യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ സ്വപ്നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26ന് പുറത്തിറങ്ങും. മലയാളിയുടെ പ്രിയ നടി അനുമോള്‍ ‘കുറുവമ്മാള്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അയാലി’ സീ 5 ഒറിജിനല്‍സിലാണ് എത്തുന്നത്. ‘വീരപ്പണ്ണായി ‘ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് കഥാ പശ്ചാത്തലം. അഭി നക്ഷത്രയും അനുമോളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ട് എപ്പിസോഡുകളായി പുറത്തിറങ്ങുന്ന അയാലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ‘അയാലി’ നവാഗതനായ മുത്തുകുമാറാണ് സംവിധാനം ചെയ്യുന്നത്. മുത്തുകുമാര്‍, വീണൈ മൈന്താന്‍, സച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അതിഥി താരമായി ലക്ഷ്മി പ്രിയ ചന്ദ്രമൗലി, സ്മൃതി വെങ്കട്, ഭഗവതി പെരുമാള്‍ എന്നിവരും എത്തുന്നു.