വിചിത്രവും ആകര്‍ഷകവുമായ പേരുകള്‍ കൊണ്ട് ഞെട്ടിച്ച മലയാള സിനിമകളുണ്ട്. ഈയിടെയായി മലയാള സിനിമകള്‍ക്കു നല്‍കുന്നത് പലപ്പോഴും നീളം കൂടിയതും രസകരവുമായ ടൈറ്റിലുകളാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ പേരാണ് ‘മസാല ദോശ മൈസൂര്‍ അക്ക’. നടനും സംവിധായകനുമായ മൃദുല്‍ നായരാണ് സിനിമയുടെ സംവിധാനം. ദ് ഫിലിമി ജോയിന്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സജി മോന്‍ പ്രഭാകറും മൃദുലും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രം 2024 ജനുവരിയില്‍ റിലീസ് ചെയ്യും. എംഡിഎംഎ എന്നാണ് ‘മസാല ദോശ മൈസൂര്‍ അക്ക’യുടെ ചുരുക്കപ്പേരെന്നാണ് സമൂഹമാധ്യമങ്ങളിലെ ചിലരുടെ കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. അതേസമയം മൃദുല്‍-സജി മോന്‍ പ്രഭാകര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം ‘കാസര്‍ഗോള്‍ഡ്’ റിലീസിന് തയാറെടുക്കുകയാണ്. അസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.