ദുബായിലെ ഏറ്റവും വിലയേറിയ വീട് വില്പനക്ക്. 7500 ലക്ഷം ദിര്‍ഹമാണ് വില. ഏകദേശം 1,700 കോടി രൂപ. ദുബൈയിലെ ഏറ്റവും ഉയര്‍ന്ന ചെലവില്‍ നിര്‍മിച്ച ആഡംബര വീടാണിത്. എമിറേറ്റ്സ് ഹില്‍സിന് സമീപമാണ് മാര്‍ബിള്‍ പാലസ് എന്ന ഈ വീട്. 60,000 ചതുരശ്ര അടിയാണ് വീടിനകത്തെ വിസ്തീര്‍ണം. അഞ്ചു പ്രധാന കിടപ്പുമുറികളേ ഉള്ളൂ. മുഖ്യ കിടപ്പുമുറിക്ക് ഒരു വലിയൊരു വീടിനോളം വലുപ്പമുണ്ട്. 4000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. രണ്ടാമത്തെ ഏറ്റവും വലിയ കിടപ്പുമുറി സ്യൂട്ട് 2,500 ചതുരശ്ര അടി വിസ്തൃതമാണ്. അതിഥി മുറികള്‍ക്ക് 1,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. താഴത്തെ നിലയില്‍ ഡൈനിംഗിനും വിനോദത്തിനുമായി പ്രത്യേകം വിശാലമായ മുറികളുണ്ട്. 15 കാറുകള്‍ പാര്‍ക്കു ചെയ്യാനുള്ള ഗാരേജ്, 19 ബാത്ത്റൂമുകള്‍, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പൂളുകള്‍, രണ്ടു ഡോമുകള്‍, ജിം, 80,000 ലിറ്റര്‍ കോറല്‍ റീഫ് അക്വേറിയം, ഒരു പവര്‍ സബ്സ്റ്റേഷന്, പാനിക് റൂമുകള്‍ എന്നീ സൗകര്യങ്ങളുമുണ്ട്. ഒരു മുറി വൈന്‍ റൂമാണ്. 25 പേര്‍ക്കു താമസിക്കാവുന്ന 12 സ്റ്റാഫ് റൂമുകളുമുണ്ട്. ഇതിനു പുറമേ രണ്ട് ബാങ്ക് നിലവറകളുമുണ്ട്. ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിച്ചാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷമെടുത്തു. 19-ആം നൂറ്റാണ്ടിലെയും 20-ആം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും വീടിനെ അലങ്കരിക്കുന്നു. ഫര്‍ണിച്ചറുകളും അലങ്കാര വസ്തുക്കളും ഉള്‍പ്പെടെയാണു വില്‍ക്കുന്നത്. നിര്‍മിച്ച ഉടമ വിവാഹമോചിതനായതുകൊണ്ടുകൂടിയാണ് ഈ വീട് വില്‍ക്കുന്നത്. വീടു വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ കോടീശ്വരനും എത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
ദുബായിലെ മാര്‍ബിള്‍ കൊട്ടാരം
