തെന്നിന്ത്യന്‍ സിനിമയില്‍ ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’ ഉണ്ടാക്കിയ ഓളം അത്ര ചെറുതല്ല. ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമാ പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒക്ടോബര്‍ 31 മുതല്‍ ജിയോ ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഏഴ് ഭാഷകളിലാകും ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തിയത്. നസ്ലിന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തിയിരുന്നു.
