മൂന്ന് ചിത്രങ്ങളോടെ എല്‍സിയു അവസാനിപ്പിക്കുമെന്ന് അറിയിച്ച് ലോകേഷ് കനകരാജ്. ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് രജനികാന്തിനെ നായകനാക്കിയൊരുക്കുന്ന ‘കൂലി’. ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍. ‘എല്‍സിയുവിന്റെ ഭാഗമായി ഉടന്‍ തന്നെ കൈതി 2 ആരംഭിക്കും. അതിന് ശേഷം റോളക്സിന്റെ സ്റ്റാന്‍ഡ് എലോണ്‍ സിനിമ ചെയ്യും. റോളക്സിന്റെ സിനിമ ചെയ്താല്‍ മാത്രമേ വിക്രം 2 ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എല്‍സിയു അവസാനിക്കും’- ലോകേഷ് വ്യക്തമാക്കി. 2019 ല്‍ പുറത്തിറങ്ങിയ കാര്‍ത്തി ചിത്രം കൈതിയിലൂടെയാണ് ലോകേഷ് എല്‍സിയുവിന് തുടക്കമിട്ടത്. വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയാണ് എല്‍സിയുവിന്റെ ഭാഗമായി ഒടുവില്‍ പുറത്തിറങ്ങിയത്. അതേസമയം എല്‍സിയുവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘ചാപ്റ്റര്‍ സീറോ’ എന്നാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പേര്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.