തെന്നിന്ത്യയിലൊട്ടാകെ തരംഗമായി മാറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിരവധി കേന്ദ്രങ്ങളില്‍ ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. ആഗോളതലത്തില്‍ 236 കോടി നേടി കുതിക്കുന്ന ചിത്രം ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തമിഴില്‍ നിന്നും രജനികാന്ത് ചിത്രം ‘എന്തിരന്‍’, കന്നഡയില്‍ നിന്ന് കെജിഎഫ് പാര്‍ട്ട് 2, തെലുങ്കില്‍ നിന്ന് എസ് എസ് രാജമൗലിയുടെ ‘ബാഹുബലി പാര്‍ട്ട് 1’ എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പത്ത് കോടി നേട്ടം സ്വന്തമാക്കിയ മറ്റ് ചിത്രങ്ങള്‍. ഇതുവരെ മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. റിപ്പോര്‍ട്ട് പ്രകാരം 71.8 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തില്‍ നിന്നുമാത്രം നേടിയിരിക്കുന്നത്. 64കോടിയാണ് തമിഴകത്ത് നിന്ന് ഇതുവരെ സിനിമ സ്വന്തമാക്കിയത്. കര്‍ണാടക – 15 കോടി, ആന്ധ്രാപ്രദേശ് – 10.3 കോടി, റസ്റ്റ് ഓഫ് ഇന്ത്യ – 2.65 കോടി എന്നിങ്ങനെ ആണ് നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ ടോട്ടല്‍ 91.7 കോടി. ആകെ മൊത്തം ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 163.5 കോടിയാണ്. ഓവര്‍സീസില്‍ നിന്നും 72.5 കോടിയും ചിത്രം നേടി. അങ്ങനെ ആഗോളതലത്തില്‍ 236 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്.