പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന് സുപ്രിം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ മുതലെടുപ്പു നടത്തുന്നതു തെറ്റാണ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഗുജറാത്തില്‍ സദാചാര പൊലീസിംഗിന്റെ പേരില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവച്ചാണ് കോടതി ഉത്തരവ്.
അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. വ്യാപാര കമ്മിയിലെ വര്‍ദ്ധനയും കയറ്റുമതിയിലെ കുറവുമാണ് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ കാരണം. വ്യാപാരക്കമ്മി ഇക്കഴിഞ്ഞ മാസത്തോടെ 1989 കോടി ഡോളറായി വര്‍ധിച്ചു. 1,69,065 കോടി രൂപ. 1980 നു ശേഷമുള്ള ഏറ്റവും വലിയ വ്യാപാരക്കമ്മിയാണിത്.
ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. തിരുവന്തപുരത്തും കൊച്ചിയിലും കണ്ണൂരിലും സംഘര്‍ഷമുണ്ടായി. പോലീസിനെതിരേയും ആക്രമണമുണ്ടായി. കൊച്ചിയില്‍ കലൂര്‍ സ്‌റ്റേഡിയം ജംഗ്ഷനില്‍ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്ത പോലീസുകാരെ മര്‍ദിക്കുകയും തള്ളി വീഴ്ത്തി കാലില്‍ പിടിച്ചു വലിച്ചിഴയ്ക്കുകയുംചെയ്തു. ലിപിന്‍രാജ്, വിപിന്‍ എന്നീ പോലീസുകാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍. രണ്ടു പേരെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ പള്ളിയാന്‍മൂലയിലെ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു വെട്ടേറ്റു. അര്‍ധരാത്രിയോടെയാണു സംഭവം. അനുരാഗ്, ആദര്‍ശ്, അലക്‌സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമികളായ ആറുു പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പൊഴിയൂരിലെ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥനു പരിക്ക്. അക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. നാട്ടുകാര്‍ വലിയ സ്‌ക്രീന്‍ സ്ഥാപിച്ചു കളി കണ്ടുകൊണ്ടിരുന്നപ്പോള്‍ മദ്യപിച്ചെത്തിയ രണ്ടു യുവാക്കള്‍ അടിപിടിയുണ്ടാക്കി. ഇടപെട്ട പോലീസുകാരനേയും ആക്രമിച്ചു.
ലോകകപ്പ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴു വയസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വേദശി അക്ഷയ് ആണു മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറില്‍ പഞ്ഞിക്കെട്ട് മറന്നുവച്ച് തുന്നിക്കെട്ടിയെന്ന് പരാതി. ചമ്പക്കുളം നടുഭാഗം സ്വദേശിനിയായ ലക്ഷ്മിയുടെ പ്രസവ ശസ്ത്രിക്രിയ കഴിഞ്ഞ് ഒരു മാസമായിട്ടും പഴുപ്പും വേദനയും രൂക്ഷമായതോടെ വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോഴാണ് പഞ്ഞിക്കെട്ടു കണ്ടെത്തിയതെന്നു കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു.
ടൈറ്റാനിയം ജോലി തട്ടിപ്പു കേസില്‍ കൂടുതല്‍ പേര്‍ പരാതികളുമായി എത്തുന്നു. 29 പേരില്‍നിന്ന് ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ദിവ്യ നായരുടെ ഡയറിക്കുറിപ്പ് ആധാരമാക്കി പോലീസ് പറഞ്ഞു. ശ്യാംലാലും പണം നേരിട്ട് വാങ്ങി. ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ചിരുന്നത് ശ്യാംലാലാണ്. ടൈറ്റാനിയത്തില്‍ ഇന്റര്‍വ്യൂനായി എത്തിയവരെ വിശ്വസിപ്പിക്കാന്‍ വേണ്ടതെല്ലാം ശശികുമാരന്‍ തമ്പി ചെയ്‌തെന്നും പൊലീസ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ വാലായി നിന്നിരുന്ന മുസ്ലീലിംഗില്‍ ചിന്താഗതികള്‍ക്കു മാറ്റമുണ്ടെന്ന് ഐഎന്‍എല്‍ നേതാവും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍. എല്‍ഡിഎഫിലേക്ക് മുസ്ലിം ലീഗ് വരുന്ന സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ നിലപാട് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മതേതര ചന്താഗതിയുള്ളവരുടെ കൂട്ടായ്മ ഉയര്‍ന്നുവരണം. അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരോടു ചെയ്തത് കൊലച്ചതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉപഗ്രഹ സര്‍വേ സ്വീകാര്യമല്ല. കര്‍ഷകരെ സംരക്ഷിക്കണം. സീറോ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണം. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളെ കേരള സര്‍ക്കാര്‍ മാതൃകയാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കാലിക്കട്ട് സര്‍വകലാശാലയുടെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹനാണ് മരിച്ചത്.
