വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ നവംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രം ആസ്വദിക്കാനാകും. മാസ്റ്റര്‍ എന്ന ചിത്രത്തിനു ശേഷം വിജയ്യും ലോകേഷും വീണ്ടും ഒന്നിച്ച ചിത്രത്തില്‍ തൃഷയായിരുന്നു നായിക. സിനിമ സകല ബോക്‌സ്ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പതു കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറിയിരുന്നു. 11 ദിവസം കൊണ്ട് 50 കോടി നേടിയ കെജിഎഫ് 2 വിന്റെ റെക്കോര്‍ഡ് ആണ് ‘ലിയോ’ കേരളത്തില്‍ മറികടന്നത്. ആദ്യ ദിനം 12 കോടി ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രം മറ്റെല്ലാ അന്യഭാഷ സിനിമകളുടെയും ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തൂത്തെറിഞ്ഞു. 7.25 കോടി നേടിയ കെജിഎഫ് 2, 6.76 കോടി നേടിയ ഒടിയന്‍, വിജയ്യുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോര്‍ഡുകള്‍ ആണ് പഴങ്കഥ ആയത്. കേരളം, ആന്ധ്രപദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നും ആദ്യ ദിനം പത്തുകോടി കലക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വിജയ്.