◾പുതുവല്സരത്തില് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കും. ഇന്നലെ പിരിഞ്ഞ നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല. വിജ്ഞാപനം ഇറക്കുകയുമില്ല. ഇന്നലെ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം നിയമസഭാ സമ്മേളനം ചേരാനാണു മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.
◾ശബരിമലപാതയിലേക്കുള്ള റോഡുകളില്‍ ഗതാഗതക്കുരുക്ക്. രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക്. ഇലവുംങ്കലില്നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കല്‍ എരുമേലി പാതയിലും ഇലവുംങ്കല്‍ പത്തനംതിട്ട റോഡിലും രണ്ടു കിലോമീറ്ററാണ് ഗതാഗത കുരുക്ക്. ശബരിമല ദര്‍ശനത്തിനായി ഇന്ന് ഓണ്‍ലൈന്‍ വഴി 90620 തീര്‍ഥാടകരാണ് ബുക്ക് ചെയ്തത്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ശബരിമല തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ഭക്തരുടെ എണ്ണം 90000 ആക്കി നിയന്ത്രിക്കുന്നത് പ്രായോഗികമല്ല. ശബരിമലപാതയില്‍ ഗതാഗത നിയന്ത്രണമാണ്. അദ്ദേഹം പറഞ്ഞു.
◾കൊടകര കുഴല്‍പണ കേസില്‍ കേരള പോലീസ് എന്‍ഫോഴ്സമെന്റിനു വിവരം നല്‍കുന്നില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി പറഞ്ഞതിലൂടെ സര്‍ക്കാരും ബിജെപിയും തമ്മിലുള്ള ഒത്തുകളി പുറത്തായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേന്ദ്രത്തില്‍ സംഘിവത്ക്കരണം പോലെ കേരളത്തില്‍ മാര്ക്സിസ്റ്റുവത്ക്കരണമാണ്. ചാന്‍സലര്‍ പദവിയില്‍നിന്നു മാറാമെന്നു പറഞ്ഞ ഗവര്‍ണറെ നിര്‍ബന്ധപൂര്‍വം തുടരാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരാണ്. സര്‍വകലാശാലകളെയും മാര്ക്സിസ്റ്റ്വത്ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾കാസര്‍കോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതക കേസില്‍ ഒന്നാം പ്രതി കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദറിനു ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതി മാന്യയിലെ അര്‍ഷാദിനെ കോടതി വെറുതെ വിട്ടിരുന്നു. രണ്ടാം പ്രതി സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾ഇന്നു വൈകുന്നേരം രാജ്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല. കൊല്ലത്ത് പൊതുപരിപാടി ഉണ്ടെന്നാണ് സ്പീക്കറുടെ ഓഫിസിന്റെ വിശദീകരണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ലെന്നു നേരത്തെ അറിയിച്ചിരുന്നു.
◾ശ്രീനിജന് എംഎല്‍എ നല്കിയ ജാതി അധിക്ഷേപ കേസില്‍ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാല്‍ പ്രതികള്‍ ചോദ്യം ചെയ്യലിനു ഹാജരാകണം. നോട്ടീസ് നല്കി മാത്രമേ ഹാജരാകാന്‍ ആവശ്യപ്പെടാവൂ. പൊലീസ് ഹരാസ്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. എഫ്ഐആര്‍ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
◾മഴ പാടശേഖരങ്ങളെ വെള്ളക്കെട്ടിലാക്കി. സംസ്ഥാനത്തെ ഏക്കര്‍കണക്കിനു നെല്‍കൃഷി വെള്ളത്തിനടിയിലായി. വെള്ളം അതിവേഗം ഇറങ്ങിപ്പോയില്ലെങ്കില്‍ വന്‍തോതില്‍ കൃഷിനാശമുണ്ടാകും.
◾കേസുകളില്‍നിന്നു മുക്തനായ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യത്തില്‍ വൈകാതെ സിപിഎം തീരുമാനമെടുക്കും. സജി ചെറിയാനെതിരേ കേസില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു തിരുവനന്തപുരത്തു ചേരുന്നുണ്ട്. തൃശൂരില്‍ കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നതിനാലാണ് വെളളിയാഴ്ചത്തെ സെക്രട്ടേറിയേറ്റ് യോഗം ഇന്നത്തേക്കു മാറ്റിയത്.
