◾വൈസ് ചാന്‍സലര്‍മാരോടു രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം ലംഘിച്ചാണ് നിയമിച്ചതെന്ന് ആരോപിച്ച ഗവര്‍ണര്‍തന്നെയാണ് അവരെ നിയമിച്ചത്. സര്‍വകലാശാലകളെ സഘപരിവാര്‍വത്കരിക്കാനാണു ഗവര്‍ണറുടെ ശ്രമം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാതെ നിയമസഭയേയും കേരളത്തേയും അപമാനിച്ചു. മന്ത്രിമാരെ പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി. ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളി വൈസ് ചാന്‍സലര്‍മാര്‍. വൈസ് ചാന്‍സലര്‍മാര്‍ ആരും രാജിവച്ചില്ല. ആറു പേര്‍ ഗവര്‍ണര്‍ക്കു മറുപടി നല്‍കി. ഗവര്‍ണറുടെ നടപടിക്കെതിരേയുള്ള വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജി അവധിദിനമാണെങ്കിലും ഇന്നു നാലിനു ഹൈക്കോടതി പരിഗണിക്കും.
◾മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ദീപാവലി സന്ധ്യയായ ഇന്ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കും. വൈകീട്ട് ആറരയ്ക്കാണ് ദീപം തെളിയിക്കുക.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ ചാവേര്‍ സ്ഫോടനം. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നിലുണ്ടായ കാര്‍ സ്ഫോടനത്തില്‍ യുവാവ് മരിച്ചു. ചാവേര്‍ ആക്രമണത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിംഗ് ബിരുദധാരിയായ ജമേഷാ മുബിന്‍ (25) ആണ് മരിച്ചത്. ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടില്‍നിന്നു സ്ഫോടക വസ്തു ശേഖരം കണ്ടെത്തി.
◾ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടനില്‍ പ്രധാനമന്ത്രി പദത്തിലേക്ക്. 157 എംപിമാരുടെ പിന്തുണ ഋഷി സുനക് ഉറപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് 57 പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ.
◾‘നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരല്ല, കേഡര്‍മാരാണ്. നിങ്ങളോടു സംസാരിക്കാനില്ലെ’ന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടു പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് ഗവര്‍ണര്‍ ഇങ്ങനെ പ്രതികരിച്ചത്. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്കു രാജ് ഭവനിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖
◾കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ സേവന കാലാവധി കഴിഞ്ഞതോടെ വൈസ് ചാന്‍സറുടെ ചുമതല ഏറ്റെടുക്കാന്‍ എത്തുന്നയാളെ അകത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍. സര്‍വ്വകലാശാലയുടെ കവാടത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തി. മലയാളം സര്‍വകലാശാലയിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരേ സമരം നടത്തി.
◾വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന ഗവര്‍ണറുടെ തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ഗവര്‍ണറുടെ നിലപാടിനെ എതിര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഗവര്‍ണറുടെ നിലപാടിനെ പിന്തുണയ്ക്കുകയാണു ചെയ്തത്.
◾ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് മന്ത്രി ആര്‍. ബിന്ദു. കാലഹരണപ്പെട്ട ഫ്യൂഡല്‍ കാലത്താണ് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നത്. മന്ത്രിമാരെ പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. മന്ത്രി പദവി കണ്ടിട്ടല്ല പൊതുരംഗത്തേക്ക് വന്നതെന്നും ബിന്ദു പറഞ്ഞു.
◾സര്‍വകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ജുഡീഷ്യറിയുടെ അധികാരത്തിലേക്കു കൈകടത്തിയെന്ന് സംസ്ഥാന നിയമ മന്ത്രി പി രാജീവ്. സാങ്കേതിക സര്‍വകലാശാലാ കേസിലെ വിധി ആ കേസിനു മാത്രമാണ് ബാധകം. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ പിന്തുണക്കുന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.
