തൃശൂര്‍ ആസ്ഥാനമായ സ്വര്‍ണ വായ്പ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ കമ്പനിയായ ബെയിന്‍ ക്യാപിറ്റലിന്റെ നീക്കം അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമോട്ടര്‍മാരുടെ ഓഹരികളും പ്രിഫറന്‍ഷ്യല്‍ ഇഷ്യുവും കൂടാതെ നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരി സ്വന്തമാക്കുന്നതും വഴി മൊത്തം 46 ശതമാനത്തോളം ഓഹരികളാണ് ബെയ്ന്‍ ക്യാപിറ്റല്‍ സ്വന്തമാക്കുക. മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി നന്ദകുമാറിന് 35.25 ശതമാനം ഓഹരികളാണ് സ്ഥാപനത്തില്‍ ഉള്ളത്. ആദ്യഘട്ടത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമ്പോള്‍ ഓപ്പണ്‍ ഓഫര്‍ വഴി കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവസരം ബെയിന്‍ ക്യാപിറ്റലിന് ലഭിക്കും. ഇതുവഴി മൊത്തം 46 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. ശരാശരി 237-240 രൂപയ്ക്കാകും ഓഹരി വില്‍പ്പന. അതനുസരിച്ച് 9,000-10,000 കോടി രൂപയുടേതാകും ഇടപാട്. തുടക്കത്തില്‍ മണുപ്പറം ഫിനാന്‍സും ബെയിന്‍ ക്യാപിറ്റലും സംയുക്തമായിട്ടായിരിക്കും കമ്പനിയുടെ മേല്‍നോട്ടം നിര്‍വഹിക്കുക.