◾ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാന് വിമര്‍ശനാത്മകമായി മാത്രമാണു സംസാരിച്ചതെന്നും അവഹേളിച്ചില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ട്. സജി ചെറിയാനെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസ് തള്ളിയത്.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയുടെ മെന്ററായിരുന്നു ജയ്ക് ബാലകുമാറെന്ന് മുഖ്യമന്ത്രി സമ്മതിച്ചെന്നും മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിംഗിനെ മാനിക്കുന്നുവെന്നും മാത്യു കുഴല്നാടന് എംഎല്‍എ. വീണ വിജയനെ വ്യക്തിയെന്ന നിലയിലല്ല എക്സ്ട്രാ ലോജിക്കിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് താന്‍ അന്ന് പരാമര്‍ശിച്ചത്. അന്നു താന്‍ പറഞ്ഞത് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. ഇനി പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനം തൃശൂരിലെ ലുലു കണ്വന്ഷന് സെന്ററില്‍ ആരംഭിച്ചു. സമ്മേളനം 16 നു സമാപിക്കും. സമ്മേളനത്തിനു ഫ്രാന്‍സില്‍നിന്ന് എത്തിയ രണ്ടു വനിതാ പ്രതിനിധികളെ വിമാനത്താവളത്തില്‍ തടഞ്ഞു മടക്കിയയച്ചു.
◾മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായി. തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്കി. 142 അടിയാണു പരമാവധി സംഭരണ ശേഷി. കൂടുതല്‍ വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടു പോകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
◾സിറോ മലബാര്‍ സഭ എറണാകുളം അങ്കാമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജനുവരി 18 നു ഹാജരായാല്‍ മതിയെന്നു കാക്കനാട് മജിസ്ട്രേറ്റ് കോടതി. ഹാജരാകാന്‍ സാവകാശം ആവശ്യപ്പെട്ടു നല്കിയ അപേക്ഷ കോടതി അംഗീകരിച്ചു. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്കാന് സാവകാശം വേണമെന്നാണ് അഭ്യര്‍ത്ഥന.
◾ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയതിനു ഭര്‍ത്താവും മന്ത്രവാദിയും അടക്കമുള്ള സംഘം അറസ്റ്റില്‍. മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്, ഇമാമുദീന് എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
◾കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രിയാണ് അപകടം. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
◾തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ സിനിമയ്ക്കു സീറ്റ് കിട്ടാത്തതിനു പ്രതിഷേധിച്ച മൂന്നു പേരെ പോലീസ് പിടികൂടി മര്‍ദിച്ചു കലാപക്കേസെടുത്തു. അന്യായമായി സംഘം ചേര്‍ന്നു കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു കേസെടുത്തത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമക്കു റിസര്‍വേഷന്‍ ഉണ്ടായിട്ടും സീറ്റു കിട്ടിയില്ലെന്നും പ്രതിഷേധിച്ചതിനു പോലീസ് ഇടിച്ചു ചോരതുപ്പിച്ചെന്നുമാണ് പരാതി.
◾കണ്ണൂര്‍ ഏഴിലോട് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മദ്യപിച്ചു വാഹനം ഓടിച്ചതിന് ഡ്രൈവര്‍ മാനുവലിനെ(40)യാണ് പൊലീസ് അറസ്റ്റു ചെയ്തത്.
◾പാലക്കാട് നഗരത്തില്‍ ബസ് മോഷണം. കോട്ടമൈതാനത്തിന് അരികിലെ പെട്രോള്‍ പമ്പില്‍ രാത്രി പാര്‍ക്കു ചെയ്തിരുന്ന ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട് സ്വദേശി സാലുവാണ് ബസിന്റെ ഉടമ.
◾ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്. സുരക്ഷാ പരിേശാധനയ്ക്കായി മണിക്കൂറുകളോളം ക്യൂ നില്‍ക്കണം. വിമാനം പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്നാണ് യാത്രക്കാരോട് വിമാന കമ്പനികള്‍ ആവശ്യപ്പെടുന്നത്. .
◾തവാങ്ങിലെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയില്‍ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ്. മനീഷ് തിവാരിയാണ് നോട്ടീസ് നല്‍കിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സഭയില്‍ പ്രസ്താവന നടത്തിയിരുന്നു. തവാങിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കു ഗുരുതര പരിക്കേറ്റില്ലെന്നും ചൈനീസ് സൈനികരെ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇരു സഭകളില്‍നിന്നും പ്രതിപക്ഷം വാക്കൗട്ട് നടത്തി.
◾ചൈന അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം കൂട്ടുന്നു. ചൈന കൂടുതല്‍ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയും നീരീക്ഷണം കൂട്ടാന്‍ തീരുമാനിച്ചത്.
