തിരുവന്തപുരം കോര്‍പറേഷനിലെ നിയമന ശുപാര്‍ശക്കത്ത് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു. നിയമനം നടത്താത്തതിനാല്‍ സര്‍ക്കാരിനു നഷ്ടമുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയും അന്വേഷിക്കുന്നില്ല. മേയറുടെ കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താനായില്ല, മേയര്‍ കത്തെഴുതിയില്ലെന്നാണ് മൊഴി എന്നീ വാദങ്ങളും വിജിലന്‍സ് നിരത്തിയിട്ടുണ്ട്.
കോവളത്ത് വിദേശ വനിതയെ ലഹരിമരുന്നു നല്‍കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.
ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നല്‍കിയ ഹര്‍ജിയും തളളി.
വിഴിഞ്ഞം സമരത്തിലെ ആക്രമണ കേസുകളില്‍ പ്രതികളായ ആയിരത്തോളം പേരുടെ വിലാസം ഉള്‍പ്പെടെ പട്ടിക തയ്യാറാക്കി പോലീസ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ വേറെ സംഘവുമുണ്ട്.
ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരമെന്നു വര്‍ഗിയവത്കരിക്കുന്നത് കേരളത്തിന്റെ
സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സമരക്കാരെ രാജ്യദ്രോഹികളും തീവ്രവാദികളുമായി ചിത്രീകരിക്കുന്നത് യഥാര്‍ഥ പ്രശ്‌നം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ കര്‍ഷക സമരത്തോടു ചെയ്തതുതന്നെയാണ് പിണറായി വിജയന്‍ വിഴിഞ്ഞം സമരത്തോടു ചെയ്യുന്നതെന്ന് തീരഗവേഷകനും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ.ജെ.വിജയന്‍. വിഴിഞ്ഞം സമരത്തിനു പിന്നില്‍ തീവ്രവാദികളെന്ന് ആരോപിക്കുന്നത് സര്‍ക്കാരിന്റെ ദൗര്‍ബല്യം കൊണ്ടാണ്. വിഴിഞ്ഞം പദ്ധതിക്കു പിറകില്‍ ഗൂഢസംഘമെന്ന് ആരോപിച്ച് എ.ജെ.വിജയന്‍ ഉള്‍പ്പടെ ഒന്‍പതു പേരുടെ ചിത്രം സിപിഎം മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു.
വിഴിഞ്ഞം സമരത്തില്‍ തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് സഹോദരന്‍തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞതാണ്. സമരസമിതിയുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം സമരം ഇപ്പോള്‍ വെജിറ്റേറിയനാണ്; അതിനെ പിണറായി നോണ്‍ വെജിറ്റേറിയനാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. 450 കോടി രൂപയുടെ പാക്കേജിനായി മത്സ്യതൊഴിലാളികള്‍ ആറര വര്‍ഷം കാത്തിരുന്നു. അത് കിട്ടാത്തതിനാലാണ് തുറമുഖമേ വേണ്ടെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. സംഘപരിവാറിനെ കൂട്ടുപിടിച്ച് വര്‍ഗീയതയും രാജ്യദ്രോഹവും ആരോപിക്കുകന്നത് അധ:പതനാണ്. മുരളീധരന്‍ പറഞ്ഞു.
മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശത്തെ അപലപിച്ച് മുസലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ വാക്കുകള്‍ ശ്രദ്ധയോടെ പ്രയോഗിക്കണം. അപക്വമായ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുന്നു. എന്നാല്‍ അതിനെതിരെ രാജ്യത്തു കുഴപ്പങ്ങളുണ്ടാക്കാന്‍ ലീഗ് ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സിബിഐയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി. പ്രതികളുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്കു നിര്‍ദ്ദേശം നല്‍കിയ സുപ്രീം കോടതി, നാലാഴ്ചയ്ക്കകം ഹര്‍ജിയില്‍ തീര്‍പ്പാക്കാനും നിര്‍ദ്ദേശം നല്‍കി. അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ട കോടികള്‍ ഉടനേ തിരിച്ചു നല്കിയില്ലെങ്കില്‍ കേരളത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കോര്‍പ്പറേഷന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും 24 മണിക്കൂറിനകം തിരിച്ചു നല്‍കിണം. ബാങ്കിനു മുന്നില്‍ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ സമരം ശക്തമാക്കി. കോര്‍പറേഷന്‍ വളഞ്ഞാണ് സമരം. പ്രതിഷേധത്തില്‍ ആവിക്കല്‍ത്തോട് പ്ലാന്റിനെതിരായി സമരം ചെയ്യുന്നവരും അണിനിരന്നു. സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ അറസ്റ്റു ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക വര്‍ഗ പീഡന നിരോധന നിയമമനുസരിച്ചു കേസെടുക്കാന്‍ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ഉത്തരവിട്ടു. ഉപ്പുതറ കണ്ണംപടി സ്വദേശി സരുണ്‍ സജിക്കെതിരെയാണ് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്.
‘ഹിഗ്വിറ്റ’ സിനിമയുടെ പേരു മാറ്റണമെന്ന് ഫിലിം ചേംമ്പര്‍. ഹിഗ്വിറ്റ എന്ന പേരു നിലനിര്‍ത്തണമെങ്കില്‍ എന്‍. എസ് മാധവന്റെ അനുമതിപത്രം വാങ്ങണമെന്നും നിര്‍ദേശം നല്‍കി. സിനിമയുടെ പേരു മാറ്റുകയാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചു. മാധവന്‍ ചെറുകഥയ്ക്ക് ഹിഗ്വിറ്റ എന്നു പേരിട്ടത് ആരോട് അനുമതി വാങ്ങിയിട്ടാണെന്നു സംവിധായകന്‍ വേണു ചോദിച്ചു.
ആറ്റിങ്ങല്‍ സൂര്യ കൊലക്കേസില്‍ വിചാരണ നടപടി പൂര്‍ത്തിയാകാനിരിക്കെ പ്രതി വീട്ടില്‍ തൂങ്ങി മരിച്ചു. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനില്‍ ഷിജു (33) വാണ് മരിച്ചത്.
ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് തെറിച്ചു വീണ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. നെയ്യാറ്റിന്‍കര അരങ്ക മുകള്‍ സ്വദേശി മന്യയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മന്യ. ബസ് നിര്‍ത്താതെ പോയി.
ഒരു ലിറ്റര്‍ കള്ള് കുടിക്കാനാണ് പൊലീസിനെ വെട്ടിച്ച് ഓടിയതെന്നാണ് പൊലീസ് സംരക്ഷണത്തോടെ പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി ജോമോന്‍. വയോധികരായ മാതാപിതാക്കളെ കാണാനാണ് ഒരു ദിവസത്തെ പരോളില്‍ പോലീസ് കാവലോടെ ഇടുക്കി രാജാക്കാട് പൊന്മുടിയില്‍ എത്തിയത്. മാതാപിതാക്കളെ കണ്ടശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു.
കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാല വധക്കേസിലെ സൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ കസ്റ്റഡിയില്‍. ഇയാള്‍ കാലിഫോര്‍ണിയയിലാണു പിടിയിലായത്. കനേഡിയന്‍ ഗുണ്ടാ നേതാവാണ് ഇയാള്‍. ഇയാളെ വിട്ടുകിട്ടാന്‍ എന്‍ ഐഎ ഉടനേ നടപടികള്‍ ആരംഭിക്കും.