web cover 31

തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരെ റിമോട്ട് കണ്‍ട്രോള്‍ എന്ന് അപമാനിക്കരുതെന്നും രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മല്ലികാര്‍ജുന ഖാര്‍ഗെ, ശശി തരൂര്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വരണാധികാരി മധുസൂദന്‍ മിസ്ത്രി. ഈ മാസം 17 ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. 69 പോളിംഗ് ബൂത്തുകളുണ്ടാകും. 19 ന് വോട്ടെണ്ണും. ചട്ടം ലംഘിച്ച് പരസ്യ പിന്തുണ നല്‍കിയെന്ന് കേരളത്തിലെ നേതാക്കള്‍ക്കെതിരെ ശശി തരൂര്‍ പരാതിപ്പെട്ടിട്ടില്ല. മറ്റൊരു സംസ്ഥാനത്തെ നേതാക്കള്‍ക്കെതിരേയുള്ള തരൂരിന്റെ പരാതി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. ഒരു വിദ്യാര്‍ത്ഥിക്ക് എട്ടു രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ആവശ്യത്തിനു പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കലാകായിക മേളകളുടെ നടത്തിപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാന അധ്യാപകരുടെ സംഘടന.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

വയനാട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ ആറു പേര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശിനിയുടെ പരാതിയില്‍ ഇടനിലക്കാരായ രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണു പിടിയിലായത്. പേരാമ്പ്ര സ്വദേശി മുജീബ്, വടകര സ്വദേശി ഷാജഹാന്‍, തിരുപ്പൂര്‍ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര, മേപ്പാടി സ്വദേശി ഷാനവാസ്, വൈത്തിരി സ്വദേശി അനസുല്‍ ജമാല്‍ എന്നിവരാണ് പ്രതികള്‍.

എന്‍ഐഎ കേസിലെ വിചാരണത്തടവുകാരന്‍ ജയിലില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീനാണ് ഡല്‍ഹി മണ്ഡോലി ജയിലില്‍ മരിച്ചത്. ജയിലില്‍ തളര്‍ന്നു വീണ അമീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നൊണ് ജയില്‍ അധികൃതര്‍ പറയുന്നത്. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന അമീനിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രില്‍ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചു വര്‍ഷം മുമ്പ് കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറില്‍ കത്രിക കുടുങ്ങിയെന്നാണു പരാതി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

മാള പൂപ്പത്തിയില്‍ കുളത്തില്‍ വീണ് അമ്മയും മകളും മരിച്ചു. മാള പള്ളിപ്പുറം കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു (37), മൂത്ത മകള്‍ ആഗ്ന (11) എന്നിവരാണ് മുങ്ങി മരിച്ചത്. അനു താണിശ്ശേരി എല്‍ പി സ്‌കൂളിലെ ആയ ആണ്. താണിശ്ശേരി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആഗ്ന. കുളത്തില്‍ വീണ മകളുടെ ചെരുപ്പ് എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് അമ്മ മുങ്ങിയത്. അമ്മ മുങ്ങുന്നതു കണ്ട് മകളും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു.

സംസ്ഥാനത്തെ 1,279 ടൂറിസ്റ്റു ബസുകള്‍ക്കെതിരേ ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. എട്ടു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. രണ്ടു ബസുകളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡു ചെയ്തു. 85 വാഹനങ്ങളില്‍ വേഗപ്പൂട്ടു ക്രമക്കേടു കണ്ടെത്തി. 26 ലക്ഷം രൂപ പിഴയായി ഈടാക്കി.

കാസര്‍കോട് പള്ളിക്കരയില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിഷേധം. ബിആര്‍ഡിസിയുടെ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങിലായിരുന്നു പ്രതിഷേധം. മന്ത്രി പങ്കെടുത്ത രണ്ടു പരിപാടികളുടെ സമയം മാറ്റിയത് അറിയിച്ചില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. വേദിയില്‍ കയറാന്‍ വിസമ്മതിച്ച എംപിയെ മന്ത്രി അനുനയിപ്പിച്ച് വേദിയില്‍ കയറ്റി, പ്രസംഗിക്കുകയും ചെയ്തു.

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരുമായി ഉമ്മന്‍ ചാണ്ടി സംസാരിച്ചു. നടക്കാന്‍ പ്രയാസമുള്ള ഉമ്മന്‍ ചാണ്ടിയെ ബിനീഷ് കൈപിടിച്ചാണ് കാറില്‍ കയറ്റിയത്.

