അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ 5,000 കോടി രൂപയുടെ ബോണ്ട് ഇഷ്യു പൂര്‍ണമായും ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്. 7.75 ശതമാനം പലിശ നിരക്കിലാണ് ബോണ്ടുകള്‍ ഏറ്റെടുത്തിരിക്കുന്നത്. 15 വര്‍ഷത്തെ കാലാവധിയുളള ബോണ്ടുകളാണ് ഇവ. അദാനി പോര്‍ട്ട്സില്‍ എല്‍.ഐ.സിക്ക് 8.06 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മറ്റ് അദാനി കമ്പനികളിലും എല്‍.ഐ.സിക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഇന്ത്യന്‍ കടപ്പത്ര വിപണിയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളില്‍ ഒന്നാണ് എല്‍.ഐ.സി. 2025 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇന്ത്യന്‍ കമ്പനികളുടെ ബോണ്ട് ഇഷ്യൂകളില്‍ 80,000 കോടി രൂപയാണ് എല്‍.ഐ.സി നിക്ഷേപിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ധനയാണ് ഇത്. അതേസമയം, 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ എല്‍.ഐ.സി ലാഭത്തില്‍ 38 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ സ്ഥാപനത്തിന്റെ അറ്റാദായം 19,013 കോടി രൂപയാണ്. വരുമാനം നാലാം പാദത്തില്‍ 3 ശതമാനം കുറഞ്ഞ് 1,47,586 കോടി രൂപയായി.