◾ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്ന് അമേരിക്ക. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു പിന്തുണയുണ്ടെന്ന് പെന്റഗണ്‍ വാര്‍ത്താകാര്യ സെക്രട്ടറി പാറ്റ് റൈഡര്‍ പറഞ്ഞു.
◾കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അടക്കം വ്യാജ ഒപ്പുകള്‍ സഹിതമുള്ള വ്യാജരേഖകളുണ്ടാക്കി ഇന്‍ഷ്വറന്‍സ് തട്ടിപ്പു നടത്തിയ സംഘത്തിലെ നാലു പേര് പിടിയില്‍. മുടങ്ങിയ ഇന്‍ഷറുസ് പോളിസികള്‍ ലഭ്യമാക്കാന്‍ പുതിയ പദ്ധതിയുണ്ടെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. മൂവായിരം പേരുടെ വിവരങ്ങളാണ് തട്ടിപ്പു സംഘത്തിന്റെ ലാപ്ടോപ്പില്‍നിന്ന് ലഭിച്ചത്.
◾തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന് തമിഴ്നാട്ടില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കായിക-യുജവനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്കു നല്‍കിയത്. കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്.
◾മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിലെ 8.39 ശതമാനത്തില്‍നിന്ന് നവംബറില്‍ 5.85 ശതമാനമായി കുറഞ്ഞു. 21 മാസത്തെ താഴ്ന്ന നിരക്കാണിത്. വാണിജ്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് പങ്കെടുത്തു. രാജസ്ഥാനിലെ സവായ് മധോപൂരിലാണ് രഘുറാം രാജനും യാത്രയില്‍ ചേര്‍ന്നത്. യാത്രക്കിടെ രഘുറാം രാജനും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
◾കൊല്‍ക്കത്ത ബിര്‍ഭൂം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി സിബിഐ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ ഉദ്യോഗസ്ഥര്ക്കെതിരേ പശ്ചിമ ബംഗാള്‍ പോലീസ് കൊലക്കേസെടുത്തു. വീടുകള്‍ക്കു തീയിട്ട് പത്തു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ലാലന് ശൈഖ് ആണു കസ്റ്റഡിയില്‍ മരിച്ചത്.
◾യുഎസ്- മെക്സിക്കോ അതിര്‍ത്തിയില്‍ യുഎസ് പഴയ കണ്ടെയ്നറുകള്‍ ഉപയോഗിച്ചു മതില് പണിയുന്നു. മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയാനാണ് മതില് നിര്‍മ്മിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ച് യുഎസിലെത്തന്നെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധിച്ചതോടെയാണ് കണ്ടെയ്നര്‍ മതില് വിവാദമായത്.
◾ഇനിയൊരു ലോകകപ്പിനില്ലെന്ന് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ലോകകപ്പ് മത്സരമാകുമെന്ന് സ്ഥിരീകരിച്ച് മെസി. ഫൈനലില്‍ എത്താന്‍ സാധിച്ചതിലും അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പിലെ യാത്ര അവസാനിപ്പിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് മെസി പറഞ്ഞു. അടുത്ത ലോകകപ്പിന് ഇനിയും ഒരുപാട് വര്‍ഷങ്ങളുണ്ടെന്നും തനിക്കതില്‍ പങ്കെടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും 35 കാരനായ മെസ്സി കൂട്ടിച്ചേര്‍ത്തു.
◾ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമി ഫൈനല്‍ ഇന്ന്. ഇന്ന് രാത്രി 10 മണിക്ക്, ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മൊറോക്കോയുമായി ഏറ്റുമുട്ടും.