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കെപിസിസി കോണ്‍ഗ്രസ് നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഭാരവാഹികള്‍ക്കാണ് എഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ കെപിസിസി എല്ലാവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മുക്കം തോട്ടുമുക്കത്ത് ക്രഷറില്‍ പാറപ്പൊട്ടിക്കുന്നതിനിടെ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ പാലക്കല്‍ ക്രഷറിലെ ജോലിക്കാരനായ നേപ്പോള്‍ സ്വദേശി സുപ്പലാല്‍ (30) ആണ് മരിച്ചത്.

ഒറ്റപ്പാലം പനമണ്ണയില്‍ പശു വാഹനത്തിനു കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണ പ്രജിത്ത്(22) ആണ് മരിച്ചത്. പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തിക്കയറിയതാണ് മരണകാരണം.

മാളയില്‍ അതിഥി തൊഴിലാളിയെ തലക്കടിച്ചുകൊന്ന കേസിലെ പ്രതിയെ ആറു വര്‍ഷത്തിനുശേഷം പിടികൂടി. ആസാം സ്വദേശിയായ ഉമാനന്ദ് നാഥിനെ (35) കൊന്ന കേസില്‍ മനോജ് ബോറ (30) ആണ് പിടിയിലായത്. മൃതദേഹം കത്തിച്ചു കളഞ്ഞിരുന്നതിനാല്‍ ഇപ്പോള്‍ പിടികൂടിയ പ്രതിയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്. എന്നാല്‍, മരിച്ചെന്നു കരുതിയ ആളാണ് പ്രതിയെന്ന് പിന്നീടാണ് വ്യക്തമായത്.

തൊപ്പി ധരിച്ചതു ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദിച്ചു. മലയാറ്റുരിലെ സ്‌കൂളിലാണ് സംഭവം. തല മാട്ടയടിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ ഇടിയേറ്റ് പ്രിന്‍സിപ്പാളിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു. വിദ്യാര്‍ത്ഥിയുടെ ഭാവി പരിഗണിച്ച് പോലീസില്‍ പരാതി നല്‍കുന്നില്ലെന്ന് പ്രിന്‍സിപ്പലും മാനേജുമെന്റും. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍നിന്ന് ടിസി നല്‍കി വിട്ടയച്ചു. പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്.

ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ പത്തൊമ്പതുകാരിയെ ആക്രമിച്ച മധ്യവയസ്‌കനെ പൊലീസ് പിടികൂടി. ഇടുക്കി തൊടുപുഴ മുട്ടം മേപ്പുറത്ത് ജോമോനാണ് പിടിയിലായത്.

പാലക്കാട് കപ്പൂരില്‍ നബിദിന പരിപാടിക്ക് മാല ബള്‍ബ് അലങ്കരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കപ്പൂര്‍ നരിമടയില്‍ നബിദിന ആഘോഷത്തിന് ഒരുങ്ങുന്നതിനിടെയാണ് ഷോക്കേറ്റ് കയ്യാലക്കല്‍ മെയ്തുണി മകന്‍ മുര്‍ഷിദ് ( 23 ) മരിച്ചത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും വില കുറച്ചു. ലക്സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും. രണ്ടു മുതല്‍ 19 വരെ ശതമാനം വില കുറച്ചതായി കമ്പനിയുടെ വിതരണക്കാര്‍ അറിയിച്ചു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ച ഭാരത് ജോഡോ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഭരണകാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപങ്ങളായിരുന്നു. അമിത് ഷാ പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്നും വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ സഹായധനം കൈപ്പറ്റിയിരുന്നെന്നും രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യസമര കാലത്ത് ബിജെപി ഇല്ല. അവര്‍ക്ക് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ല. രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി എഐസിസി അംഗം കാര്‍ത്തി ചിദംബരം. ട്വിറ്ററിലൂടെയാണ് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ശശി തരൂരിന്റെ പ്രായോഗികമായ ചിന്താഗതിയും പാര്‍ട്ടിക്ക് അതീതമായ വ്യക്തിത്വവും ബിജെപിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ മുതല്‍ക്കൂട്ടാകുമെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂര്‍ പ്രചരണവുമായി മുംബൈയിലെത്തി. സ്വീകരിക്കാന്‍ വിരലിലെണ്ണാവുന്ന കുറച്ചുപേര്‍ മാത്രമാണ് എത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് നേതാക്കള്‍ ഗംഭീരമായ സ്വീകരണം നല്‍കിയിരുന്നു.

