രാവിലെ എഴുന്നേറ്റ് കുറച്ചുസമയം നടക്കുന്ന ശീലം ഏത് പ്രായക്കാര്‍ക്കും പതിവാക്കാവുന്ന ഒരു വ്യായാമമാണ്. ഉറക്കത്തില്‍ നിന്നുണര്‍ന്ന് വിശ്രമം അവസാനിപ്പിച്ചുകൊണ്ട് രാവിലെ നടക്കാനിറങ്ങുമ്പോള്‍ അത് ചയാപചയ സംവിധാനത്തെയും ഉണര്‍ത്തും. കൂടുതല്‍ വേഗത്തില്‍ കലോറി കത്തിക്കാന്‍ ഇതുവഴി ശരീരത്തിനാകും. മിതമായ വേഗത്തില്‍ അര മണിക്കൂറെങ്കിലും നടന്നാല്‍ പോലും 150 കലോറി വരെ കത്തിച്ചുകളയാന്‍ കഴിയും. രാവിലെ കട്ടിലിന്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പുതന്നെ ശരീരം പണി ആരംഭിക്കും. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും ഉയരാനും എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാനും തുടങ്ങും. പ്രഭാത നടത്തം ഹൃദയമിടിപ്പും രക്തസമ്മര്‍ദവുമെല്ലാം നിയന്ത്രണത്തില്‍ നിര്‍ത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രോഗങ്ങളൊന്നും അലട്ടാതെ ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. രാവിലെയുള്ള നടത്തം ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ഊര്‍ജവും കരുത്തും ഫ്‌ളെക്‌സിബിലിറ്റിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമാണ്. ദിവസവുമുള്ള നടത്തവും പോഷക സമ്പുഷ്ടമായ ഭക്ഷണവും എല്ലുകളെ ശക്തിപ്പെടുത്തും. 50 വയസ്സ് പിന്നിട്ടവര്‍ക്ക് എല്ലുകള്‍ നശിക്കുന്നതിന്റെ നിരക്ക് വര്‍ധിക്കുന്നതുമൂലം ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങളുണ്ടാകും. ഇത്തരം അവസ്ഥകള്‍ വൈകിപ്പിക്കാനും ദീര്‍ഘകാലം ആരുടെയും സഹായമില്ലാതെ നടക്കാനുമൊക്കെ ആഗ്രഹിക്കുന്നവര്‍ ഇനി ദിവസവും രാവിലെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങണം. ശരീരത്തിന് മാത്രമല്ല മനസ്സിനും നടത്തം നല്ലതാണ്. ഇളം വെയ്‌ലൊക്കെ ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ച് നടക്കുമ്പോള്‍ മനസ്സിനെ തളര്‍ത്തുന്ന സമ്മര്‍ദം, ഉത്കണ്ഠ എന്നിവയെയൊക്കെ കുറയ്ക്കാന്‍ സാധിക്കും. സന്തോഷം നല്‍കുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിച്ച് മൂഡ് മെച്ചപ്പെടുത്താന്‍ നടത്തം സഹായിക്കും.