കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടിയുടെ നിക്ഷേപം നടത്തിയെന്നും എന്നാൽ 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തതിനാൽ പലിശ ഉൾപ്പെടെ കെ എഫ് സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി ആണെങ്കിലും കിട്ടിയത് 7 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെ എഫ് സി . ഈ പണമാണ് അംബാനിക്ക് നൽകിയതെന്നും ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും കൈകൂലി വാങ്ങി സർക്കാരിലെ ഉന്നതരുടെ അനുവാദത്തോടെയാണ് നിക്ഷേപം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം നിക്ഷേപ വിവരം മറച്ചു വെച്ചു 21-22വാർഷിക റിപ്പോർട്ടിൽ മാത്രമാണ് റിലേയൻസ് കമ്പനിയിൽ നിക്ഷേപിച്ച കാര്യം ആദ്യമായി പുറത്തു വിടുന്നത് അതിനു മുമ്പുള്ള രണ്ടു വർഷം, പേരു മറച്ചു വെച്ച് അവ്യക്തമായ വിവരങ്ങളാണ് വാർഷിക റിപ്പോർട്ടിൽ കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.