പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ മോഡലായ ഇഗ്‌നിസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ദീര്‍ഘനാളായുള്ള കുറഞ്ഞ വില്‍പനയും ഡിമാന്‍ഡിലെ ഇടിവുമാണ് ഇതിന് കാരണം. ഇഗ്‌നിസിന്റെ ഉല്‍പ്പാദനം ഒരു മാസത്തിലേറെയായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ ബുക്കിങ്ങും അവസാനിപ്പിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഈ പ്രീമിയം അര്‍ബന്‍ കോംപാക്റ്റ് ഹാച്ച്ബാക്കിന് 4.59 ലക്ഷം രൂപ മുതല്‍ 7.80 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സാങ്കേതികവിദ്യയും ഇതിനുണ്ട്. നേരത്തെ ഇതിന് ഡീസല്‍ പതിപ്പും ലഭ്യമായിരുന്നു. ജിഎസ്ടി പരിഷ്‌കരണത്തെത്തുടര്‍ന്ന് വിലയില്‍ 71,000 രൂപ വരെ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 3,780 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ വില്‍പന 1,902 യൂണിറ്റുകളായി കുറഞ്ഞു (ഏകദേശം 50 ശതമാനം ഇടിവ്).
