ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറുടെ കരുത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മനോജ് കെ ജയന്‍. ഏകദേശം ഒരു കോടി രൂപ എക്‌സ്‌ഷോറൂം വില വരും. 2 ലീറ്റര്‍ പെട്രോള്‍ എച്ച്എസ്ഇ മോഡല്‍ കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് താരം സ്വന്തമാക്കിയത്. കുറച്ചു നാളുകള്‍ക്ക് മുമ്പ് യുകെയില്‍ ടെസ്ല മോഡല്‍ 3 മനോജ് കെ ജയന്‍ സ്വന്തമാക്കിയിരുന്നു. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 221 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.4 സെക്കന്‍ഡ് മാത്രം മതി. 191 കിലോമീറ്ററാണ് പരമാവധി വേഗം. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍. നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2016ല്‍ വിടവാങ്ങിയ ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയില്‍ എത്തിയത്. ഒറിജിനല്‍ ലാന്‍ഡ് റോവര്‍ സീരിസില്‍ നിന്ന് വികസിപ്പിച്ച ഡിഫന്‍ഡര്‍ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാങ് ആണു പുതിയ ഡിഫന്‍ഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്‌റോഡിങ് സാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 291 മി.മീ. ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ കൂടാതെ മൂന്നു ലീറ്റര്‍ പെട്രോള്‍, മൂന്നു ലീറ്റര്‍ ഡീസല്‍, അഞ്ച് ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലും വാഹനത്തിനുണ്ട്.