രാജസ്ഥാനിലെ ജോധ്പൂരില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. 16 പേര്‍ക്കു പരിക്കേറ്റു. മഗ്ര പുഞ്ജ്‌ല പ്രദേശത്തെ കീര്‍ത്തി നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് അപകടമുണ്ടായത്.

മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ പാദങ്ങള്‍ കഴുകി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ധാര്‍മികതയെന്നു വിശേഷിപ്പിച്ചായിരുന്നു പാദപൂജ.

വ്യവസായ നിക്ഷേപത്തിന് രാജസ്ഥാനിലേക്ക് ഗൗതം അദാനിയെ ക്ഷണിച്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി. ഒരു മുഖ്യമന്ത്രിക്കും അത്തരമൊരു ഓഫര്‍ നിരസിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജനതാദള്‍ യു വില്‍ പ്രധാന പദവി വാഗ്ദാനമുണ്ടെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജനതാദളിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ ഉപദേശിച്ച അയാള്‍ ബിജെപിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നു നിതീഷ് കുമാര്‍ ആരോപിച്ചു.

ശിവസേനയുടെ അമ്പും വില്ലും ചിഹ്നം തെരഞ്ഞെടുപ്പു കമ്മീഷന്‍ മരവിപ്പിച്ചു. മുംബൈ അന്ധേരി ഈസ്റ്റില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് വേറെ ചിഹ്നം ഉപയോഗിക്കേണ്ടി വരും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പക്ഷം അവകാശവാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. ഒറ്റ വോട്ടും കോണ്‍ഗ്രസിനു പോകരുത്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും കേജ്രിവാള്‍ ആരോപിച്ചു. ദഹോദില്‍ നടന്ന സമ്മേളനത്തിലാണ് കേജ്രരിവാളിന്റെ വര്‍ഗീയ പ്രീണന പ്രഖ്യാപനം.

കടബാധ്യത കുറയ്ക്കാന്‍ രണ്ടു വര്‍ഷത്തിനകം രണ്ടു ലക്ഷം സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി യുകെ. പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള വേതനം അഞ്ചു ശതമാനം വര്‍ദ്ധിപ്പിക്കും. ബജറ്റിനേക്കാള്‍ കൂടുതല്‍ തുക വേണ്ടിവരുന്നതിനാലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.

ക്രമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലം സ്ഫോടനത്തില്‍ തകര്‍ന്നു. യുക്രൈനില്‍നിന്ന് റഷ്യ പിടിച്ചെടുത്ത ക്രമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെര്‍ച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്ഫോടനമുണ്ടായത്.

വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ സെമിയില്‍. ബംഗ്ലാദേശിനെ 59 റണ്‍സിനെ തകര്‍ത്താണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനമത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.

പഞ്ചസാര കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യ. സെപ്റ്റംബറില്‍ അവസാനിച്ച 2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 57 ശതമാനം വര്‍ധിച്ച് 109.8 ലക്ഷം ടണ്ണായി. പഞ്ചസാര വിപണന വര്‍ഷം ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. കയറ്റുമതി വര്‍ധിച്ചതിനാല്‍ ഇന്ത്യക്ക് ഏകദേശം 40,000 കോടി രൂപയുടെ നേട്ടമുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് 5000 ലക്ഷം ടണ്ണിലധികം കരിമ്പ് ഉല്‍പ്പാദിപ്പിച്ചു. ഇതില്‍ പഞ്ചസാര മില്ലുകള്‍ ഏകദേശം 3,574 ലക്ഷം ടണ്‍ കരിമ്പ് ചതച്ച് 394 ലക്ഷം ടണ്‍ പഞ്ചസാര (സുക്രോസ്) ഉത്പാദിപ്പിച്ചു. ഇതില്‍ 35 ലക്ഷം ടണ്‍ പഞ്ചസാരയാണ് എത്തനോള്‍ തയാറാക്കാന്‍ ഉപയോഗിച്ചത്. അതേസമയം, പഞ്ചസാര മില്ലുകള്‍ 359 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പാദിപ്പിച്ചു. ഈ കാലയളവില്‍, ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായമില്ലാതെ 109.8 ലക്ഷം ടണ്‍ എന്ന ഏറ്റവും ഉയര്‍ന്ന കയറ്റുമതിയും ഇന്ത്യ നടത്തി. ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി വിപണനം 2020 21-ല്‍ 70 ലക്ഷം ടണ്ണും 2019-ല്‍ 59 ലക്ഷം ടണ്ണും 2018-ല്‍ 38 ലക്ഷം ടണ്ണുമായിരുന്നു.

