web cover 53

കേരളാ സര്‍വകലാശാലയില്‍ കടുംവെട്ടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന 15 പേരുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കി. സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ചിലരുടെ സിന്‍ഡിക്കറ്റ് അംഗത്വവും ഇതോടെ നഷ്ടമാകും. അടുത്ത മാസം നാലിനു വീണ്ടും സെനറ്റ് യോഗം വിളിച്ചിരിക്കേയാണ് ഗവര്‍ണര്‍ 15 പേരെ അയോഗ്യരാക്കിയത്.

‘ഇ ഓഫീസ്’ സോഫ്റ്റ് വെയര്‍ അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ‘ഇ ഓഫീസ്’ വഴി ഫയലുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളിലും പ്രതിസന്ധി ഉണ്ടായി. വിവിധ സേനവങ്ങള്‍ക്കായി എത്തിയ നൂറു കണക്കിനു പേര്‍ വലഞ്ഞു.

ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതികള്‍ നരഭോജനം സമ്മതിച്ചെന്നും വീട്ടിലെ ഫ്രിഡ്ജില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകള്‍ ലഭിച്ചെന്നും പൊലീസ്. ഫ്രിഡ്ജില്‍ രക്തകറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. കുക്കറില്‍ വേവിച്ചു കഴിച്ചെന്നും ലൈല കഴിച്ചില്ലെന്നും പോലീസ് അവകാശപ്പെട്ടു. ഇന്നലെ വീട്ടില്‍ ഡമ്മി പരിശോധന നടത്തി. നായകളെ കൊണ്ടും പരിശോധിപ്പിച്ചു. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണംപിടിച്ചുനിന്ന മൂന്നു സ്ഥലങ്ങള്‍ കുഴിച്ച് പരിശോധിക്കും. പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 20 ന് വിധി പറയും. സ്ത്രീയുടെ പരാതിയില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂത്തിയായി. പരാതിക്കാരിയുടെ ജീവനു ഭീഷണിയുണ്ടെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പീഡിപ്പിച്ചെന്നും മര്‍ദ്ദിച്ചെന്നും പരാതിപ്പെട്ട സ്ത്രീ വീണ്ടും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടി സെേ്രേകട്ടറിയറ്റിനു മുന്നില്‍ സമരം ഒത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എന്‍ഡോ സള്‍ഫാന്‍ സമരസമിതി മാര്‍ച്ച് നടത്തും. ദയാബായിയെ പോലീസ് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു. അദ്ദേഹത്തെ ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതുമൂലമാണു കുഴഞ്ഞു വീണത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരത്തെ എകെജി സെന്റര്‍ ആക്രമണ കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു. നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുബീഷിനെയാണ് പ്രതിയാക്കിയത്.

ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രിം കോടതിയില്‍. കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്ന് 1,17,535 രൂപാ കാണാതായതിനു സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് സസ്പെന്‍ഷന്‍. സൂപ്രണ്ട് കെ സുരേഷ് കുമാര്‍, ടിക്കറ്റ് ആന്‍ഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരനായ ടി ടി സുരേഷ് കുമാര്‍, കെ അനില്‍ കുമാര്‍, ജി ഉദയകുമാര്‍, ജോസ് സൈമണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

വട്ടിയൂര്‍ക്കാവ് കരമനയാറ്റില്‍ മീന്‍പിടിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മേലേകടവ് ഭാഗത്ത് ഇറങ്ങിയ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിബിത്ത് എന്നിവരെയാണ് കാണാതായത്.

കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വര്‍ണക്കടത്തു കേസ് പ്രതി രക്ഷപ്പെട്ടു. കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊണ്ടോട്ടി സ്വദേശിയായ റിയാസ് രക്ഷപ്പെട്ടത്. വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്.

സംസ്ഥാനത്ത് 4,15,023 പേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി. ഹയര്‍ സെക്കന്‍ഡറിയില്‍ 43,772 സീറ്റും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 3,916 ഉം സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. കൂടുതല്‍ പേര്‍ പ്രവേശനം നേടിയത് മലപ്പുറം ജില്ലയില്‍. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. ഹയര്‍സെക്കന്‍ഡറിയില്‍ 3,85,909 പേര്‍ പ്രവേശനം നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടിയത് 29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

എസ്എഫ്ഐ പ്രവര്‍ത്തകനെ മര്‍ദിച്ച കോതമംഗലം എസ് ഐ മാഹിന്‍ സലീമിനെ സസ്പെന്‍ഡ് ചെയ്തു. എസ്ഐ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് കോതമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിയ എസ്എഫ്ഐ കോതമംഗലം ലോക്കല്‍ സെക്രട്ടറിയെയാണ് മര്‍ദിച്ചത്.