◾പവന് 40,000 രൂപ കടന്ന് സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡിലെത്തി. ഒരു പവന് സ്വര്‍ണത്തിന് 40,240 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയില്‍ ഇന്നത്തെ വില 5030 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4155 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 39,840 രൂപയായിരുന്നു വില. ഒറ്റയടിക്ക് പവന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് സംസ്ഥാന വിപണിയില്‍ വില ഉയരാനുള്ള കാരണം. അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 1811 ഡോളറാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 55.5 ലക്ഷം രൂപ കടന്നിട്ടുണ്ട്. ഒന്‍പത് മാസത്തിന് ശേഷമാണ് സ്വര്‍ണവില ഇത്രയും ഉയര്‍ന്നത്. 2022 മാര്‍ച്ച് 9 ന് രാവിലെ സ്വര്‍ണ വില ഗ്രാമിന് 5070 രൂപ വരെ എത്തിയിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 2046 ഡോളറായിരുന്നു അന്നത്തെ വില. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച് 74 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
◾ചൈനീസ് കമ്പനിയായ വണ്‍പ്ലസ് സ്ഥാപിതമായതിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി ചില 5ജി സ്മാര്‍ട് ഫോണുകള്‍ ഐസിഐസിഐ കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 6,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ചു. ഡിസംബര്‍ 13-18 വരെയാണ് വിലക്കുറിവ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ചില സ്മാര്‍ട് ഫോണുകള്‍ക്കും ഓഡിയോ ഉപകരണങ്ങള്‍ക്കും അടക്കമായിരിക്കും വിലക്കിഴിവ്. ഇതിന്റെ ഭാഗമായി വണ്‍പ്ലസ് 10 പ്രോ 56,999 രൂപയ്ക്ക് വില്പന തുടങ്ങി. വണ്‍പ്ലസ് 10ടി, 10ആര് മോഡലുകള്‍ക്ക് യഥാക്രമം 5,000 രൂപയും, 6,000 രൂപയും കിഴവുണ്ട്. വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്, വണ്‍പ്ലസ് എക്സ്പീരിയന്‍സ് സ്റ്റോറുകള്‍, ആമസോണ്‍.ഇന്‍ മറ്റ് പാര്‍ട്ണര്‍മാര്‍ തുടങ്ങിയവ വഴിയായിരിക്കും ഡിസ്കൗണ്ട് വില്പന നടത്തുക. അതേസമയം, പഴയ വണ്‍പ്ലസ് ഫോണുകളോ, ഐഫോണുകളോ എക്സ്ചേഞ്ചു ചെയ്യുന്നവര്‍ക്ക് 10,000 രൂപ വരെ അധിക ഡിസ്കൗണ്ടും നല്കുന്നു. ഇത് വണ്‍പ്ലസ് 10 പ്രോ, വണ്‍പ്ലസ് 10ടി എന്നിവയ്ക്കായിരിക്കും ബാധകം.
◾ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത ‘നാലാം മുറ’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. ഒരു പൊലീസ് ഓഫീസര്‍ ആണ് ബിജു മേനോന് അവതരിപ്പിക്കുന്ന കഥാപാത്രം. ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര് ആണ് പുറത്തെത്തിയിരിക്കുന്നത്. ലക്കി സ്റ്റാര്‍ എന്ന സിനിമയ്ക്കു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിഷോര്‍ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് നാലാം മുറ നിര്‍മിക്കുന്നത്.
◾ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘വാമനന്’. ഡിസംബര്‍ 16 വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ഇന്ദ്രന്‍സ് ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്തുവിട്ടു. അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറര്‍ ത്രില്ലറായാണ് ‘വാമനന്’ അണിയിച്ചൊരുക്കിയിട്ടുള്ളത്. എ ബി ബിനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രന്‍സും കുടുംബവും ഒരു ജീപ്പില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന ദുരൂഹത നിറഞ്ഞ രംഗങ്ങളാണ് സ്നീക്ക് പീക്കിലുള്ളത്. എ ബി ബിനില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അരുണ്‍ ശിവന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ സീമ ജി നായര്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ‘വാമനന്’ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത്.
◾വാഹന ലോകത്തെ സൂപ്പര്‍ഹീറോ റേഞ്ച് റോവര്‍ സ്പോര്‍ട് സ്വന്തമാക്കി ടൊവിനോ. ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ വാഹനം റേഞ്ച് റോവര്‍ സ്പോര്‍ട് ഡൈനാമിക് എച്ച്എസ്ഇയാണ് ടൊവിനോയുടെ ഏറ്റവും പുതിയ വാഹനം. അടുത്തിടെ രൂപം മാറ്റി വിപണിയിലെത്തിയ വാഹനം നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനും സ്വന്തമാക്കിയിരുന്നു. ഏകദേശം 1.71 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍. 350 എച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. 234 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ ശേഷിയുള്ള വാഹനത്തിന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കേവലം 5.9 സെക്കന്‍ഡുകള്‍ മാത്രം മതി. 8 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിലുള്ളത്. ഓള് ടെറെയ്ന്‍ പ്രോഗ്രസ് കണ്ട്രോള് ഓഫ് റോഡ് ട്രാക്ഷന്‍ കണ്ട്രോള്, ഓണ്‍-ഓഫ് റോഡ് ഡ്രൈവ് മോഡുകള്‍, 900 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റി, 281 എംഎം ഗ്രൗണ്ട് ക്ലിയറന് എന്നിവയെല്ലാം വാഹനത്തിന്റെ മാത്രം പ്രത്യേകതയാണ്. അകത്തും പുറത്തും ഏറെ മാറ്റങ്ങളോടെയാണ് വാഹനം വിപണിയിലെത്തിയത്.
