ബഫര്‍ സോണ്‍ സംബന്ധിച്ചു വ്യക്തമായ പഠനം നടത്താതെ സുപ്രീം കോടതിക്കു റിപ്പോര്‍ട്ടു സമര്‍പ്പിച്ചാല്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ വഴിയാധാരമാകുമെന്നു കേരള കാത്തലിക് ബിഷ്പസ് കോണ്‍ഫറന്‍സ്. സൂക്ഷമമായ പരിശോധന നടത്തുകയും പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ സമരത്തിനിറങ്ങോണ്ടിവരുമെ കെസിബിസി മുന്നറിയിപ്പു നല്‍കി. സര്‍ക്കാരിന്റെ നിലപാടുകളില്‍ കടുത്ത ആശങ്കയുണ്ടെന്നഅവര്‍ പറഞ്ഞു. താരമശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്തും.
സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന നിലവില്‍വന്നു. രണ്ടു ശതമാനം വില്‍പന നികുതിയാണ് വര്‍ദ്ധിപ്പിച്ചത്. സാധാരണ ബ്രാന്‍ഡുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്റെ മദ്യമായ ജവാന്‍ ലിറ്ററിന് 600 രൂപയില്‍നിന്ന് 610 ആയി. ബിയറിനും വൈനിനും രണ്ടു ശതമാനം വില്‍പന നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ നീല യൂണിഫോം വീണ്ടും കാക്കി യൂണിഫോമാക്കുന്നു. ജനുവരി മുതലാണു മാറ്റം. മാനേജ്‌മെന്റ് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി. യൂണിയന്‍ ഭേദമന്യേ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണിത്. സീനിയോറിറ്റിക്കനുസരിച്ച് ബാഡ്ജും ചിഹ്നങ്ങളും യൂണിഫോമില്‍ ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം തുടരും.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരന്‍ വീട്ടിലെ അംഗത്തേപ്പോലെ ഫയലുകള്‍ പരിശോധിച്ചശേഷം ചതിച്ചെന്നു കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബം. കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു സിപിഎമ്മില്‍ ചേര്‍ന്ന ശ്രീധരനു ഗൂഢാലോചനയിലും തെളിവുു നശിപ്പിക്കുന്നതിലും പങ്കുണ്ടെന്നും അതേക്കുറിച്ചും അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു.
പെരിയ ഇരട്ട കൊലക്കേസില്‍ ഒന്‍പത് പ്രതികളുടെ വക്കാലത്ത് താന്‍ ഏറ്റെടുത്തത് സിപിഎം നിര്‍ദ്ദേശമനുസരിച്ചല്ലെന്ന് അഡ്വ സികെ ശ്രീധരന്‍. പ്രതികളുടെ ബന്ധുക്കളാണ് തന്നെ വക്കാലത്ത് ഏല്‍പ്പിച്ചത്. താന്‍ പെരിയ കേസിന്റെ ഫയല്‍ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആര്‍.ജി ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യ ഷെര്‍ളിയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആര്‍ ജി ജിഷക്കെതിരേ പൊലീസ് കേസെടുത്തത്. അതേസമയം, യോഗത്തിനു മുമ്പേ എംഎല്‍എ അസഭ്യം പറഞ്ഞെന്നാണ് ജിഷ പൊലീസിനു മൊഴി നല്‍കിയത്. ചുമലില്‍ പിടിച്ച് തള്ളിയെന്നും മൊഴിയിലുണ്ട്.
തനിക്കെതിരെയുള്ള പരാതിക്കു പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് തോമസ് കെ തോമസ് എംഎല്‍എ. പാര്‍ട്ടി നേതൃത്വം തന്റെ പരാതികള്‍ പരിഗണിക്കുന്നില്ലെന്നും തോമസ് കെ തോമസ് ആരോപിച്ചു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സിഐക്കെതിരെ പീഡനപരാതി നല്‍കിയ വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി. വനിതാ ഡോക്ടര്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്കു പരാതി നല്‍കി. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ മുന്‍ സിഐ എ വി സൈജു ഭാര്യ മുഖേന നല്‍കിയ പരാതി കള്ളപ്പരാതിയാണെന്നാണ് ആരോപണം. പ്രതി സിഐയുടെ ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പേട്ട ക്രൈം ബ്രാഞ്ച് ഓഫീസില്‍ തന്നെ വിളിച്ചുവരുത്തി വനിതാ പൊലീസ് ഓഫീസറും പിന്നീട് ഫോണില്‍ ഡിവൈഎസ്പിയും പ്രതിയോടെന്ന പോലെയാണ് പെരുമാറിയതെന്നും വനിതാ ഡോക്ടര്‍ എഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
ബംഗളൂരുവില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സന്ദര്‍ശിച്ചു. ജര്‍മനിയിലെ ബര്‍ളിനില്‍ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.
