കാനം രാജേന്ദ്രന് ഇനി കനലോര്‍മ്മ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്കി കേരളം. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പില്‍ സംസ്കാരം പൂര്‍ത്തിയായി. ലാല്‍സലാം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിനാളുകളാണ് സഖാവിന് കാണാനായി എത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ,മുഖ്യമന്ത്രി പിണറായി വിജയന്, സിപിഐ, സിപിഎം പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം കാനത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്,എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിന്നാണ് പുനരാരംഭിക്കുക. തുടര്‍ന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും. മാറ്റിവച്ച തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക.
നവകേരള സദസ്സിലെ അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും വിഡി സതീശന് ആരോപിച്ചു.
സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ സഭാധ്യക്ഷനെ ജനുവരിയിലെ സിനഡില്‍ തിരുമാനിക്കും. ജനുവരി 8 മുതല്‍ 13 വരെ സിനഡ് ചേര്‍ന്നാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുകയെന്ന് സര്‍ക്കുലറിലൂടെ അറിയിച്ചു.
കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഷബ്ന ആത്മഹത്യ ചെയ്ത കേസില്‍ ഷബ്നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ഷബ്ന ജീവനൊടുക്കിയ ദിവസം ഭര്‍തൃവീട്ടുകാര്‍ ഷബ്നയെ ചീത്ത വിളിക്കുന്നത് ഷബ്ന തന്നെ ഫോണില്‍ എടുത്ത വീഡിയോയില്‍ വ്യക്തമാണ്.
20 ലക്ഷം രൂപ സര്‍ക്കാര്‍ കുടിശികയാക്കിയതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണമായി നല്കി വന്ന ബ്രഡ് വിതരണം നിലച്ചു. ബ്രഡ് വിതരണക്കാരായ മോഡേണ്‍ ബ്രഡ്, കഴിഞ്ഞ ഒന്ന് മുതല്‍ വിതരണം അവസാനിപ്പിക്കുകയായിരുന്നു. കുടിശ്ശികയായി നല്‍കാനുള്ള 15 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പാല് വിതരണം ഉടന്‍ നിര്‍ത്തേണ്ടി വരുമെന്ന് മില്‍മയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ട്രെയിനിറങ്ങിയ മൂന്ന് ഒറീസ സ്വദേശികളായ അതിഥി തൊഴിലാളികളില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന 16 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മാങ്കാവ് തലക്കുളങ്ങര യുപി സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടില്‍ താമസിച്ചിരുന്ന പ്രതികളെ താമസസ്ഥലത്തേക്ക് പോകുന്ന വഴിയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കര്‍ണാടകയിലെ കുടകില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്നലെ രാത്രി കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. സെന്‍ട്രല്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി 20 ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഡര്‍ബനില്‍. ഓസ്ട്രേലിയയെ തോല്‍പ്പിച്ച ടീമിനൊപ്പം ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുന്നത് നീലപ്പടയുടെ കരുത്ത് കൂട്ടുമെന്നാണ് പ്രതീക്ഷ. വമ്പനടിക്കാര്‍ക്ക് പേര് കേട്ട ദക്ഷിണാഫ്രിക്കയെ അവരുടെ മടയില്‍ ചെന്ന് മാറ്റുരക്കുമ്പോള്‍ മത്സരം തീപ്പാറുമെന്നാണ് ആരാധകര്‍ കരുതുന്നത്.