◾ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന കാര്യം എല്‍ഡിഎഫ് ഗൗരവമായി ആലോചിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഗവര്‍ണര്‍ ചെയ്യുന്നതെല്ലാം ജനം വച്ചുപൊറുപ്പിക്കില്ലെന്നും കാനം പറഞ്ഞു.
◾ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ്. കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍.
◾ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സ്പീക്കര്‍ പറഞ്ഞു.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതി വിധി അടക്കമുള്ള നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ചാന്‍സലറുടെ അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎംകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍ പ്രതിരോധിക്കും. ഗവര്‍ണര്‍ അനാഥനല്ല. ഭീഷണി വേണ്ടെന്നും സുരേന്ദ്രന്‍.
◾ഗവര്‍ണറെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
◾വയനാട് തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് യാത്രക്കാരനില്‍നിന്ന് ഒന്നരക്കോടി രൂപ കവര്‍ന്ന സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മന്‍സൂര്‍, മലപ്പുറം സ്വദേശി ഷഫീര്‍ എന്നിവരാണ് അറസ്റ്റിലായത്.
◾കിളിക്കൊല്ലൂരില്‍ സൈനികനു പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍. പൊലീസിന്റെ വിശ്വാസം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ 27 ന് സിപിഎം മൂന്നാംകുറ്റിയില്‍ വിശദീകരണയോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
◾വാളയാറില്‍ സഹോദരങ്ങളെ മര്‍ദിച്ച കേസില്‍ വാളയാര്‍ സ്റ്റേഷനിലെ സിപിഒ പ്രതാപനെ ഒറ്റപ്പാലം സ്റ്റേഷനിലേക്കു സ്ഥലം മാറ്റി. വാളയാര്‍ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു.
◾മണ്ണാര്‍ക്കാടുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് സ്വദേശി വട്ടത്തോടി വീട്ടില്‍ നിയാസിനെയാണു തട്ടിക്കൊണ്ടു പോയത്. രണ്ടു കാറില്‍ എത്തിയ സംഘമാണു തട്ടിക്കൊണ്ടുപോയത്.
◾കാല്‍പ്പാദങ്ങളോടു ചേര്‍ത്ത് ഒട്ടിച്ചു കടത്തുകയായിരുന്ന 78 ലക്ഷം രൂപയുടെ 1,762 ഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ദില്‍ഷാദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
◾എംഡിഎംഎ വില്‍പ്പന നടത്തിയ സംഭവത്തില്‍ തിരുവഞ്ചൂര്‍ സ്വദേശി പ്രകാശ് (30) എന്നയാളെ പിടികൂടി. പോത്ത് ഫാമിന്റെ മറവില്‍ യുവാക്കള്‍ക്ക് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന പ്രതിയില്‍ നിന്ന് 20.86 ഗ്രാം എംഡിഎംഎ പിടികൂടി.
◾താമരശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ ടാറ്റാ സുമോ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാര്‍ മലപ്പുറം ജില്ലയിലെ മോങ്ങത്ത് കണ്ടെത്തി. താമരശേരിയില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനായ താമരശേരി അവേലം സ്വദേശി മുരിങ്ങാം പുറായില്‍ അഷ്റഫിനെ (55) ആണു തട്ടിക്കൊണ്ടുപോയത്.
◾സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തില്‍ പീഡിപ്പിച്ച യുവാവ് പിടിയില്‍. വെള്ളൂര്‍ വടകര സ്വദേശി 18 കാരനായ അന്‍സിലിനെയാണു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
◾സിനിമാ തിയേറ്ററിലെ പാര്‍ക്കിങ്ങില്‍നിന്നു ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഫസലുദ്ദീന്‍ തങ്ങള്‍ (28)ആണ് പിടിയിലായത്.