ബ്രിട്ടനിലെ മലയാളി നഴ്‌സ് അഞ്ജുവിനെയും മക്കളേയും ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പൊലീസ്. സാജു പൊലീസിന്റെ കസ്റ്റഡിയിലാണ്. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നു പൊലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു. വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്‌സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് കൊല്ലപ്പെട്ടത്.
രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ മുന്നിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ക്രേസ് ബിസ്‌കറ്റ് ഫാക്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ കൃത്യമായ ദിശാബോധത്തോടെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കായംകുളം എം.എസ്.എം. കോളജില്‍ സപ്ലിമെന്ററി പരീക്ഷയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കായംകുളം മുറിയില്‍ പടിപ്പുര കിഴക്കതില്‍ വീട്ടില്‍ അബ്ദുള്‍ റഹിം മകന്‍ റാസിക്കിനെ (29) അറസ്റ്റു ചെയ്തു. അപമര്യാദയായി പെരുമാറിയ റാസിക്കിനെ മര്‍ദ്ദിച്ചവര്‍ക്കതിരെയും കേസെടുത്തു.
ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ മൂന്നു വിദേശികളെ നോയിഡയില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ രണ്ടു പേര്‍ നൈജീരിയക്കാരും ഒരാള്‍ ഘാന സ്വദേശിയുമാണ്. പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറന്‍സിയും ഇതു നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്‌പോര്‍ട്ടുകളും ഇവരില്‍ നിന്നു കണ്ടെടുത്തു. ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ വ്യാജ പാസ്‌പോര്‍ട്ടും ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. 1.81 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഡോളര്‍, യൂറോ എന്നിവയുടെ ഏകദേശം 13 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും ഇവരില്‍നിന്ന് കണ്ടെത്തി.
ഗുജറാത്ത് കലാപത്തിനിടെ തന്നെ ബലാല്‍സം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ വെറുതെ വിട്ടതിനെതിരെ ബില്‍ക്കീസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ബില്‍ക്കീസ് ബാനുവിന്റെ ആവശ്യം.
ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരെ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത്. ചിത്രം വിലക്കണമെന്ന് മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലിയാണ് ആവശ്യപ്പെട്ടത്. മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന പത്താന്‍ വിഭാഗത്തെ അപമാനിക്കുകയാണെന്നാണ് ആരോപണം.
മദ്യദുരന്തം ഒഴിവാക്കാന്‍ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബീഹാറിലെ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നല്ല മദ്യം കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
തിരുവനന്തപുരത്തിനടുത്ത് തമിഴ്‌നാട് തക്കലയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സംഭവ ശേഷം വീട്ടിലെത്തിയ ഭര്‍ത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിന്‍സയെ (31) ആണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് എബനേസര്‍ (35) ആശുപത്രിയിലാണ്.
റോഡരികില്‍ കാര്‍ നിര്‍ത്തി മൂത്രമൊഴിക്കാനിറങ്ങിയ അഭിഭാഷകനെ കത്തിമുനയില്‍ നിര്‍ത്തി മേഴ്‌സിഡസ് ബെന്‍സ് കാറുമായി കവര്‍ച്ചാ സംഘം കടന്നുകളഞ്ഞു. ഗുരുദഗ്രാം സെക്ടര്‍ 29 ഏരിയയിലാണ് സംഭവം. അഭിഭാഷകന്‍ അനൂജ് ബേദിയുടെ കാറാണ് നഷ്ടമായത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കോലങ്ങള്‍ കത്തിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ബിജെപി അറിയിച്ചു.
അതിര്‍ത്തി പ്രദേശങ്ങളായ ഗല്‍വാനിലും തവാങ്ങിലും സൈനികര്‍ ധൈര്യപൂര്‍വം പ്രതിയോഗികളെ നേരിട്ടെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. മറ്റു രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ചു സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പവര്‍ ആവുകയാണ് ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ ജവഹര്‍ലാല്‍ നെഹ്റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ്. ചൈന യുദ്ധത്തിനൊരുങ്ങുമ്പോള്‍ ഇന്ത്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശനിച്ചുകൊണ്ടാണ് ഈ പ്രസ്താവന.