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎല്‍എയുടെ മകന്‍ ലെസിതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ബന്ധുനിയമനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.

കൊവിഡ് കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ദുരന്ത നിവാരണ നിയമപ്രകാരം പണം നോക്കാതെ സാധനങ്ങള്‍ വാങ്ങിച്ചത് ജീവന്‍ രക്ഷിക്കാനാണെന്നും ജയരാജന്‍ അവകാശപ്പെട്ടു.

മലയാളിയായ യുവ വനിതാ ഡോക്ടര്‍ ഡല്‍ഹിയില്‍ മരിച്ച നിലയില്‍. മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥി ആതിര പി മേനോനെയാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടത്. എറണാകുളം സ്വദേശിനിയാണ് ആതിര.

കൊല്ലം കാവനാട് കുടുംബ വഴക്കിനു പിറകേ ഗൃഹനാഥന്‍ മരിച്ചു. കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്. മക്കളെയും മരുമക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തിയ സ്വര്‍ണം പൊലീസ് സംഘം പിടികൂടി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ്മോനെ (39) അറസ്റ്റ് ചെയ്തു. 91 ലക്ഷം രൂപ വില മതിക്കുന്ന 1.807 കിലോഗ്രാം സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്.

കൊല്ലം കരിങ്ങന്നൂരില്‍ മരിച്ച മധ്യവയസ്‌കയെ മകള്‍ കൊലപ്പെടുത്തിയതാണെന്നു പോലീസ്. ആലുംമൂട്ടില്‍ സ്വദേശിനിയായ അമ്മ സുജാത മരിച്ച കേസില്‍ മകള്‍ സൗമ്യയെ അറസ്റ്റു ചെയ്തു. പുരയിടത്തിലെ മരം വിറ്റതിന്റെ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ മൂവായിരം പേരുടെ പേരും വിലാസവുമില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് സമിതി. ഖര്‍ഗെക്കും തരൂരിനും നല്‍കിയത് ഒരേ വോട്ടര്‍പട്ടികയാണെന്ന് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. അതേസമയം, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്നലെ സ്വന്തം സംസ്ഥാനമായ കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പു പ്രഹസനമെന്നു പറഞ്ഞ ബിജെപി വക്താവ് അമിത് മാളവ്യയോട് ബിജെപിയില്‍ ഇങ്ങനെയൊരു തെരഞ്ഞെടുപ്പു നടത്താനാകുമോയെന്ന് ശശി തരൂര്‍. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസുകാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഒരു കാഷ്മീരി പണ്ഡിറ്റ്കൂടി ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പൂരന്‍ ക്രിഷന്‍ ഭട്ട് എന്നയാളാണ് ചൗധരി ഗുണ്ട് മേഖലയിലെ സ്വവസതിക്കു സമീപം വെടിയേറ്റു മരിച്ചത്.

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ള തലച്ചോര്‍ അപകടകരമെന്ന് സുപ്രീം കോടതി. മാവോയിസ്റ്റ് കേസില്‍ പ്രൊഫ. ജി എന്‍ സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഉത്തരവിലാണ് സുപ്രീംകോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്. പോളിയോ ബാധിച്ച് 90 ശതമാനം തളര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുകയാണ് സായിബാബയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 107-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയ്ക്കും പിന്നിലാണ് 121 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സിന്റെ വെബ്‌സൈറ്റാണ് പട്ടിക പുറത്തുവിട്ടത്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാത്ത രാഷ്ട്രമെന്ന നിലയിലേക്കു താഴ്ത്തിക്കെട്ടി ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് പട്ടിണി പട്ടികയെന്ന് ഇന്ത്യ. തെറ്റായ വിവരങ്ങളാണ് ആഗോള പട്ടിണി സൂചികയുടെ മുഖമുദ്രയെന്ന് ഇന്ത്യ വിമര്‍ശിച്ചു.

ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ പദ്ധതി കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെ്തു. ഇംഗ്ലീഷ് അറിയാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഡോക്ടര്‍മാര്‍ കുറിപ്പടിയുടെ മുകളില്‍ ‘ശ്രീ ഹരി’ എന്നും മരുന്നുകളുടെ പേര് ഹിന്ദിയില്‍ എഴുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ബിജെപി വിളിച്ചുകൂട്ടിയ പിന്നാക്ക മുസ്ലീം വിഭാഗത്തിലെ പ്രധാന അംഗങ്ങളുടെ യോഗം ഇന്ന്. പിന്നാക്ക മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതനുസരിച്ചാണ് യോഗം. ജൂലൈയില്‍ ഹൈദരാബാദില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കാഷ്മീരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ബാങ്ക് മാനേജരേയും പിരിച്ചുവിട്ടിട്ടുണ്ട്.

ഹിമാചല്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് അമിത് ഷാ. കുടുംബാധിപത്യം രാജ്യത്തുനിന്നും തുടച്ചു നീക്കും. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിര്‍മൗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറിക്കും ലേബര്‍ കമ്മീഷണര്‍ക്കും എതിരെ കൂട്ടബലാത്സംഗ കേസ്. സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഇരുപത്തൊന്നുകാരിയുടെ പരാതിയിലാണ് ആന്‍ഡമാന്‍ പൊലീസ് കേസെടുത്തത്. മുന്‍ ചീഫ് സെക്രട്ടറിയും നിലവില്‍ ഡല്‍ഹി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയുമായ ജിതേന്ദ്ര നരെയ്ന്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ലേബര്‍ കമ്മീഷണര്‍ ആര്‍.എല്‍. ഋഷി എന്നിവര്‍ക്കെതിരെയാണ് കേസ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂട്ടി. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി.

പണപ്പെരുപ്പം ചെറുക്കാനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതെന്ന് മോണിറ്ററി പോളിസി കമ്മിറ്റി. സെപ്റ്റംബര്‍ മീറ്റിംഗിന്റെ മിനിറ്റ്സിലാണ് എംപിസിയുടെ പരാമര്‍ശം.

സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് ഇന്ത്യയുമായി ലയിക്കാന്‍ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് ഓഹരി ഉടമകള്‍ അനുമതി നല്‍കി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം വിളിച്ചു കൂട്ടിയ അസാധാരണ യോഗത്തിലാണ് കമ്പനിയുടെ ലയനം ഓഹരി ഉടമകള്‍ അംഗീകരിച്ചത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നു തുടങ്ങും. ഷി ജിന്‍ പിങ് തന്നെ തുടര്‍ച്ചയായ മൂന്നാം വട്ടവും പ്രസിഡന്റായി അധികാരം നിലനിര്‍ത്തും. രണ്ടു തവണ മാത്രമേ അധികാരത്തില്‍ തുടരാവൂവെന്ന നിയമം 2018 -ല്‍ റദ്ദാക്കിയ 69 കാരനായ ഷി ആജീവനാന്തം അധികാരക്കസേരയില്‍ തുടരാനാണ് സാധ്യത.

നൈജീരിയയിലെ മഹാപ്രളയം അഞ്ഞൂറിലേറെ പേരുടെ ജീവനെടുത്തു. വെള്ളപ്പൊക്കത്തില്‍ ലക്ഷത്തിലധികം വീടുകള്‍ വെള്ളത്തിനടിയിലായി. 36 സംസ്ഥാനങ്ങളില്‍ 27 എണ്ണവും മഹാപ്രളയത്തില്‍ മുങ്ങി.

യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന ബെല്‍ഗൊറോഡ് മേഖലയിലെ റഷ്യന്‍ സൈനിക പരിശീലന ഗ്രൗണ്ടില്‍ നടന്ന ‘ഭീകര’ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുക്രൈനിലെ കീവിലെ സുപ്രധാന പവര്‍പ്ലാന്റ് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതിനു പിറകേയാണ് റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്.

അണ്വായുധങ്ങള്‍’ കൈവശമുള്ള ലോകത്തിലെ ‘ഏറ്റവും അപകടകരമായ രാജ്യമാണ്’ പാക്കിസ്ഥാനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസിലാണ് ഈ വിമര്‍ശനം. ജോ ബൈഡന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ യുഎസ് അംബാസിഡറെ വിളിച്ചുവരുത്തുമെന്ന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ആദ്യം ഇന്ത്യയുടെ അണ്വായുധങ്ങളെകുറിച്ചാണു സംസാരിക്കേണ്ടതെന്ന് ബിലാവല്‍ പറഞ്ഞു.

