാനാണ് ആദ്യം ഈ ഫീച്ചര്‍ കൊണ്ടുവരുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.