ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍. 28 ലക്ഷം രൂപയാണ് ഈ ബൈക്കിന് വില. തമിഴ് സൂപ്പര്‍താരം അജിത്തിനൊപ്പം മഞ്ജു ലഡാക്കിലേക്ക് യാത്ര നടത്തിയിരുന്നു. ലഡാക്ക് ട്രിപ്പില്‍ അജിത്ത് ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് ബൈക്ക് ആണ് മഞ്ജു വാങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റുകളായാണ് ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്. പരമാവധി 136 ബിഎച്പി പവറില്‍ 143 എന്‍എം ടോര്‍ക് വരെ നല്‍കുന്ന 1254 സിസി ഇന്‍-ലൈന്‍ ബോക്സര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ വലിയ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മൂന്നു വര്‍ഷത്തെ അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടിയും മോഡലിനൊപ്പം ലഭ്യമാവും. ഹീറ്റഡ് ഗ്രിപ്പുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പവര്‍ സോക്കറ്റുകള്‍, 12 വോള്‍ട്ട് ഓണ്‍ ബോര്‍ഡ് സോക്കറ്റ്, 5 വോള്‍ട്ട് പവര്‍ സപ്ലൈയുള്ള യുഎസ്ബി-എ സോക്കറ്റ്, 6.5 ഇഞ്ച് കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ എന്നീ കിടിലന്‍ ഫീച്ചറുകളും മഞ്ജു വാര്യര്‍ സ്വന്തമാക്കിയ ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ സൂപ്പര്‍ ബൈക്കിലുണ്ട്. ലൈസന്‍സ് ലഭിക്കും മുമ്പേ ബൈക്ക് വാങ്ങിയിരുന്നുവെങ്കിലും ലൈസന്‍സ് കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കൂ എന്ന തീരുമാനത്തിലായിരുന്നു മഞ്ജു.