കേരളത്തിനു കൂടുതല്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാംഗമായ വി. ശിവദാസന്‍ റെയില്‍വേ മന്ത്രിക്കു കത്തു നല്‍കി. ദില്ലി,ബെംഗളൂരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകള്‍ വേണം. വിമാനയാത്രക്കൂലി കുത്തനെ ഉയര്‍ന്നതോടെ വ്യോമയാത്ര അപ്രാപ്യമാണെന്നും നിവേദത്തില്‍ പറയുന്നു.
ലോകകപ്പ് നേടിയ അര്‍ജന്റീനയെ അഭിനന്ദിച്ചും തോറ്റ ഫ്രഞ്ച് ടീമിനെ ആശ്വസിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. ട്വിറ്ററില്‍ അര്‍ജന്റീനയുടെ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിനെ ടാഗ് ചെയ്തു. ഫ്രാന്‍സിനെ ആശ്വസിപ്പിക്കുന്ന ട്വീറ്റും മോദി നടത്തി.
ഉടന്‍ വിരമിക്കില്ലെന്ന് അര്‍ജന്റീനയുടെ നായകന്‍ ലിയോണല്‍ മെസി. അടുത്ത ലോകകപ്പിലും മെസിക്ക് ഇടമുണ്ടെന്ന് കോച്ച് ലിയോണല്‍ സ്‌കലോണിയും പറഞ്ഞു. തുടരെ മൂന്നു വര്‍ഷം മൂന്നു ഫൈനലുകളില്‍ അര്‍ജന്റീന വീണപ്പോള്‍ വിരമിക്കുകയാണെന്നു മെസി പൊട്ടിക്കരഞ്ഞു പ്രഖ്യാപിച്ചിരുന്നു.
റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. 26 മത്സരങ്ങളുമായി ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങളെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കി. ജര്‍മ്മനിയുടെ ഇതിഹാസതാരം ലോതര്‍ മത്തേയൂസിന്റെ റിക്കാര്‍ഡാണ് തിരുത്തിയത്. ഫൈനലില്‍ 23-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളോടെ നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. ഏറ്റവുമധികം സമയം ലോകകപ്പില്‍ കളിച്ച താരവുമായി. 2216 മിനുറ്റുകള്‍ ലോകകപ്പില്‍ കളിച്ച ഇറ്റാലിയന്‍ പ്രതിരോധ താരം പൗളോ മാള്‍ഡീനിയുടെ റെക്കോര്‍ഡാണ് മെസി തിരുത്തിയത്. രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഏകതാരമാണ ഈ മുപ്പത്തഞ്ചുകാരന്‍.
ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിനു തൊട്ടുമുമ്പ് മെസിയെ ബിഷ്ത് ധരിപ്പിച്ച് ഖത്തര്‍ അമീര്‍. സവിശേഷ അവസരങ്ങളില്‍ മാത്രം ധരിക്കുന്ന പരമോന്നത ഖത്തറി ഗൗണാണ് ബിഷ്ത്. ഒട്ടകത്തിന്റെയും ആടിന്റെയും രോമങ്ങള്‍കൊണ്ടു നിര്‍മിച്ചതാണിത്. ഭരണാധികാരികള്‍ക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ഷെയ്ഖുമാരും വിവാഹം, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരം എന്നിവക്കാണ് ഇത് ധരിക്കുന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയും ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചേര്‍ന്നാണ് സമ്മാനവിതരണം നടത്തിയത്.
ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീനയുടെ ഗോളി മാര്‍ട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചതിനെതിരേ വിവാദം. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമംഗങ്ങള്‍ക്ക് അരികിലേക്കു നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്‌കാരം വച്ച് മാര്‍ട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചത്.