വടക്കന്‍ തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 40 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി. കരിങ്കടലിന്റെ തെക്കന്‍ തീരദേശ നഗരമായ അമാസ്രയ്ക്ക് സമീപമാണ് അപകടം. സ്ഫോടനം നടക്കുമ്പോള്‍ ഖനിയില്‍ 110 പേര്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴാം ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം. കലാശപ്പോരാട്ടത്തില്‍ എട്ടു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് കിരീടമുയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് വെറും 65 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 69 പന്തും എട്ടു വിക്കറ്റും ബാക്കിയിരിക്കെ ലക്ഷ്യത്തിലെത്തി. 25 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്ന സ്മൃതി മന്ഥാനയാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്.

ഐഎസ്എല്ലില്‍ മുംബൈ സിറ്റിയോട് തോല്‍വി വഴങ്ങി ഒഡിഷ എഫ്‌സി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം. മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും 50-ാം മിനിറ്റില്‍ ശുഭം സാംരംഗിയിലൂടെ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഒഡിഷയ്ക്ക് വിനയായത്.

റിപ്പോ നിരക്ക് വര്‍ധനവിന് ആനുപാതികമായി ബാങ്കുകളും നിക്ഷേപ പലിശ ഉയര്‍ത്തി. ചെറുകിട ബാങ്കുകള്‍ എട്ടുശതമാനത്തിന് മുകളിലേയ്ക്ക് പലിശ ഉയര്‍ത്തി. സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഫിന്‍കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.25ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് 7.75ശതമാനവും പലിശ ലഭിക്കും. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആകട്ടെ 888 ദിവസത്തെ നിക്ഷേപത്തിന് 7.50ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ അര ശതമാനം അധിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ടു വര്‍ഷത്തിന് മുകളില്‍ മൂന്നു വര്‍ഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.25ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75ശതമാനം പലിശയും ലഭിക്കും. കേരള ബാങ്കില്‍ രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപ പലിശ നിലവിലെ ആറില്‍നിന്ന് 6.75ശതമാനമായി കൂട്ടി. മറ്റ് സഹകരണ ബാങ്കുകള്‍ ഒരുവര്‍ഷത്തിന് മുകളിലുള്ള പലിശ 7.75ശതമാനവുമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധിക പലിശയും ലഭിക്കും.

ചില്ലറവില (റീട്ടെയില്‍) നാണയപ്പെരുപ്പത്തിന് കടകവിരുദ്ധമായി സെപ്തംബറില്‍ മൊത്തവില (ഹോള്‍സെയില്‍) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കുത്തനെ താഴ്ന്നു. ആഗസ്റ്റിലെ 12.41 ശതമാനത്തില്‍ നിന്ന് 10.70 ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യോത്പന്നങ്ങളുടെ മൊത്തവില കുറഞ്ഞതാണ് കഴിഞ്ഞമാസം ആശ്വാസമായത്. അതേസമയം, തുടര്‍ച്ചയായ 18-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേല്‍ തുടരുന്നതെന്ന ആശങ്കയുണ്ട്. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരിക്കാന്‍ പ്രധാനമായും വിലയിരുത്തുന്നത് റീട്ടെയില്‍ നാണയപ്പെരുപ്പമാണ്. ഇത് കഴിഞ്ഞമാസം ആഗസ്റ്റിലെ 7 ശതമാനത്തില്‍ നിന്ന് 7.41 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. നാണയപ്പെരുപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യമായ 6 ശതമാനത്തിന് താഴേക്ക് തിരിച്ചെത്തിക്കാനായി കഴിഞ്ഞ 4 യോഗങ്ങളിലായി റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് 1.9 ശതമാനം കൂട്ടിയിരുന്നു. ഡിസംബറിലെ യോഗത്തിലും പലിശനിരക്ക് കൂട്ടാനാണ് സാദ്ധ്യത.

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് ‘കുമാരി’. നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘കുമാരി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മന്ദാരപ്പൂവേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജേക്ക്സ് ബിജോയിയുടെ സംഗീതത്തില്‍ ജോ പോള്‍ രചിച്ച വരികള്‍ ആവണി മല്‍ഹാര്‍ പാടിയിരിക്കുന്നു. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28നാണ് റിലീസ്. ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്ക ജോഫ്, മൃദുല പിനപാല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മാണം.