◾കോയമ്പത്തൂര്‍ ഉക്കടത്ത് ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഴു പേര്‍ കസ്റ്റഡിയില്‍. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. സ്ഫോടനം നടന്ന ടൗണ്‍ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീടിനു സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. നാലു പേര്‍ കാറിനകത്തേക്ക് സാധനങ്ങള്‍ എടുത്തു വയ്ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
◾സ്ഫോടനത്തില്‍ തകര്‍ന്ന കാര്‍ ഒമ്പതു തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. പൊള്ളാച്ചി റജിസ്ട്രേഷനുള്ള കാറാണിത്. സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാന്‍ കാറിനകത്ത് മാര്‍ബിള്‍ ചീളുകള്‍, ആണികള്‍, ഒരു പാചക വാതക സിലിണ്ടര്‍ എന്നിവയും കണ്ടെത്തി. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കി.
◾കാര്‍ഗിലിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗിലില്‍ എത്തിയ പ്രധാനമന്ത്രിയെ സൈനികര്‍ സ്വീകരിച്ചു. സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.
◾മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ 40 എംഎല്‍എമാരില്‍ 22 പേര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് ഉദ്ദവ് പക്ഷം. ഉദ്ധവ് താക്കറെ ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ആരോപണം ഉന്നയിച്ചത്. ഏക്നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയാക്കിയത് താത്കാലിക ക്രമീകരണമാണെന്നാണ് ആരോപണം.
◾ന്യൂയോര്‍ക്കിലെ സാഹിത്യപരിപാടിക്കിടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിന്റെ ചലനശേഷിയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ വക്താവ് ആന്‍ഡ്രൂ വൈലിയാണ് ഇക്കാര്യം വെളിപെടുത്തിയത്. റുഷ്ദിയുടെ കഴുത്തില്‍ ഗുരുതരമായ മൂന്ന് മുറിവുകളുണ്ട്. കൈയിലെ ഞരമ്പുകള്‍ മുറിഞ്ഞതിനാലാണു ഒരു കൈയിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. നെഞ്ചിലും ശരീരത്തിലും പതിനഞ്ചോളം മുറിവുകളുണ്ട്.
◾ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ബംഗ്ലാദേശിന് 9 റണ്‍സിന്റെ വിജയം. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 20 ഓവറില്‍ 135 റണ്‍സില്‍ അവസാനിച്ചു. 4 ഓവറില്‍ 25 റണ്‍സിന് നാല് വിക്കറ്റുമായി ബംഗ്ലാദേശിന്റെ ടസ്‌കിന്‍ അഹമ്മദാണ് നെതര്‍ലണ്ട്സിന്റെ നടുവൊടിച്ചത്.
◾ഇന്ത്യയുടെ വിദേശ നാണയശേഖരം ഒക്ടോബര്‍ 14ന് സമാപിച്ച ആഴ്ചയിലും നേരിട്ടത് കനത്ത തകര്‍ച്ച. 450 കോടി ഡോളര്‍ ഇടിഞ്ഞ് നിരവധി വര്‍ഷങ്ങളിലെ താഴ്ചയായ 52,837 കോടി ഡോളറിലേക്കാണ് ശേഖരം ഇടിഞ്ഞത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 283 കോടി ഡോളര്‍ താഴ്ന്ന് 46,867 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 150 കോടി ഡോളര്‍ താഴ്ന്ന് 3,745 കോടി ഡോളറിലെത്തി. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയിലെ 64,245.3 കോടി ഡോളറാണ് ഇന്ത്യന്‍ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. തുടര്‍ന്ന് ഇതുവരെ ശേഖരത്തിലുണ്ടായ ഇടിവ് 11,408 കോടി ഡോളര്‍.
◾പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് കമ്പനിയുടെ ലാഭം 5% ഇടിഞ്ഞു. 3844.4 കോടി രൂപയാണ് 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതി കഴിഞ്ഞ് 4040.8 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 2020-21 സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനം 75,886.3 കോടി രൂപയായിരുന്നു. 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ വരുമാനം 8.65 ശതമാനം ഉയര്‍ന്ന് 82,451.60 കോടി രൂപയായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് 2022 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ചെലവ് 79758.9 കോടി രൂപയായി ഉയര്‍ന്നു. ഇതാണ് ലാഭം കുറയാന്‍ കാരണമായത്.
