നോയിഡ ആസ്ഥാനമായുള്ള ടെക് കമ്പനിയായ ലാവ പുതിയ ബ്ലേസ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ സ്മാര്‍ട് ഫോണിന്റെ വില 8,999 രൂപയാണ്. ഏപ്രില്‍ 18 ന് ആമസോണ്‍, ലാവ ഇന്ത്യ വഴിയാണ് വില്‍പന. എന്നാല്‍, പുതിയ ലാവ ബ്ലേസ് 2ന് 5ജി ഇല്ല. 5ജി ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഇപ്പോഴും 10000 രൂപയ്ക്ക് മുകളില്‍ വില നല്‍കണം. പ്രീമിയം ഗ്ലാസ് ഫിനിഷും പഞ്ച്-ഹോള്‍ ഡിസ്പ്ലേയും ഇതിന്റെ സവിശേഷതയാണ്. ഈ സെഗ്മെന്റിലെ സ്മാര്‍ട് ഫോണുകളില്‍ ഇത് അസാധാരണമാണ്. ലാവ ബ്ലേസ് 2ല്‍ ‘ബ്ലോട്ട് ഫ്രീ ആന്‍ഡ്രോയിഡ്’ ആണ് അവതരിപ്പിക്കുന്നത്. എന്നാല്‍, ജിമെയില്‍, സെറ്റിങ്‌സ്, ക്യാമറ എന്നിവ പോലെ നീക്കം ചെയ്യാനാവാത്ത ചില ആന്‍ഡ്രോയിഡ് ആപ്പുകളും ഉണ്ടാകാം. 90ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് (സുഗമമായ സ്‌ക്രോളിങ്ങിന്), 2.5ഡി സ്‌ക്രീനുമുള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയുമായാണ് ബ്ലേസ് 2 അവതരിപ്പിച്ചത്. ലാവ ബ്ലേസ് 2ല്‍ 13 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറ സജ്ജീകരണവും മുന്‍വശത്ത് സെല്‍ഫികള്‍ക്കും വിഡിയോ കോളിങ്ങിനുമായി 8 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍പ്പെടുന്നു. 18വാട്ട് ചാര്‍ജിങ് (ടൈപ്പ്-സി), യുനിസോക് ടി616 പ്രോസസര്‍, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. ഗ്ലാസ് ഓറഞ്ച്, ഗ്ലാസ് ബ്ലൂ എന്നി നിറങ്ങളിലാണ് ഹാന്‍ഡ്‌സെറ്റ് ലഭിക്കുക.