സല്‍മാന്‍ ഖാന്‍ ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രം ടൈഗര്‍ 3 ന്റെ റിലീസ് നീട്ടി. ഈദ് റിലീസ് ആയി അടുത്ത വര്‍ഷം ഏപ്രിലില്‍ എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം ആ സമയത്ത് എത്തില്ലെന്നാണ് നിര്‍മ്മാതാക്കളുടെ പുതിയ അറിയിപ്പ്. മറിച്ച് 2023 ദീപാവലിക്ക് ചിത്രം തിയറ്ററുകളില്‍ എത്തും. നവംബര്‍ രണ്ടാം വാരമാണ് അടുത്ത വര്‍ഷത്തെ ദീപാവലി. ആക്ഷന്‍ സ്പൈ ചിത്രങ്ങള്‍ അടങ്ങുന്ന യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ ഫ്രാഞ്ചൈസി. അവിനാശ് സിംഗ് റാത്തോര്‍ എന്ന, റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്പൈ ഏജന്റ് ആണ് സല്‍മാന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഏക് ഥാ ടൈഗര്‍ ആയിരുന്നു ഈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. 2014 ല്‍ പുറത്തെത്തിയ ടൈഗര്‍ സിന്താ ഹെ ആയിരുന്നു ഇതിന്റെ രണ്ടാം ഭാഗം. മൂന്നാം ഭാഗമായ ടൈഗര്‍ 3 ന്റെ സംവിധാനം മനീഷ് ശര്‍മ്മയാണ്. സോയ ഹുമൈനി എന്ന നായികാ കഥാപാത്രമായി കത്രീന കൈഫും ചിത്രത്തില്‍ ഉണ്ടാവും.

വില്‍പ്പനയില്‍ 28 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ. 2022 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 11,469 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു എന്നാണ് കണക്കുകള്‍. 2021 ലെ ഇതേ കാലയളവില്‍ ബ്രാന്‍ഡ് 8,958 യൂണിറ്റുകള്‍ ആണ് വിറ്റത്. എ -ക്ലാസ് ലിമോസിന്‍ , സി-ക്ലാസ് , എസ്-ക്ലാസ് , മെയ്ബാക്ക് ജിഎല്‍എസ് 600, മെയ്ബാക്ക് എസ്-ക്ലാസ് , എഎംജി മോഡലുകള്‍ എന്നിവ പ്രധാനമായും വില്‍പ്പന വളര്‍ച്ചയ്ക്ക് സംഭാവന നല്‍കി. ജിഎല്‍ഇ , ജിഎല്‍എസ് എന്നിവ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. അതായത് മൊത്തത്തിലുള്ള മൂന്നാം പാദ വളര്‍ച്ചയുടെ 30 ശതമാനം. 2022 സെപ്റ്റംബറില്‍ ജിഎല്‍എസ് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയും രേഖപ്പെടുത്തി. മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഏക മോഡലായി ഇ ക്ലാസ് എല്‍ഡബ്ല്യുബി തുടര്‍ന്നു.

പാരിസ്ഥിതിക വിമര്‍ശനത്തെക്കുറിച്ചുള്ള മലയാളത്തിലെ പ്രഥമ റഫറന്‍സ് ഗ്രന്ഥത്തിന്റെ വിപുലീകരിച്ച പുതിയ പതിപ്പ്. പാരിസ്ഥിതിക സൗന്ദ-ര്യശാസ്ത്രം, കവിതാപഠനങ്ങള്‍, കഥാപഠനങ്ങള്‍, നോവല്‍ പഠനങ്ങള്‍, കലാപഠനങ്ങള്‍ എന്നിങ്ങനെ അഞ്ചു ഭാഗങ്ങളിലായി, അക്ഷരങ്ങളിലേക്ക് പ്രകൃതിബോധം കടന്നുവന്ന വഴികള്‍ പരിശോധിക്കുന്ന എഴുപതു പഠനങ്ങളുടെ സമാഹാരം. സാഹിത്യത്തിലെ പുതിയ വികാസങ്ങളുടെ മികച്ച ആഖ്യാനങ്ങള്‍. ‘ഹരിതനിരൂപണം’. വിപുലീകരിച്ച പുതിയ പതിപ്പ്. ജി മധുസൂദനന്‍. ഡിസി ബുക്സ്. വില 470 രൂപ.