സെപ്റ്റംബറില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.43 ശതമാനമായി കുറഞ്ഞു. ഇത് നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പുതിയ ജോലികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ അതിവേഗ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യുടെ കണക്കുകള്‍ കാണിക്കുന്നത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഇടിഞ്ഞ് 6.43 ശതമാനമായി എന്നാണ്. കണക്കുകള്‍ പ്രകാരം 2018 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, 2022 ആഗസ്റ്റില്‍ ഒരു ദശലക്ഷം പുതിയ ജോലികള്‍ ചേര്‍ത്തതിന് ശേഷം തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍, തൊഴിലില്ലായ്മ നിരക്ക് ആഗസ്റ്റിലെ 7.7% ല്‍ നിന്ന് 5.8% ആയി കുറഞ്ഞു. അതേസമയം നഗരങ്ങളില്‍ 7.7% ആണ് തൊഴിലില്ലായ്മ നിരക്ക്. മുന്‍ മാസം ഇത് 9.6% ആയിരുന്നു.

ബോസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യിലെ പാട്ട് റീലീസ് ചെയ്തു. ‘എന്താണിത് എങ്ങോട്ടിത്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. ദര്‍ശനയും ബേസിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിവാഹവും തുടര്‍ന്നുള്ള ബഹളങ്ങളുമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അങ്കിത് മേനോന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഒരു കോമഡി എന്റര്‍ടെയ്നര്‍ ആകും ചിത്രമെന്നാണ് സൂചന. ചിത്രം ഒക്ടോബര്‍ 28ന് തിയറ്ററുകളില്‍ എത്തും. വിപിന്‍ ദാസ് ആണ് സംവിധായകന്‍. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രണം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ നിര്‍മല്‍ സഹദേവിന്റെ പുതിയ ചിത്രം കുമാരിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഷന്‍ പോസ്റ്ററിനൊപ്പമാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ 28 ന് ചിത്രം തിയറ്ററുകളിലെത്തും. നിര്‍മല്‍ സഹദേവിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോണ്‍, തന്‍വി റാം, സ്ഫടികം ജോര്‍ജ്, രാഹുല്‍ മാധവ്, ശിവജിത്ത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലംബോര്‍ഗിനി ഉറൂസ് എസ്യുവിക്ക് പിന്നാലെ മിനി കണ്‍ട്രിമാന്‍ ജെസിഡബ്ല്യു ഇന്‍സ്പയേര്‍ഡ് സ്വന്തമാക്കി ഫഹദ് ഫാസില്‍. മിനി നിരയിലെ സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവര്‍ എസ്യുവിയാണ് കണ്‍ട്രിമാന്‍. നാലു ഡോര്‍ പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്. രണ്ടു ലീറ്റര്‍ നാലു സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിള്‍ ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോര്‍ട്സ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.5 സെക്കന്‍ഡ് മതി ഈ കരുത്തന്. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.

മലയാളക്കരയെ സ്‌നേഹിച്ച സൈദ് എന്ന അറബിയുടെ കഥയാണിത്. ഭാഷയ്ക്കപ്പുറവും ദേശങ്ങള്‍ക്കപ്പുറവും വളരുന്ന പ്രണയത്തിന്റെ കഥ. ജോലി തേടി അറബ് നാട്ടിലെത്തിയ ഒരു മലയാളിപെണ്‍കുട്ടിയുടെ ഇച്ഛാശക്തിക്കും സത്യസന്ധതയ്ക്കും ദൃഢനിശ്ചയത്തിനും മുന്നില്‍ പ്രണയത്തിന്റെ ശക്തിയില്‍ കീഴടങ്ങേണ്ടി വന്ന അറബിയുടെ മലയാളമുഖം. നമ്മള്‍ കേട്ടുപരിചയിച്ച ഗദ്ദാമമാരുടെ കദനകഥകളില്‍നിന്നും അര്‍ബാബ്മാരുടെ ക്രൂരതകളില്‍നിന്നും വ്യത്യസ്തമായി ജോലിക്കാരെ മനുഷ്യത്വത്തോടെ സമീപിക്കുന്ന ഒരു അറബിഗൃഹത്തിലെ കാഴ്ചകള്‍ അനാവരണം ചെയ്യുന്ന കൃതി. സമീര്‍ എന്ന സിനിമയുടെ സംവിധായകനില്‍നിന്നും ഒരു നോവല്‍. ‘അറബിമലയാളി’. റഷീദ് പാറയ്ക്കല്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.

വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് മീനെണ്ണ ഗുളിക. എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നാണ് ഇവ എടുക്കുന്നുത്. പ്രായമാകുന്ന തലച്ചോറിനെ ശക്തിപ്പെടുത്താന്‍ മീനെണ്ണ ഗുളിക സാധിക്കുമെന്ന് പഠനം പറയുന്നു. 2,000-ലധികം മധ്യവയസ്‌കരില്‍ നടത്തിയ പഠനത്തില്‍ ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉയര്‍ന്ന അളവ് ഉള്ളവര്‍ ചിന്താശേഷിയുടെ പരിശോധനയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി ഗവേഷകര്‍ കണ്ടെത്തി. അത് കൊണ്ട് തന്നെ പ്രായമായവരില്‍ ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ, അയല, മത്തി, മത്തി തുടങ്ങിയ ഫാറ്റി മത്സ്യങ്ങളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നു. ഒമേഗ-3 കൂടുതലായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനവും ഡിമെന്‍ഷ്യയുടെ അപകടസാധ്യതയും കുറയ്ക്കുന്നതായി നിരവധി പഠനങ്ങള്‍ പറയുന്നു. ന്യൂറോളജി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. അസാധാരണമായ മസ്തിഷ്‌ക വാര്‍ദ്ധക്യത്തിന്റെ ആദ്യ സൂചകങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്ന സമയമാണ് മധ്യവയസ്സ്. അമിതവണ്ണം ഉള്ളവര്‍ മീനെണ്ണ ഗുളിക കഴിക്കുന്നത് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചീത്ത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു. ഇവ കഴിക്കുന്നതിലൂടെ ശരീരഘടന നന്നാകുന്നതിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കണ്ണുകള്‍ക്ക് നല്ലതാണ്. കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ദിവസവും ഓരോ മീനെണ്ണ ഗുളിക കഴിച്ചാല്‍ പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കും. ഒപ്പം ബുദ്ധിവികാസത്തിനും ഇവ സഹായിക്കുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കാതെ ഗുളിക സ്വയം വാങ്ങി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ പത്തൊന്‍പത് വയസ്സുകാരന്‍ ഒരു കൗണ്‍സിലറുടെ മുന്നില്‍ ഇരിക്കുകയാണ്. കുറെ നേരം മിണ്ടാതെയിരുന്നതിന് ശേഷം അവന്‍ കൗണ്‍സിലറോട് ഇങ്ങനെ പറഞ്ഞു: എങ്ങനെയെങ്കിലും എന്റെ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മുക്തിനേടി എനിക്ക് സന്തോഷമായി ഇരിക്കണം. എന്റെ ഭാവി ജീവിതമോര്‍ത്ത് എനിക്ക് നല്ല പേടിയുണ്ട്. കൗണ്‍സിലര്‍ ചോദിച്ചു: എന്തിനാണ് നീ ഇങ്ങനെ പേടിക്കുന്നത്? അവന്‍ പറഞ്ഞു: എന്റെ ജീവിതത്തെ വിജയത്തിലെത്തിക്കാനുളള ഒരുപാട് കാര്യങ്ങളെപറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. ഞാന്‍ ഹാര്‍ഡ് വര്‍ക് ചെയ്യണം, സ്മാര്‍ട്ട് വര്‍ക് ചെയ്യണം, നന്നായി