പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്. ഇതിന്റെ ഭാഗമായി പ്രമുഖ കമ്പനികളെ ഏറ്റെടുക്കുന്നതിന്റെ സാധ്യതകള്‍ എല്‍ഐസി തേടിയതായാണ് വിവരം. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കോമ്പോസിറ്റ് ഇന്‍ഷുറന്‍സ് കമ്പനികളെ കൂടി അനുവദിക്കാമെന്ന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് എല്‍ഐസിയുടെ നീക്കം. ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് ഇതര പോളിസികളും ( ട്രാവല്‍ , മോട്ടോര്‍ ഇന്‍ഷുറന്‍സ്) നല്‍കുന്ന കമ്പനികളാണ് കോമ്പോസിറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍. കേന്ദ്രത്തില്‍ വരാന്‍ പോകുന്ന പുതിയ സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് എല്‍ഐസി ചെയര്‍മാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ചില മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് പ്രാവീണ്യം കുറവാണെങ്കിലും ഈ മേഖലയിലേക്ക് കടക്കാന്‍ ഏറെ താത്പര്യമുണ്ട്. ഫെബ്രുവരിയില്‍ പാര്‍ലമെന്ററി സമിതിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കോമ്പോസിറ്റ് ഇന്‍ഷുറന്‍സ് ലൈസന്‍സുകള്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്. ചെലവ് ചുരുക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ഇത്തരം ലൈസന്‍സുകള്‍ അനുവദിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.