സമ്മര്‍ദവും മാനസികാവസ്ഥയും മാത്രമല്ല, ഹൃദയാരോഗ്യവും ചിരിയിലൂടെ മെച്ചപ്പെടുത്താനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചിരിക്കുന്നതിലൂടെ ശരീരം ഫീല്‍ഗുഡ് ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കും. ഇത് സമ്മര്‍ദവും വീക്കവും കുറയ്ക്കുന്നതിനൊപ്പം രക്തക്കുഴലുകളെ വിശ്രമിക്കാനും അനുവദിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നു. ജപ്പാനിലെ യമഗാത സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ ചിരിയുടെ ആവര്‍ത്തി വര്‍ധിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും കൂടുതല്‍ കാലം ജീവിക്കാനും സഹായിക്കുമെന്ന് ചൂണ്ടികാണിക്കുന്നു. ചിരിയിലൂടെ സ്‌ട്രെസ് കുറയാന്‍ സഹായിക്കും. അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ രക്തത്തിലേക്ക് റിലീസ് ചെയ്യപ്പെടുകയും അതിനെത്തുടര്‍ന്ന് രക്ത സമ്മര്‍ദം കൂടുക, ഹൃദയമിടിപ്പ് കൂടുക, ഗ്ലൂക്കോസിന്റെ അളവുകൂടുക എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ സംഭവിക്കുകയും ചെയ്യും. നിരന്തരമായി ഇത്തരം സ്ട്രെസ് ഹോര്‍മോണുകള്‍ രക്തത്തിലേക്ക് അധികമായി വിന്യസിക്കപ്പെടുന്നതുമൂലം പ്രമേഹം, അമിത രക്തസമ്മര്‍ദം, രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥ തുടങ്ങിയ ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ മനസുതുറന്ന് ചിരിക്കുന്നതു മൂലം അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കുറയ്ക്കാന്‍ സഹായകമാകും. ചിരിക്കുമ്പോള്‍ ശരീരത്തില്‍ ചില രാസവ്യതിയാനങ്ങള്‍ സംഭവിക്കും. തലച്ചോറില്‍ ഡോപ്പമിന്‍ എന്ന കെമിക്കല്‍ കൂടുകയും അതുവഴി, ഏകാഗ്രതയും ശ്രദ്ധയും വര്‍ധിക്കുകയും ചെയ്യും. തലച്ചോറിന്റെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണിന്റെ അളവ് കൂടുന്നതുവഴി വലിയ തോതിലുള്ള ആഹ്‌ളാദവും ഉന്മേഷവും ഉണ്ടാവും.