ബിജെപിയിൽ നിന്നും ഭരണം പിടിച്ചെടുത്ത ഹിമാചൽ പ്രദേശിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് കോൺഗ്രസ്. മല്ലികാർജ്ജുൻ ഖാർഗെ പാർട്ടി പ്രവർത്തകരേയും അഭിനന്ദനം അറിയിച്ചു. കൂട്ടായ പ്രവർത്തനം മൂലമാണ് ഹിമാചലിൽ വിജയം ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും വിജയത്തിന് സഹായകരമായി. സോണിയ ഗാന്ധിയുടെ അനുഗ്രഹവും, പ്രിയങ്കാ ഗാന്ധിയുടെ പ്രയത്നവും വിജയത്തിന് ഘടകങ്ങളായെന്നും ഖർഗെ കൂട്ടിച്ചേർത്തു.
39 സീറ്റുകൾ നേടിക്കഴിഞ്ഞ കോൺഗ്രസ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ നീക്കം തുടങ്ങിക്കഴിഞ്ഞു. പാർട്ടി എം എൽ എ മാരെ ഛത്തീസ്ഗട്ടിലേക്ക് മാറ്റുന്ന നടപടികൾ തുടങ്ങിക്കഴിഞ്ഞു. ബി ജെ പി തങ്ങളുടെ എം എൽ എ മാരെ അടർത്തിയെടുക്കും എന്നതിനാലാണ് സുരക്ഷിത സ്ഥങ്ങളിലേക്ക് അവരെ മാറ്റുന്നത് .
അട്ടിമറിയെ ഭയമില്ലെന്നും ബിജെപി പ്രവര്‍ത്തകരും കോൺഗ്രസിന് ഇത്തവണ വോട്ട് ചെയ്തെന്നുമാണ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗ് പ്രതികരിച്ചത്.
സംസ്ഥാനത്ത് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് . മുന്നിൽ നിന്ന് നയിച്ചത് സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗും.ഭാരത് ജോഡോ യാത്രയുമായി വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിക്ക് ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താൻ കഴിഞ്ഞിരുന്നില്ല.