ഭക്ഷണം കഴിക്കുന്നതിന്റെ സമയം ശരീരത്തിന്റെ ഊര്‍ജ്ജവിനിയോഗത്തെയും വിശപ്പിനെയും കൊഴുപ്പ് ശേഖരിക്കുന്ന രീതിയെയുമൊക്കെ സ്വാധീനിക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം പറ്റുമെങ്കില്‍ 10 മണിക്കൂറിനുള്ളില്‍ ആ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണമെല്ലാം കഴിക്കുന്നത് കൂടുതല്‍ ആരോഗ്യകരമായ ശരീരത്തെ പ്രദാനം ചെയ്യുമെന്ന് ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. അതായത് രാവിലെ എട്ട് മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ വൈകുന്നേരം ആറ് മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കണം. നാലു മണിക്കൂര്‍ വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ വിശപ്പുണ്ടാകുമെന്നും ഇവരുടെ ശരീരം കാലറി ദഹിപ്പിക്കുന്നതിന്റെ നിരക്ക് കുറവായിരിക്കുമെന്നും കൊഴുപ്പ് കെട്ടിക്കിടക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണെന്നും സെല്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അമിതഭാരമുള്ള 16 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. വൈകി കഴിച്ചവരില്‍ ലെപ്റ്റിന്‍ എന്ന ഹോര്‍മോണ്‍ താഴ്ന്ന തോതിലാണ് നിരീക്ഷിക്കപ്പെട്ടത്. വിശപ്പിനെ നിയന്ത്രിക്കാനും വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാനും സഹായിക്കുന്ന ഹോര്‍മോണാണ് ഇത്. വൈകി കഴിക്കുന്നവരില്‍ നേരത്തെ കഴിച്ചവരെ അപേക്ഷിച്ച് 60 കാലറി കുറവാണ് ദഹിപ്പിക്കപ്പെട്ടതെന്നും ഗവേഷകര്‍ പറയുന്നു. 10 മണിക്കൂര്‍ ദൈര്‍ഘ്യത്തിനുള്ളില്‍ ദിവസത്തിലെ എല്ലാ ഭക്ഷണവും കഴിക്കുന്നവരില്‍ ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറവായിരിക്കുമെന്നും ഇവരുടെ മാനസികാരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്നും മദ്യപാനത്തിന്റെ തോതും ഇവരില്‍ കുറവായിരിക്കുമെന്നും മറ്റൊരു പഠനവും ചൂണ്ടിക്കാണിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

പാരീസിലെ തെരുവിലൂടെ ഒരു കവി നടന്നുപോവുകയായിരുന്നു. കണ്ണിനുകാഴ്ചയില്ലാത്ത ഒരാള്‍ വഴിയില്‍ നിന്നും യാചിക്കുന്നു. അയാള്‍ക്ക് എന്തെങ്കിലും കൊടുക്കുവാന്‍ വേണ്ടി അദ്ദേഹം സ്വന്തം പോക്കറ്റില്‍ പരതി. കാശൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു കടലാസ്സ് എടുത്ത് ഇങ്ങനെ എഴുതി: നാളെ വസന്തകാലം ആരംഭിക്കും. അതുകാണാന്‍ എന്റെ കണ്ണുകള്‍ക്ക് ഭാഗ്യമില്ല.. ഈ കവിവാക്യം ആ വഴി നടന്നുപോയവരൊക്കെ വായിച്ചു. വായിച്ചവരെല്ലാം ആ യാചകന്റെ പാത്രത്തില്‍ നാണയങ്ങള്‍ ഇട്ടു. നിമിഷനേരം കൊണ്ട് പാത്രം നിറഞ്ഞു. നാം പലരേയും മനസ്സിലാക്കിയെന്ന് കരുതുകയും പറയുകയും ചെയ്യാറുണ്ട്. യഥാര്‍ത്ഥത്തില്‍ നാം അവരെ എത്ര ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്? ഒരാളെ മനസ്സിലാക്കുമ്പോള്‍ അത് നിര്‍ജ്ജീവമായ ഒരു അറിവ് മാത്രമായി മാറിപ്പോകരുത്. സുഖദുഃഖങ്ങളോട് കൂടിവേണം ഒരു വ്യക്തിയെ മനസ്സിലാക്കാന്‍. സ്‌നേഹം നിസ്വാര്‍ത്ഥമാകുമ്പോള്‍ മാത്രമാണ് അപരന്റെ വേദന തന്റെ കൂടി ആയി മാറുകയുള്ളൂ.. സ്‌നേഹത്തിലൂടെ നമുക്ക് യഥാര്‍ത്ഥപുരോഗതി കണ്ടെത്താന്‍ ശ്രമിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *