പോകാം, ലക്ഷദ്വീപിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ ലക്ഷദ്വീപിന്റെ മനോഹാരിത ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും ചര്‍ച്ചയായി. മാലിയേക്കാള്‍ കേമമെന്ന് ഇന്ത്യക്കാരെല്ലാം അഭിമാനത്തോടെ വിളിച്ചു പറഞ്ഞു. മനോഹരമായ തീരംതന്നെയാണ് മുഖ്യ ആകര്‍ഷണം. അല്‍പം സാഹസിക സ്പോര്‍ട്സായ സ്‌നോര്‍ക്കലിംഗ്, സ്‌കൂബാ ഡൈവിംഗ് സൗകര്യങ്ങളും ലക്ഷദ്വീപിലുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളെ ഇതുവരേയും കാര്യമായി പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. വിദേശയാത്രയേക്കാള്‍ ദുഷ്‌കരമാണു യാത്രയുടെ മുന്നൊരുക്കങ്ങള്‍. പോലീസ് സ്റ്റേഷനില്‍നിന്നു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ലക്ഷദ്വീപിലേക്കു പ്രവേശിക്കുന്നതിനു പെര്‍മിറ്റും ലഭിച്ചാലേ ലക്ഷദ്വീപിലേക്കു പോകാനാകൂ. വിസിറ്റിംഗ് പെര്‍മിറ്റ് എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്നാണു വാങ്ങേണ്ടത്. താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍നിന്നു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും മൂന്നു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം വേണം അപേക്ഷിക്കാന്‍. ലക്ഷദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് സമര്‍പ്പിക്കണം. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സീസണ്‍. കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവും ലക്ഷദ്വീപിലേക്കു പോകാം. കൊച്ചിയില്‍നിന്ന് അഗത്തിയിലേക്കുള്ള ഒന്നര മണിക്കൂര്‍ എയര്‍ ഇന്ത്യ സര്‍വീസിന് 5,500 രൂപയാണു ചാര്‍ജ്. 15 മണിക്കൂര്‍ നീളുന്ന കപ്പല്‍ യാത്രയ്ക്ക് 2,500 രൂപ മുതല്‍ ഏഴായിരം രൂപവരെ നല്‍കണം. ലക്ഷദ്വീപ് ടൂറിസം വകുപ്പ് നടത്തുന്ന സമുദ്രം പാക്കേജ് പ്രോഗ്രാമിലൂടെ ഓണ്‍ലൈനായി ബുക്കു ചെയ്താണ് ഏറെ പേരും ലക്ഷദ്വീപില്‍ എത്തുന്നത്. അഞ്ചു ദിവസത്തെ പാക്കേജില്‍ ഭക്ഷണവും കപ്പലില്‍തന്നെയുള്ള താമസത്തിനും ഉള്‍പ്പെടെ ഡയമണ്ട് ക്ലാസിന് നാല്‍പതിനായിരത്തോളം രൂപയാണു നിരക്ക്. ഗോള്‍ഡ് ക്ലാസില്‍ മുപ്പതിനായിരം രൂപയും. എല്ലാ ദ്വീപുകളിലേക്കും പ്രവേശനമില്ല. അഗത്തി, കടമത്ത്, മിനിക്കോയ്, കല്‍പേനി, കവരത്തി എന്നീ ദ്വീപുകളാണു വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരം. ദ്വീപുകളില്‍ താമസ സൗകര്യങ്ങളുള്ള ഹോട്ടലുകളും ഭക്ഷണശാലകളും കുറവാണ്. മദ്യനിരോധനമുള്ളതിനാല്‍ ആ നിലയിലുള്ള വിനോദത്തിനു സ്‌കോപ് ഇല്ല. ഗതാഗത സൗകര്യങ്ങളും കുറവാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും പെര്‍മിറ്റ് നടപടികള്‍ ലഘൂകരിക്കുകയും ചെയ്താലേ ലക്ഷദ്വീപ് ടൂറിസം പച്ചപിടിക്കൂ.