മ്യൂച്വല്‍ഫണ്ടുകള്‍ക്കും പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസിനും ഇടയില്‍ പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി സെബി. ഇതിനായി വിദഗ്ധരില്‍ നിന്ന് സെബി നിര്‍ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇരു നിക്ഷേപങ്ങളുടേയും ഒരു സങ്കരം ആയിരിക്കും പുതിയ നിക്ഷേപമെന്നാണ് സൂചന. കുറഞ്ഞത് 10 ലക്ഷം രൂപയാണ് ഈ പദ്ധതിയില്‍ നിക്ഷേപ പരിധി ഉദ്ദേശിക്കുന്നത്. നിയന്ത്രിതമായ രീതിയില്‍ ഉയര്‍ന്ന റിസ്ക് എടുത്തുകൊണ്ട് ഉയര്‍ന്ന നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ക്ക് ഇതു വഴി സാധിക്കും. നിലവില്‍ മ്യൂച്വല്‍ഫണ്ടുകളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. അതേ സമയം പി.എം.എസില്‍ ഇത് 50 ലക്ഷമാണ്. സാധാരണ നിക്ഷേപകര്‍ക്ക് ഇതിനിടയില്‍ നിക്ഷേപം നടത്തികൊണ്ട് കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ബ്രാന്‍ഡിംഗിലും പരസ്യങ്ങളിലും പരമ്പരാഗത മ്യൂച്വല്‍ഫണ്ടുകളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും പുതിയ നിക്ഷേപ പദ്ധതിയെ അവതരിപ്പിക്കുക. കഴിഞ്ഞ മൂന്നു വര്‍ഷമായി ശരാശരി 10,000 കോടി രൂപയോ അതില്‍ കൂടുതലോ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ട് ഹൗസുകളെ പ്രത്യേക അനുമതി തേടാതെ തന്നെ ഇത്തരം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് അനുവദിക്കാനാണ് സെബി നിര്‍ദേശിക്കുന്നത്. 5,000 കോടി രൂപയുടെ ആസ്തിയും പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അസറ്റ് മാനേജ്മെന്റ് കമ്പനികളെയും പരിഗണിച്ചേക്കും.ഹെഡ്ജിംഗ്, പോര്‍ട്ട്ഫോളിയോ റീബാലന്‍സിംഗ് എന്നിവ ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി ഡെറിവേറ്റീവ് ഇടപാടുകളും നിബന്ധനകള്‍ക്ക് വിധേയമായി അനുവദിച്ചേക്കും. സിസിറ്റമാറ്റിക് എന്വെസ്റ്റ്മെന്റ് പ്ലാന്‍, സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍, സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ എന്നീ സൗകര്യങ്ങളും പദ്ധതിയില്‍ ഉണ്ടായേക്കും. നിലവില്‍ മ്യൂച്വല്‍ഫണ്ടുകള്‍ക്ക് ബാധകമായ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പുതിയ പദ്ധതിയില്‍ അനുവദിച്ചേക്കുമെന്നാണ് സൂചന.
പുതിയ നിക്ഷേപ പദ്ധതിയുമായി സെബി