എക്‌സര്‍സൈസ് ചെയ്യണം, നന്നായി ഉറങ്ങണം, നല്ല ഭക്ഷണ കഴിക്കണം, അറിവ് നേടണം, എന്റെ സോഷ്യല്‍ റിലേഷന്‍ഷിപ്പ് എല്ലാം നന്നായി മുന്നോട്ട് കൊണ്ടുപോകണം പക്ഷേ, എല്ലായ്‌പോഴും ഇതെല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. കാരണം, ഒന്നുകില്‍ എനിക്കതിനുള്ള സമയമുണ്ടാകാറില്ല. അല്ലെങ്കില്‍ അതിനുള്ള എന്‍ര്‍ജി ഉണ്ടാകാറില്ല. ഇങ്ങനെ പലപ്പോഴും ചെയ്യേണ്ടകാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. ഇതൊന്നും ചെയ്യാന്‍ പറ്റാതാകുമ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു. ഞാന്‍ ഇങ്ങനെയായാല്‍ എന്റെ ഭാവി എന്തായിരിക്കും.. ഞാന്‍ നാളെ ആരായി മാറും.. എനിക്കെന്തെങ്കിലും എന്റെ ജീവിതത്തില്‍ നേടിയെടുക്കാന്‍ ആകുമോ… മറ്റുള്ളവരൊക്കെ എത്ര മനോഹരമായാണ് ജീവിക്കുന്നത്.. ഞാന്‍ മാത്രം ഇങ്ങനെ… ഇതൊക്കെ ചിന്തിച്ച് ചിന്തിച്ച് ഒന്നും ചെയ്യാനാകാതെ ഒരു കുഴിയില്‍ അകപ്പെട്ട പോലെ ഇരിക്കുകയാണ്. അതില്‍ നിന്നും പുറത്ത് കടക്കാന്‍ എനിക്കാവുന്നില്ല.. തന്റെ മനസ്സിലുള്ളതെല്ലാം അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.. എന്നിട്ട് പ്രതീക്ഷയോടെ കൗണ്‍സിലറുടെ മുഖത്തേക്ക് നോക്കി. കൗണ്‍സിലര്‍ ചോദിച്ചു: നിനക്ക് തിരിച്ചുവരാന്‍ സാധിക്കുമോ? ചോദ്യം മനസ്സിലാകാത്ത പോലെ അവന്‍ കൗണ്‍ലറുടെ മുഖത്തേക്ക് നോക്കി. അയാള്‍ തന്റെ ചോദ്യം കൂടുതല്‍ വ്യക്തമാക്കി… : നീ നിന്റെ ഭൂതകാലത്ത് സംഭവിച്ച തെറ്റുകളില്‍ നിന്നും ഭാവിയില്‍ നിനക്ക് സംഭവിച്ചേക്കാവുന്ന പരാജയങ്ങളെ എല്ലാം മറന്ന് നിനക്ക് ഇപ്പോള്‍ ഞാനും നീയും സംസാരിച്ചിരിക്കുന്ന വര്‍ത്താമാനകാലത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കുമോ? അവന്‍ ഒന്നും മിണ്ടാതെ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു. അയാള്‍ തുടര്‍ന്നു: ഭൂതകാലത്തിലും ഭാവിയിലും ജീവിക്കാന്‍ നമുക്ക് വളരെ എളുപ്പമാണ്. പക്ഷേ, ഭൂതത്തിലും ഭാവിയിലും ഒന്നും ജീവിച്ചിട്ട് ഒരു കാര്യവുമില്ല. നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നത് ഇവിടെയാണ്.. ഈ വര്‍ത്തമാനകാലത്തിലാണ്.. ഇവിടെ നിലവില്‍ ഉള്ള പ്രശ്‌നങ്ങളെ ക്രോഡീകരിച്ച് ഒരോന്നായി അതിനുള്ള ഉത്തരം കണ്ടെത്താന്‍ മാത്രം ശ്രമിച്ചാല്‍ നമുക്ക് നല്ലൊരു ജീവിതം വാര്‍ത്തെടുക്കാന്‍ കഴിയും.. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയ സന്തോഷത്തോടെ അവന്‍ അവിടെ നിന്നും എഴുന്നേറ്റു. ഓവര്‍ തിങ്കിങ്ങ് ആണ് പലപ്പോഴും നമ്മുടെ എല്ലാം പ്രശ്‌നങ്ങളുടെ ആരംഭം. ഭൂതത്തിലേയും ഭാവിലേയും ജീവിക്കാതെ, ഇന്നില്‍ ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *