◾ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എല്‍ ഡി എഫ്. പിപ്പിടി വിദ്യ പരാമര്‍ശം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്ന ഒരു ഗവര്‍ണര്‍ കേരളത്തിന് അപമാനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ നടത്തുന്നത് ആര്‍ എസ് എസ് കുഴലൂത്താണെന്നും വൈസ് ചാന്‍സിലറുടെ നിയമനം ശരിയല്ലെങ്കില്‍ ചാന്‍സിലര്‍ നിയമനവും ശരിയല്ലെന്നും എം.വി.ഗോവിന്ദന്‍ തുറന്നടിച്ചു.
◾ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു. സുപ്രീം .കോടതി വിധിപ്രകാരം ചട്ടപ്രകാരമല്ലാതെ നിയമിച്ച വിസിമാര്‍ക്ക് തുടരാനാകില്ല എന്നും നവംബര്‍ നാലിനുള്ളില്‍ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വി സി മാരെ നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശന്‍. ഘടകകക്ഷികളുമായി ആലോചിച്ച് വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്. വി സി മാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ തെറ്റില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ഗവര്‍ണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നലെയും ആവര്‍ത്തിച്ചു. ഭരണസംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
◾കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ 10 തവണ കൈമറിഞ്ഞ് എത്തിയതാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം വിപുലീകരിക്കുമെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.
◾ജമീഷ മുബീന്‍ എന്നയാളോ, ഈ പേരുള്ള മറ്റാരെങ്കിലുമോ വിയ്യൂര്‍ ജയിലില്‍ വന്നിരുന്നില്ലെന്ന് കോയമ്പത്തൂര്‍ സ്ഫോടന കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തെ അറിയിച്ച് വിയ്യൂര്‍ ജയില്‍ അധികൃതര്‍. അതേ സമയം വിയ്യൂരില്‍ തടവില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ സന്ദര്‍ശിച്ച മുഴുവനാളുകളുടെയും പട്ടിക അന്വേഷണ സംഘത്തിന് വിയ്യൂര്‍ ജയില്‍ അധികൃതര്‍ കൈമാറി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾സിവിക് ചന്ദ്രന് ജാമ്യം. യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടിയാണ് സിവികിന് ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ ഇന്നലെ രാവിലെ കീഴടങ്ങിയിരുന്നു.
◾എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. ബലാല്‍ത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ട്. അതിനാല്‍ അപ്പീല്‍ നല്‍കാമെന്നും അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. എന്നാല്‍ ഇന്നലെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ എല്‍ദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്.
◾പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്‍മാറാനായി കൃത്രിമ രേഖ ചമക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഈ കേസില്‍ പരാതിക്കാരിയുടെ മൊഴി വഞ്ചിയൂര്‍ പൊലീസ് ഇന്ന് രേഖപ്പെടുത്തും.
◾
◾മാധ്യമ വിലക്കില്‍ പുതിയ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു മാധ്യമത്തെയും പത്ര സമ്മേളനത്തില്‍ നിന്ന് വിലക്കിയില്ല. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിച്ചതാണ്. ഇത് ചിലര്‍ വാര്‍ത്താ സമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവര്‍ണ്ണര്‍ ട്വീറ്റ് ചെയ്തു. മാധ്യമങ്ങളെ വിലക്കിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിശദീകരണവുമായി രംഗത്തെത്തിയത് .
◾കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച കാലാവധി ഹൈക്കോടതി വീണ്ടും നീട്ടി. പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ ആക്കാനുള്ള സര്‍ക്കാര്‍ നീക്കം ചോദ്യം ചെയ്ത് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
◾കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ പുറത്ത് കടന്നു. കോഴിക്കോട് സ്വദേശികളായ 17, 20 വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് രക്ഷപ്പെട്ടത്.
◾പൊലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയ നാല്‍വര്‍ സംഘം പിടിയില്‍. തിങ്കളാഴ്ച വൈകിട്ട് പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്ത് വച്ച് പോലീസാണെന്ന് പറഞ്ഞു രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും, പണമടങ്ങുന്ന പഴ്‌സും തട്ടിയെടുത്ത നാല് പേരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◾കൊച്ചി ഗിരിനഗറില്‍ നടന്ന കൊലപാതകത്തില്‍ അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊന്നത് എന്ന് കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത് .കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ട ഇയാള്‍ വീട്ടുടമയ്ക്ക് നല്‍കിയ വിലാസം മഹാരാഷ്ട്രയിലേത്. എന്നാല്‍ ഇവര്‍ നേപ്പാള്‍ സ്വദേശികളെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന് നഗരത്തില്‍ ബാര്‍ബര്‍ ഷോപ്പ് ഉണ്ടായിരുന്നെങ്കിലും കുറേ മാസങ്ങളായി വീട്ടില്‍ തന്നെ വിഗ് ഉണ്ടാക്കുന്ന ജോലിയായിരുന്നു എന്നും പോലീസ് പറയുന്നു.
◾കൊട്ടേഷന്‍ സംഘം കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഷറഫ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തി. ഇയാള്‍ക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് വീട്ടിലെത്തിയത്. തന്നെ രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നും തട്ടിക്കൊണ്ട് പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറഞ്ഞു.
◾കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് രാഹുല്‍ ഗാന്ധി. അതേസമയം സമവായ നീക്കവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രവര്‍ത്തക സമിതിയിലേക്കുള്ള മത്സരം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യതയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സമവായ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
◾രാജ്യ തലസ്ഥാനമായ ദില്ലിയിലും പരിരസര പ്രദേശങ്ങളിലും വായു മലിനീകരണ തോത് വളരെ മോശം അവസ്ഥയില്‍ തുടരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ദില്ലിയില്‍ വായു മലിനീകരണ തോത് കുത്തനെ ഉയര്‍ന്നത്. ജനങ്ങള്‍ വിലക്ക് ലംഘിച്ച് പടക്കം പൊട്ടിച്ചതും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിച്ചതുമാണ് അന്തരീക്ഷ മലിനീകരണത്തോത് കൂട്ടിയത്. മലിനീകരണം കുറയ്ക്കാനായി നഗരത്തിലെ റോഡുകളില്‍ വെള്ളം തളിക്കാന്‍ തുടങ്ങി.
◾ദീപാവലി ദിനത്തില്‍ 15,76,955 എണ്ണ വിളക്കുകള്‍ തെളിയിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ഈ വിവരം പങ്കു വച്ചിട്ടുണ്ട്. അയോധ്യയിലെ റാം കി പൈഡിയില്‍ ദീപങ്ങള്‍ തെളിയിച്ചാണ് ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് ഏറ്റവും കൂടുതല്‍ എണ്ണ വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി എടുത്തത്.
◾സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് മുംബൈയിലെ സ്‌പെഷ്യല്‍ കോടതി.അബ്രാര്‍ ഖാന്‍ എന്ന യുവാവിനെ ഐപിസി സെക്ഷന്‍ 354 പ്രകാരം ഒന്നര വര്‍ഷം കോടതി ജയില്‍ശിക്ഷ വിധിച്ചു. മനപ്പൂര്‍വ്വം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനാണ് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. റോഡുകളിലെ പൂവാലന്മാര്‍ക്ക് ഇതൊരു പാഠമാകണമെന്നും കോടതി പറഞ്ഞു.
◾യുഎഇയില്‍ ഇനി മുതല്‍ പുതിയ വിസകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് വിശദാംശങ്ങളും നല്‍കണം. ഈ മാസം ആദ്യം നിലവില്‍ വന്ന പുതിയ വിസാ ചട്ട പ്രകാരമാണ് പുതിയ വിസകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
◾കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ വ്യക്തികള്‍ക്കുള്ള സന്ദര്‍ശന വിസകള്‍ പുതുക്കാമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ്. അതേസമയം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. സന്ദര്‍ശന വിസാ കാലാവധി ആറുമാസത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാനും കഴിയില്ല.
◾ഇറാഖ്, സിറിയ, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ വ്യക്തിഗത ഉപയോഗത്തിനായി കുവൈത്തിലേക്ക് ഭക്ഷണം കൊണ്ട് വരുന്നത് തടയാന്‍ തീരുമാനം. ചില രാജ്യങ്ങളില്‍ കോളറ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
◾കുവൈത്തില്‍ അമ്പതിലധികം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ഗവര്‍ണറേറ്റിലെ സ്‌കൂളുകളില്‍ ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട ശേഷമാണ് ഋഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ഋഷി സുനക് പറഞ്ഞു.
◾ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭയില്‍ വന്‍ മാറ്റങ്ങളുമായി ഋഷി സുനക്. പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന് മുന്നോടിയായി ലിസ് ട്രസ് മന്ത്രിസഭയിലെ നാല് അംഗങ്ങളോട് രാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അതേസമയം ഉപപ്രധാനമന്ത്രിയായി ഡൊമിനിക് റാബിനെയും ധനമന്ത്രിയായി ജെറമി ഹണ്ടിനെയും ആഭ്യന്തരമന്ത്രിയായി സുവെല്ല ബ്രേവര്‍മാനെയും നിയമിച്ചു.
◾കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെ കുളിക്കാതിരുന്ന ഇറാന്‍കാരനായ അമൗ ഹാജി അന്തരിച്ചു. 94 ാം വയസിലാണ് മരണപ്പെട്ടത്. കുളിച്ചാല്‍ രോഗം വരുമെന്ന ഭയം കാരണമാണ് ഇദ്ദേഹം അരനൂറ്റാണ്ടിലേറെ കുളിക്കാതിരുന്നത്.
◾ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്. അമോലില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സെപ്തംബറിലാണ് 21 കാരനായ ഇര്‍ഫാന്‍ റിസേയി കൊല്ലപ്പെട്ടത്. അതേസമയം പ്രതിഷേധക്കാരാണ് മകനെ കൊലപ്പെടുത്തിയതെന്ന് പ്രതികരിക്കാന്‍ ഇര്‍ഫാന്റെ കുടുംബം നിര്‍ബന്ധിതരായിയെന്നാണ് റിപ്പോര്‍ട്ട്.
◾ഗൂഗിളിന് വീണ്ടും പിഴ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഗൂഗിളിന് 936 കോടി രൂപ പിഴയിട്ടത്. കമ്പനിയുടെ പേയ്‌മെന്റ് ആപ്പിനും പേയ്‌മെന്റ് സിസ്റ്റത്തിനും കൂടുതല്‍ പ്രചാരണം ലഭിക്കാന്‍ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് വീണ്ടും പിഴയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഓസ്‌ട്രേലിയക്ക് ജയം. ലങ്ക ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടന്നു. ജയത്തോടൊപ്പം മികച്ച നെറ്റ് റണ്‍റേറ്റ് ആവശ്യമായിരുന്ന ഓസീസിന് തുണയായത് 18 പന്തുകള്‍ നേരിട്ട് ആറ് സിക്‌സും നാല് ഫോറുമടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്ന മാര്‍കസ് സ്റ്റോയ്‌നസിന്റെ ഇന്നിങ്‌സായിരുന്നു.
◾താന്‍ വിരമിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. തിരിച്ചുവരാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും താരം വെളിപ്പെടുത്തി. മാസങ്ങള്‍ക്ക് മുമ്പാണ് ഇക്കഴിഞ്ഞ യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചതും യുഎസ് ഓപ്പണിലെ മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായതിനു പിന്നാലെ ടെന്നീസ് ലോകം ഒന്നടങ്കം വമ്പന്‍ യാത്രയയപ്പ് സമ്മാനിച്ചതും.
◾ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ നിന്ന് ലാഭവിഹിതമായി ലഭിച്ച 126 കോടി രൂപയ്ക്ക് ബ്രിട്ടനില്‍ നികുതി അടച്ചോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതായി റിപ്പോര്‍ട്ട്. നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ 3.89 കോടി ഓഹരികളാണ് ഉള്ളത്. 2022ല്‍ ഇതുവരെ 126.61 കോടി രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്. ചൊവ്വാഴ്ചത്തെ ഇന്‍ഫോസിസിന്റെ വ്യാപാര നിരക്ക് അനുസരിച്ച് അക്ഷതയുടെ ഓഹരി മൂല്യം ആറായിരം കോടിയോട് അടുത്ത് വരും. ഇന്ത്യക്കാരി എന്ന നിലയില്‍ അക്ഷതയ്ക്ക് ബ്രിട്ടനില്‍ നോണ്‍ ഡൊമിസൈല്‍ഡ് സ്റ്റാറ്റസ് ആണ്. അങ്ങനെ വരുമ്പോള്‍ പതിനഞ്ച് വര്‍ഷം വരെ വിദേശരാജ്യത്ത് നിന്ന് സമ്പാദിക്കുന്ന വരുമാനത്തിന് ബ്രിട്ടനില്‍ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കും.
◾അമിത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്ത തേരിന്റെ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര്‍ പുറത്തിറക്കിയത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തേര്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ചക്കാലക്കലിനൊപ്പം കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും തേരില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഉടന്‍ തിയേറ്ററുകളിലേക്കെത്തും.
◾ഫിഫ ലോകകപ്പ് ആവേശം കൂട്ടാന്‍ ആരാധകര്‍ക്ക് സമ്മാനവുമായി നടന്‍ മോഹന്‍ലാല്‍. താരം ഒരുക്കിയ സംഗീത ആല്‍ബം ഈ മാസം 30ന് ഖത്തറില്‍ പ്രകാശനം ചെയ്യും. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ എന്ന വിഡിയോ. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ചേര്‍ന്നാണ് റിലീസിങ് നടത്തുന്നത്. 31ന് ‘ഡൈന്‍ വിത്ത് മോഹന്‍ലാല്‍’ എന്ന പരിപാടിയിലൂടെ മോഹന്‍ലാലുമായി നേരിട്ട് സംവദിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുക്കും.
◾സ്‌കോഡ കുഷാക്ക് ആനിവേഴ്‌സറി പതിപ്പ് കാന്‍ഡി വൈറ്റ്, കാര്‍ബോള്‍ സ്റ്റീല്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പെയിന്റ് സ്‌കീമുകളിലാണ് എത്തുക. 110 ബിഎച്ച്പി, 1.0 എല്‍ ടിഎസ്ഐ പെട്രോള്‍, 147 ബിഎച്ച്പി, 1.5 എല്‍ ടിഎസ്ഐ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കുഷാക്ക് ലഭ്യമാവുക. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന് അതിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ 20,000 രൂപ മുതല്‍ 30,000 രൂപ വരെ വില കൂടിയേക്കാം.
◾മരങ്ങളാലും ചെടികളാലും വിവിധതരം ജീവജാലങ്ങളാലും നിറഞ്ഞ കാടിനെ എത്ര അറിഞ്ഞാലും മതിവരില്ല. പ്രശസ്ത എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീര്‍ കാട്ടിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണമാണ് ഈ പുസ്തകം. വൈവിധ്യമാര്‍ന്ന വനസൗന്ദര്യത്തെ വളെര ലളിതമായി ഇതില്‍ പരിചയപ്പെടുത്തുന്നു.കാട് എന്ന വിസ്മയത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും. ‘കാടറിയാന്‍ ഒരു യാത്ര’. എന്‍ എ നസീര്‍. മാതൃഭൂമി ബുക്സ്. വില 171 രൂപ.
◾ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഏറ്റവും സ്വാഭാവിക മാര്‍ഗമാണ് പഴം കഴിക്കുന്നത്. സീതപ്പഴം വായു മലിനീകരണത്തെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതായി മിക്ക പഠനങ്ങളും പറയുന്നു. 100 ഗ്രാം കസ്റ്റാര്‍ഡ് ആപ്പിളില്‍ മൊത്തം കലോറി അളവ് 94 കലോറിയാണ്. പ്രോട്ടീനുകള്‍ 2.1 ഗ്രാം, ഭക്ഷണ നാരുകള്‍ 4.4 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ് 23.6 ഗ്രാം. കസ്റ്റാര്‍ഡ് ആപ്പിളില്‍ പോളിഫിനോളിക് ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഇന്‍സുലിന്‍ ഉല്‍പ്പാദനവും ഗ്ലൂക്കോസ് ആഗിരണവും വളരെയധികം വര്‍ദ്ധിപ്പിക്കുകയും അതുവഴി പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. പഴം ഗ്ലൂക്കോസിന്റെ പേശികളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുകയും അതുവഴി അതിന്റെ പെരിഫറല്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 100 ഗ്രാം കസ്റ്റാര്‍ഡ് ആപ്പിളില്‍ 20 മില്ലിഗ്രാം വിറ്റാമിന്‍ സി ഉള്ളതിനാല്‍ ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ഇന്‍സുലിന്‍ ഉല്‍പാദനത്തെ പരോക്ഷമായി ബാധിക്കുകയും അങ്ങനെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു. കസ്റ്റാര്‍ഡ് ആപ്പിള്‍ ധാരാളം പൊട്ടാസ്യം നല്‍കുന്നു, ഇത് പേശികളുടെ ബലഹീനത ഇല്ലാതാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കസ്റ്റാര്‍ഡ് ആപ്പിളില്‍ സോഡിയം, പൊട്ടാസ്യം എന്നിവയുടെ സമതുലിതമായ അനുപാതം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. കസ്റ്റാര്‍ഡ് ആപ്പിള്‍ ഹൃദയപേശികളെ അയവുവരുത്തുകയും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.