ബഫര്‍സോണ്‍ ഭീഷണിയില്‍ മലയോരങ്ങളിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍. ബഫര്‍ സോണ്‍ സംബന്ധിച്ച ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്മേല്‍ പരാതിപ്പെടാന്‍ പത്തു ദിവസത്തെ സമയമാണ് അനുവദിച്ചത്. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോര്‍ട്ടിലുളളൂ. ജനവാസ മേഖലകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. മലയോരവാസികള്‍ക്കു മനസിലാക്കാന്‍ കഴിയാത്ത വിധത്തിലാണു റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം.
ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. ഉപഗ്രഹ പരിശോധനയിലെ പിഴവുകള്‍ പരിഹരിക്കാന്‍ നേരിട്ടുള്ള സ്ഥലപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്കു സമര്‍പ്പിക്കാനാണ് സംസ്ഥാനം ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്.
ബഫര്‍ സോണ്‍ സമരപ്രഖ്യാപനം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയത്. പ്രാഥമിക സ്ഥിതിവിവര കണക്കു മാത്രമാണ് ഉപഗ്രഹ സര്‍വേയില്‍ ലഭ്യമായത്. പഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങും. ഉപഗ്രഹ സര്‍വ്വേയില്‍ ആശയക്കുഴപ്പങ്ങള്‍ കൂടതലുള്ള സ്ഥലങ്ങളില്‍ കമ്മീഷന്‍ സിറ്റിംഗ് നടത്തും. ആക്ഷേപമുള്ളവര്‍ക്കു പരാതി നല്‍കാമെന്നും മന്ത്രി പറഞ്ഞു.
ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചിട്ടുണ്ട്. സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയും കൃത്യതയും വേണം. വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളിലെ അവ്യക്തത നീക്കണം. പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകത പഠിക്കാന്‍ സ്വന്തം നിലയ്ക്ക് ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങി കര്‍ഷകര്‍. കേരള സ്വതന്ത്ര കര്‍ഷക സംഘടനയാണ് വയനാട്, കോഴിക്കോട് ജില്ലകളില്‍ ഹെല്‍പ് ഡസ്‌ക് തുടങ്ങിയത്. മറ്റു വില്ലേജുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും.
ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കിയ ബില്‍ നിയമസഭ പാസാക്കിയെങ്കിലും സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചില്ല. നിയമ വകുപ്പിന്റെ പരിശോധനയിലാണു ബില്‍. അതേസമയം മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള ബില്‍ സര്‍ക്കാര്‍ രാജ്ഭവനു കൈമാറി.
ക്രിസ്മസ് വിരുന്നിനു ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. പക്ഷെ നിയമം പാലിച്ചേതീരൂ. വ്യക്തിപരമായ താത്പര്യങ്ങള്‍ ഇല്ല. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നവതലമുറ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സ്റ്റാര്‍ട്ടപ്പ് ഹബ് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളില്‍നിന്നടക്കം മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
കെപിസിസി പുനസംഘടന താഴെതട്ടില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നടപ്പാക്കുമെന്ന് കെ മുരളീധരന്‍ എംപി. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലം വരെ സമ്പൂര്‍ണ പുനസംഘടന നടത്തും. കെപിസിസി പുനസംഘടന സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ ഭാരവാഹികളുടെ യോഗമുണ്ട്. മരളീധരന്‍ പറഞ്ഞു.
എന്‍സിപി നേതാവ് ആര്‍ ബി ജിഷയെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും ഭാര്യ ഷേര്‍ളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പി അന്വേഷിക്കും. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന ചട്ടപ്രകാരമാണ് ഈ നടപടി.
കൊണ്ടോട്ടിയില്‍ കൂറ്റന്‍ മരങ്ങള്‍ റോഡിനകത്താക്കി ടാറിട്ടതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 120 കോടി രൂപ മുടക്കി മലപ്പുറം കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡ് വികസനത്തിലാണ് ഈ സംഭവം. റോഡിന്റെ ഇരുവശത്തുമായി നാന്നൂറോളം മരങ്ങളുണ്ട്.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് കൊരട്ടി റെയില്‍വേ സ്‌റ്റേഷനില്‍ ചാടിയിറങ്ങിയ രണ്ടു കൗമാരക്കാര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം.
തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്കു മേയര്‍ അയച്ചെന്ന് ആരോപിക്കപ്പെടുന്ന കത്തിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഒഴിവുകള്‍ നികത്താന്‍ പാര്‍ട്ടി സെക്രട്ടറിക്കു കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും പോലീസ് അന്വേഷണത്തെ വിശ്വസിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റില്‍ സൈനികരെ നായ്ക്കളോട് ഉപമിച്ചു കമന്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്പെന്‍ഷന്‍. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസിലെ ഡ്രൈവര്‍ ടി. സുജയ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തൃശൂരില്‍ കുതിരാന്‍ തുരങ്കത്തിനു സമീപത്ത് ഇന്നലെ ഉദ്ഘാടനം ചെയ്ത വഴുക്കുമ്പാറ മേല്‍പ്പാലത്തിന്റെ കല്‍ക്കെട്ടില്‍ വിള്ളല്‍. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കല്‍ക്കെട്ട് മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ദേശീയപാത അതോറിറ്റി നിര്‍മ്മിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ആലപ്പുഴയില്‍ അടുത്തടുത്തുള്ള രണ്ട് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. ആലപ്പുഴ അറവുകാട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളും തൊട്ടടുത്ത ഐടിസിയിലെ വിദ്യാര്‍ത്ഥികളുമാണ് ഏറ്റുമുട്ടിയത്. ഇന്നലെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ ശേഷമാണ് സംഘര്‍ഷം ഉണ്ടായത്.
