പ്രീമിയം എംപിവിയുമായി മാരുതി സുസുക്കി എത്തുന്നു. ജൂലൈ 5ന് പുതിയ വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം നടത്തുമെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാഹനം നെക്സ വഴിയാണ് വില്പനയ്ക്കെത്തുന്നത്. ടൊയോട്ടയുടെ ബെഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുന്നത്. മാരുതി നിരയിലെ ഏറ്റവും വില കൂടിയ മോഡലും ഇതായിരിക്കും. ഇന്നോവയുടെ പുതിയ മോഡല്‍ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മാരുതിയുടെ മോഡലില്‍ ഏറെ മാറ്റങ്ങളുണ്ടാകും. ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രില്‍, ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്. എന്നിവ പുതിയ മോഡലിലുണ്ടാകും. ടൊയോട്ടയുടെ ടിഎന്‍ജിഎസി ആര്‍ക്കിടെക്ച്ചറിലാണ് എംപിവിയുടെ നിര്‍മാണം. ഇന്നോവ ഹൈക്രോസിലെ 2 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുകളില്‍ പുതിയ വാഹനം എത്തും. 2017 ലാണ് ടൊയോട്ടയും സുസുക്കിയും സഹകരണത്തില്‍ എത്തുന്നത്. കൂടാതെ സിയാസ്, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പും ഉടന്‍ വിപണിയിലെത്തും.
പ്രീമിയം എംപിവിയുമായി മാരുതി സുസുക്കി
