ആരാണ് ഏറ്റവും വലിയ സമ്പന്നന്‍ എന്ന പോരില്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്കിനെ മറികടന്ന് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇലോണ്‍ മസ്‌ക്കിനെ മറികടന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നനായതായി ബ്ലൂംബര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക വ്യക്തമാക്കി. 2020ന് ശേഷം ആദ്യമായാണ് മസ്‌ക്കിനെ സക്കര്‍ബര്‍ഗ് മറികടക്കുന്നത്. ചെലവ് കുറഞ്ഞ കാര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നിന്ന് ടെസ്ല പിന്മാറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ടെസ്ല ഓഹരിയില്‍ ഇടിവ് നേരിട്ടിരുന്നു. ഇതാണ് സമ്പന്നരുടെ പട്ടികയില്‍ മസ്‌ക് നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടാന്‍ കാരണം. എന്നാല്‍ ചെലവ് കുറഞ്ഞ കാര്‍ നിര്‍മ്മാണ പദ്ധതിയില്‍ നിന്ന് പിന്മാറി എന്ന റിപ്പോര്‍ട്ടുകള്‍ ഇലോണ്‍ മസ്‌ക് നിഷേധിച്ചു. ഈ വര്‍ഷം മസ്‌കിന്റെ ആസ്തിയില്‍ 4840 കോടി ഡോളറിന്റെ ഇടിവ് ആണ് നേരിട്ടത്. എന്നാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ 5890 കോടിയുടെ വര്‍ധന ഉണ്ടായി. മെറ്റ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ പ്രതിഫലിച്ചത്. നിലവില്‍ 18060 കോടി ഡോളറാണ് മസ്‌കിന്റെ മൊത്തം ആസ്തി. സക്കര്‍ബര്‍ഗിന്റെ മൊത്തം ആസ്തി 18690 കോടി ഡോളര്‍ വരും. ഈ വര്‍ഷം ടെസ്ല ഓഹരിയില്‍ 34 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. എസ് ആന്റ് പി 500 സൂചികയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് ടെസ്ല ഓഹരികളാണ്. ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് ചൈനയില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നത് അടക്കമുള്ള വിഷയങ്ങളാണ് ടെസ്ല ഓഹരിയെ സ്വാധീനിച്ചത്. അതേസമയം മെറ്റ ഓഹരിയില്‍ 49 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.