◾ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള ദേശീയ നേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊണ്ട് ഇടിമുഴക്കംതീര്‍ത്ത
സംഭവബഹുലമായ രാഷ്ട്രീയമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതാണ് ഈ പുസ്തകം. ഇന്ത്യന്രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ ഈ ജീവചരിത്രം, സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രം അനാവരണം ചെയ്യുന്നു. ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’. എം.പി സൂര്യദാസ്. മാതൃഭൂമി ബുക്സ്. വില 382 രൂപ.
◾ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മറവിരോഗത്തെ ചെറുക്കാം. തലച്ചോറിന്റെ ഓര്‍മശക്തിയെയും ചിന്താശേഷിയെയും ബാധിക്കുന്ന നാഡീവ്യൂഹപരമായ രോഗമാണ് അള്‍ഷിമേഴ്സ് അഥവാ മറവിരോഗം. കൂടുതലും പ്രായമായവരിലാണ് ഈ രോഗം കാണപ്പെടുന്നത്. ഈ രോഗത്തിന്റെ ഭാഗമായി തലച്ചോര്‍ ചുരുങ്ങുകയും ഇവിടുത്തെ കോശങ്ങള്‍ നശിക്കുകയും ചെയ്യും. തലച്ചോറിനുള്ളിലും പുറമേയ്ക്കും ചില പ്രോട്ടീനുകള്‍ അടിഞ്ഞു കൂടുന്നതാണ് അള്ഷിമേഴ്സിലേക്കു നയിക്കുന്നത്. പത്ത് വര്‍ഷത്തോളമെടുത്താണ് അള്‍ഷിമേഴ്സ് എന്ന മറവി രോഗം പുരോഗമിക്കുന്നത്. ഈ രോഗം തടയാന്‍ കഴിയില്ലെങ്കിലും ഇതിന്റെ വരവ് വൈകിപ്പിക്കാന്‍ സാധിക്കും.ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം. അള്‍ഷിമേഴ്സ് അപകടസാധ്യത വര്‍ധിപ്പിക്കുന്ന ദുശ്ശീലമാണ് പുകവലി. ഈ ശീലം ഉപേക്ഷിക്കുന്നത് അള്‍ഷിമേഴ്സിന്റെ അപകടസാധ്യത മാത്രമല്ല ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകള്‍ കുറയ്ക്കും. മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതും തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രധാനമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍, കൊഴുപ്പ് കുറഞ്ഞ പാല് എന്നിവയെല്ലാം അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണക്രമവും മറവി രോഗത്തെ ചെറുക്കാന്‍ സഹായിക്കും. സാച്ചുറേറ്റഡ് കൊഴുപ്പും, പഞ്ചസാരയും ഉപ്പും അധികം ചേര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഭാരനിയന്ത്രണത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ആഴ്ചയില്‍ 150 മിനിറ്റെങ്കിലും കുറഞ്ഞത് വ്യായാമം ചെയ്യുന്നത് ശരീരത്തെ മാത്രമല്ല തലച്ചോറിനെയും സജീവമാക്കി നിര്‍ത്തും. ധാരണാ ശേഷി മെച്ചപ്പെടുത്താനും ഓര്‍മകളുടെ തലച്ചോറിലെ കേന്ദ്രമായ ഹിപ്പോക്യാംപസിനെ ഉദ്ദീപിപ്പിക്കാനും വ്യായാമം സഹായിക്കും. അള്‍ഷിമേഴ്സ് വരാനുള്ള സാധ്യതകള്‍ പ്രവചിക്കാന്‍ പല തരത്തിലുള്ള ആരോഗ്യ പരിശോധനകള്‍ സഹായിക്കും. ശാരീരിക ക്ഷമതയെ കുറിച്ചുള്ള സൂചനകള്‍ നല്‍കാനും ആരോഗ്യ പരിശോധനകള്‍ക്ക് കഴിയുന്നതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.46, പൗണ്ട് – 102.01, യൂറോ – 87.69, സ്വിസ് ഫ്രാങ്ക് – 88.86, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.57, ബഹറിന്‍ ദിനാര്‍ – 218.72, കുവൈത്ത് ദിനാര്‍ -268.91, ഒമാനി റിയാല്‍ – 214.41, സൗദി റിയാല്‍ – 21.93, യു.എ.ഇ ദിര്‍ഹം – 22.44, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 60.90.