ദീര്‍ഘകാല ഏകാന്തത ഒരു വ്യക്തിയുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കാം. അടുത്തിടെ ടിയാന്‍ജിന്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഏകാന്തത ഹൃദയാരോഗ്യത്തെയും ബാധിക്കാമെന്ന് നിരീക്ഷിച്ചു. സാമൂഹിക സമ്മര്‍ദമുള്ള സാഹചര്യങ്ങളില്‍ ഏകാന്തത ഹൃദയമിടിപ്പ് കുറയ്ക്കാന്‍ കാരണമാകുന്നു. ഇത് ഹൃദയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനക്ഷമതയെ വലിയതോതില്‍ ബാധിക്കും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാത സാധ്യത എന്നിവ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിലേക്കും നയിച്ചേക്കാമെന്നും ബയോളജിക്കല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 17 നും 29 നും ഇടയില്‍ പ്രായമുള്ള 97 കോളജ് വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. ന്യൂറോട്ടിസിസം, സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ വലുപ്പം, ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാനസികാവസ്ഥ എന്നിവ വിലയിരുത്തിയാണ് ഇവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെ അളവ് മനസിലാക്കിയത്. ഏകാന്തത അനുഭവപ്പെടുന്നവരില്‍ സാമൂഹിക സമ്മര്‍ദത്തിനിടയില്‍ ഹൃദയമിടിപ്പ് വ്യതിയാന പ്രതിപ്രവര്‍ത്തനം കുറയുന്നതായി കണ്ടെത്തി. ഇത്തരം വ്യക്തികളില്‍ ഹൃദയ സംബന്ധമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഓട്ടോണമിക് നാഡീവ്യൂഹം ഫലപ്രദമല്ലെന്ന് ഇത് സൂചിപ്പിക്കുന്നു. സമ്മര്‍ദത്തോടുള്ള പ്രതികരണമായി ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഹൃദയ പ്രതിരോധം തുടങ്ങിയവ മുന്‍ പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഹൃദയമിടിപ്പിന്റെ വ്യതിയാനം വലിയതോതില്‍ അവഗണിക്കപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.