തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും ഡിജിപി ഷെയ്ഖ് ദർവേശ് സാഹെബ് പറഞ്ഞു.അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വെറുപ്പ് പടർത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപിയുടെ മുന്നറിയിപ്പുണ്ട്.
സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ദില്ലിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രാഥമിക നിഗമനം. ഐഇഡിയുടെ (Improvised explosive divine) അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മധ്യാഹ്ന വാര്‍ത്തകള്‍
കളമശേരിയില്‍ യഹോവായ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 36 പേര്‍ക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി നെസ്റ്റിനു സമീപമുള്ള കണ്‍വന്‍ഷന്‍ സെന്ററില്‍ 2,400 പേരുണ്ടായിരുന്നു. ഹാളിന്റെ മധ്യഭാഗത്ത് നാലു തവണ സ്‌ഫോടനമുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എല്ലാവരും കണ്ണടച്ചു പ്രാര്‍ത്ഥിക്കുകയായിുന്നു. എറണാംകുളം ജില്ലയില്‍ അവധിയിലുള്ള എല്ലാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരിച്ചെത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കളമശേരി സ്‌ഫോടനത്തെക്കുറിച്ച് […]
കളമശ്ശേരിയിലെ സ്ഫോടനത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ
കേരളം അഗ്നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നതെന്നും കുറേക്കൂടി കരുതലും ജാഗ്രതയും കാണിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധിച്ച ഒഴിവ് കേരളത്തിലുണ്ട്. ആ ഒഴിവിലേക്ക് മതതീവ്രവാദികളെ കൊണ്ടുവരാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കളമശ്ശേരിയിലെ സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് എം വി ഗോവിന്ദൻ
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവമാണ് കളമശേരിയിലേതെന്നും,കർശനമായ നിലപാടെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്ത് ജാഗ്രത നിർദേശം
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം കളമശ്ശേരിയിലേക്കെത്തും. ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടന്‍ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കളമശ്ശേരിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നല്‍കി. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.
ദൗർഭാഗ്യകരമായ സംഭവമാണ് കളമശേരിയിൽ നടന്നതെന്ന് മുഖ്യമന്ത്രി
ദൗർഭാഗ്യകരമായ സംഭവമാണ് കളമശേരിയിൽ നടന്നതെന്നും കാര്യങ്ങൾ പരിശോധിക്കുകയാണെന്നും, ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനം നടന്ന ഹാൾ പോലീസ് സീൽ ചെയ്തു. തീവ്രവാദവിരുദ്ധ സ്ക്വാഡ് കളമശേരിയിലെത്തി.ഭീകരാക്രമണ സാധ്യത അടക്കം പരിശോധിച്ച് പോലീസ്.കളമശ്ശേരിയിൽ നടന്നത് ഉഗ്ര സ്ഫോടനമെന്നും ഒന്നിലധികം സ്ഫോടനം നടന്നുവെന്നും ദൃക്സാക്ഷികൾ. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു.
കളമശ്ശേരിയിൽ സ്ഫോടനം
കളമശ്ശേരിയിലുണ്ടായ യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്ത് 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടരുന്നു
മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. ഇതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് നെതന്യാഹു
യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈർഘ്യമേറിയതും കഠിനമായതുമായിരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും നേരിടും എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം മരണം 8000 കടന്നെന്ന് ഗാസ ആരോഗ്യമന്ത്രി അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ ഗാസയിൽ നിന്ന് പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്.
