മെഴ്സിഡീസ് ബെന്‍സിന്റെ കരുത്തന് ഹാച്ച്ബാക്ക് മമ്മൂട്ടിയുടെ ഏറ്റവും പുതിയ വാഹനം. ചുവപ്പു നിറത്തിലുള്ള മെഴ്സിഡീസ് ബെന്‍സ് എംഎംജി എ 45 എസ് 4മാറ്റിക്കാണ് മമ്മൂട്ടിയുടെ ഗാരിജിലെ ഏറ്റവും പുതിയ അതിഥി. പുതിയ വാഹനത്തില്‍ വിമാനത്താവളത്തിലേക്കു മമ്മൂട്ടി എത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മെയ്ബ ജിഎല്‍എസ് 600ന് ശേഷം മമ്മൂട്ടിയുടെ ഗാരിജിലെത്തുന്ന പുതിയ ബെന്‍സാണ് ഈ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക്. ബെന്‍സ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ എഎംജി എ45ല്‍ രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. എക്ലാസ് ഹാച്ച്ബാക്കിന്റെ എഎംജി പതിപ്പാണ് ഇത്. പെര്‍ഫോമന്‍സ് അടിസ്ഥാനമായി നിര്‍മിച്ച കാറാണ് എംഎംജി എ 45 എസ്. 421 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.9 സെക്കന്‍ഡ് മാത്രം മതി. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 270 കിലോമീറ്റര്‍. ഏകദേശം 92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.