ശബരിമല പാതയിലെ പ്ലാപ്പള്ളിയില്‍ വനം വകുപ്പ് ജീവനക്കാര്‍ ഹോട്ടല്‍ നടത്തുന്നു. തിരുവല്ല സ്വദേശിയുടെ പേരിലാണ് വനം വകുപ്പ് ജീനക്കാര്‍ ഹോട്ടല്‍ ലേലത്തിനെടുത്തത്. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട വാട്‌സ്ആപ് ചാറ്റുകള്‍ പുറത്തുവന്നതോടെ മുന്നു വനംവകുപ്പു ജീവനക്കാരെ സ്ഥലം മാറ്റി. 14 ജീവനക്കാരുടെ പങ്കാളിത്തമുള്ള ഹോട്ടലില്‍ ദിവസേനെ 25,000 രൂപയുടെ ബിസിനസുണ്ട്. ലാഭവീതം പങ്കുവയ്ക്കുന്നതിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് വിവരം പുറത്തായത്.
അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് കണ്ണൂര്‍ ചാവശ്ശേരി പത്തൊമ്പതാം മൈലില്‍ അയല്‍വാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. ടി എന്‍ മൈമൂനയ്ക്കാണ് കഴുത്തില്‍ വെട്ടേറ്റത്.
ബ്രിട്ടനിലെ കെറ്ററിംഗില്‍ മലയാളി നഴ്‌സായ യുവതിയും രണ്ടു കുഞ്ഞുമക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയിലായി. വൈക്കം സ്വദേശിനി അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശി ചേലപാലില്‍ സാജു (52) വിനെയാണ് പോലീസ് പിടികൂടിയത്.
എട്ടുകിലോ കഞ്ചാവുമായി യുവാവ് ആലപ്പുഴയില്‍ പിടിയില്‍. തിരുവനന്തപുരം കവടിയാര്‍ കുറവംകോണം സ്വദേശി സംഗീത് (29) ആണ് പിടിയിലായത്.
ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന മുംബൈ നഗരത്തിലെ ചേരിപ്രദേശങ്ങള്‍ ഷീറ്റും വലിയ ഫ്‌ള്ക്‌സ് ബോര്‍ഡുകളും ഉപയോഗിച്ച് മറച്ചു. ജി 20 ഉച്ചകോടിയുടെ ഭാഗമായി എത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരികളാണ് മറച്ചത്. നഗരത്തിന്റെ പല സ്ഥലങ്ങളിലും കൂറ്റന്‍ ഷീറ്റുകളും പരസ്യ ബോര്‍ഡുകളും ഉയര്‍ത്തിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തില്‍. 42 ജില്ലകളിലായി 2798 കിലോമീറ്റര്‍ പിന്നിട്ടു. കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിപി ‘യാത്രയുടെ 100 ദിനങ്ങള്‍’ എന്നാക്കി. യാത്ര ഇപ്പോള്‍ രാജസ്ഥാനിലാണ്.
ജമ്മു കാഷ്മീരിലെ രജൗരിയില്‍ ഭീകരര്‍ നാട്ടുകാരായ രണ്ടുപേരെ വെടിവച്ചുകൊന്നു. സൈനിക ക്യാംപിലെ ചുമട്ട് തൊഴിലാളികളായ ഷൈലേന്ദര്‍ കുമാര്‍, കമല്‍ കിഷോര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
ഹിപ്പൊപൊട്ടാമാസ് രണ്ടു വയസുകാരനെ വിഴുങ്ങി. അടുത്ത നിമിഷം ജീവനോടെത്തന്നെ ഛര്‍ദിക്കുകയും ചെയ്തു. ഉഗാണ്ടയിലെ കത്വെ കബറ്റോറോ എന്ന സ്ഥലത്താണ് സംഭവം. കുട്ടിയെ വിഴുങ്ങുന്നതു കണ്ട നാട്ടുകാര്‍ കണ്ടാമൃഗത്തിനുനേരെ കല്ലെറിയാന്‍ തുടങ്ങിയതോടെയാണ് കുഞ്ഞിനെ ഛര്‍ദിച്ചത്.
തന്റെ മരണത്തെച്ചൊല്ലി ആരും കരയരുതെന്നും ഖബറില്‍ ഖുറാന്‍ വായിക്കരുതെന്നുമാണ് അന്ത്യാഭിലാഷമെന്ന് ഇറാനില്‍ വധശിക്ഷ നടപ്പാക്കപ്പെട്ട 23 വയസുകാരന്‍ രഹനവാര്‍ഡ്. ഭരണകൂട വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ വധശിക്ഷക്കു വിധേയനായ യുവാവിന്റെ അന്ത്യാഭിലാഷം വിളിച്ചുപറയുന്ന വീഡിയോ സാമൂഹ്യ മാധ്യങ്ങളില്‍ പ്രചരിക്കുന്നു.