◾വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
◾വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘തങ്കളാന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. വിക്രമിനൊപ്പം മലയാളി താരം പാര്‍വ്വതി തിരുവോത്തും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണിത്.
◾റോള്‍സ്-റോയ്സ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ‘സ്‌പെക്ടര്‍’ വില്പനയ്ക്കെത്തിക്കഴിഞ്ഞു. ആഡംബരത്തിന്റെ ആര്‍ക്കിടെക്ചറില്‍ ഒരുക്കിയ ഈ ഇലക്ട്രിക് സൂപ്പര്‍ കൂപ്പേയുടെ ബുക്കിംഗ് ആരംഭിച്ചു. ഡെലിവറി 2023 അവസാനമേയുണ്ടാകൂ. 577 ബി.എച്ച്.പി കരുത്തും 900 എന്‍.എം ടോര്‍ക്കും അവകാശപ്പെടുന്നതാണ് സ്‌പെക്ടറിന്റെ ഹൃദയം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സ്‌പെക്ടറിന് വെറും 4.5 സെക്കന്‍ഡ് മതി. ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജില്‍ 520 കിലോമീറ്റര്‍ വരെ ഓടാം. വിപണിയിലെ മറ്റേതൊരു ഇലക്ട്രിക് കാറിനെയും വെല്ലുന്ന റേഞ്ച് തന്നെയാണിത്.
◾‘രാജമുദ്ര കേസ് ഡയറി’യിലെ കുറ്റകൃത്യത്തെക്കുറിച്ചുള്ള കൃത്യവും സൂക്ഷമവുമായ നിരീക്ഷണങ്ങളും കുറ്റാന്വേഷണത്തിലെ ശാസ്ത്രീയമായ സമീപനങ്ങളും സമര്‍ത്ഥനായൊരു കുറ്റാന്വേഷകന്റെ പ്രവര്‍ത്തന ശൈലിയാണ് നമുക്ക് മനസ്സിലാക്കി തരുന്നത്. സുരേന്ദ്രന്‍ മങ്ങാട്ട്. കറന്റ് ബുക്സ് തൃശൂര്‍. വില 190 രൂപ.
◾അഞ്ച് മണിക്കൂറോ അതില്‍ താഴെയോ പ്രതിദിനം ഉറങ്ങുന്നവരെ തങ്ങളുടെ അന്‍പതുകളില്‍ കാത്തിരിക്കുന്നത് മാറാരോഗങ്ങളെന്ന് പഠനം. ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇവര്‍ക്ക് രണ്ടോ അതിലധികമോ മാറാരോഗങ്ങള്‍ മധ്യവയസ്സില്‍ ഉണ്ടാകുമെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം, പക്ഷാഘാതം, ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളാണ് ശരിയായി ഉറങ്ങാത്തവര്‍ക്ക് ഭാവിയില്‍ വരുകയെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. മോശം ഉറക്ക ശീലങ്ങള്‍ മാറാരോഗങ്ങള്‍ക്കുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 50കളിലും 60കളിലും 70കളിലും അഞ്ച് മണിക്കൂറില്‍ താഴെ പ്രതിദിനം ഉറങ്ങുന്നത് പലവിധ മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത 30-40 ശതമാനം വര്‍ധിപ്പിക്കും. അകാലമരണത്തിന്റെ സാധ്യതയും ഉറക്കക്കുറവ് വര്‍ധിപ്പിക്കുമെന്ന് പിഎല്‍ഒഎസ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം കൂട്ടിച്ചേര്‍ക്കുന്നു. പ്രതിദിനം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ ശുപാര്‍ശ ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.77, പൗണ്ട് – 93.75, യൂറോ – 81.40, സ്വിസ് ഫ്രാങ്ക് – 82.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.13, ബഹറിന്‍ ദിനാര്‍ – 219.66, കുവൈത്ത് ദിനാര്‍ -266.69, ഒമാനി റിയാല്‍ – 215.28, സൗദി റിയാല്‍ – 22.02, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.26.