sunset october 10 web

സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം നാളെ മൂന്നിന് ജന്മനാടായ സായ്ഫായില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ശ്വാസതടസവും വൃക്കകളുടെ തകരാറുംമൂലം ഏറെനാളായി ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു തവണ യുപി മുഖ്യമന്ത്രിയായിരുന്നു. 1996 ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി. ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ ഏകീകൃത നിറനിയമം നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയില്‍ വയലറ്റും ഗോള്‍ഡനും കലര്‍ന്ന വര എന്ന ഏകീകൃത നിറം നിര്‍ബന്ധമാക്കും. മൂന്നു മാസത്തിനകം ബസുകള്‍ ഈ നിറത്തിലേക്കു മാറണം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഗതാഗതസെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ലോക്സഭ തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ ബിജെപി സംസ്ഥാന നേതൃയോഗം കോട്ടയത്ത്. രാവിലെ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം ഉച്ചയ്ക്കാണു സംസ്ഥാന ഭാരവാഹി യോഗം. സംസ്ഥാനത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് യോഗം.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യാത്രയുടെ പുരോഗതി ജനങ്ങള അറിയിക്കണം. നാടിന് ഉപകാരമുള്ളതൊന്നും യാത്രയില്‍ ഇല്ല. യാത്ര രഹസ്യമാക്കിയതില്‍ ദുരൂഹത ഉണ്ട്. കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും. ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തില്‍ സ്വര്‍ണക്കടത്ത് വിവാദങ്ങളും അധികാരത്തിന്റെ ഇടനാഴികളില്‍ നടന്ന വിശേഷങ്ങളും വിവരിക്കുന്നുണ്ട്. എം ശിവശങ്കര്‍ ചെന്നൈയില്‍ വച്ച് തന്നെ താലിക്കെട്ടിയെന്നും പുസ്തകത്തില്‍ പറയുന്നു. ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിനുള്ള മറുപടികൂടിയാണ് സ്വപ്നയുടെ ‘ചതിയുടെ പത്മവ്യൂഹം.’

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിക്കുന്ന സംഭാഷണം പുറത്ത്. ഹര്‍ഷിനിയുടെ വയറില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളജിലേതാണെന്ന് ആശുപത്രി സൂപ്രണ്ട് സാക്ഷ്യപ്പെടുത്തുന്നതാണ് സംഭാഷണം.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനു ഫയല്‍ ചെയ്ത കോടതിയലക്ഷ്യ കേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര കോടതിയോടു മാപ്പപേക്ഷിച്ചു. വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നു ബൈജു കൊട്ടാരക്കര പറഞ്ഞു. മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മര്‍ദ്ദിച്ചെന്ന് അധ്യാപികയുടെ പരാതി. ഒന്നിച്ച് കോവളത്തേക്കു യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപിക പൊലീസിനു പരാതി നല്‍കിയത്. മൊഴി നല്‍കാന്‍ രണ്ടു തവണ സ്റ്റേഷനിലേക്കു വരുത്തിയെങ്കിലും ബന്ധുക്കളുമായി ആലോചിച്ച ശേഷം മൊഴി നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരി മടങ്ങിപ്പോയെന്നു പൊലീസ്.

തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗിന് പൊതുമരാമത്ത് റോഡ് വാടകക്കു നല്‍കിയ നഗരസഭയുടെ തീരുമാനത്തില്‍ പുതുമയില്ലെന്ന് തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ്. ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമനുസരിച്ചാണ് അതു ചെയ്തതെന്നും മന്ത്രി ന്യായീകരിച്ചു. നഗരസഭക്കെതിരെ സര്‍ക്കാരിനു ബിജെപി പരാതി നല്‍കി.

ചെക്കു കേസില്‍ 63 ലക്ഷം രൂപ പിഴ അടക്കണമെന്ന കോടതി ഉത്തരവ് നാലു വര്‍ഷമായിട്ടും നടപ്പാക്കാതെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം. വണ്ടിച്ചെക്കു കേസിലാണ് മഞ്ചേരിയിലുള്ള വിന്‍വേ ഓട്ടോ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിനെതിരേ വിധി വന്നത്. തടവുശിക്ഷ വിധിച്ച കൂട്ടുപ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. ബിസിനസില്‍ പാര്‍ട്ണറാക്കാമെന്നു വ്ഗാദനം ചെയ്ത് 2011 ല്‍ പ്രവാസിയും വടകര സ്വദേശിയുമായ യൂസഫില്‍നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്ന കേസിലാണ് കോടതി വിധി.

സിനിമാ, സീരിയല്‍ നടനും പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗവുമായ അഡ്വ. മനോജ് ചരളേല്‍ (49) അന്തരിച്ചു.

അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റിലായി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ മരുതംകോട് വാര്‍ഡില്‍ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അയല്‍വാസികളായ അനീഷ് , നിഖില്‍ എന്നിവരാണു പിടിയിലായത്.

കാസര്‍കോട് കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല ബബിയ ചത്തു. 75 വയസുള്ള ബബിയ സസ്യാഹാരിയായിരുന്നു. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു ഈ മുതല.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശി തരൂര്‍ ഇന്ന് ഉത്തര്‍പ്രദേശില്‍. ലക്നോവിലുള്ള പിസിസി ആസ്ഥാനത്ത് നേതാക്കളെ കാണും. മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായതുപോലെ മുതിര്‍ന്ന നേതാക്കള്‍ എത്തില്ലെന്നാണു സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൊല്‍ക്കത്തയിലും ആസാമിലും ഇന്ന് പ്രചാരണം നടത്തും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളെ ആസാമിലാണ് കാണുക.

ഗാന്ധി കുടുംബത്തിനും തെരഞ്ഞെടുപ്പ് സമിതിക്കുമപ്പുറം എഐസിസി നേതൃത്വത്തിലെ ചിലര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തനിക്കെതിരേ ചില നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു തരൂര്‍ കുറ്റപ്പെടുത്തി.

മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ അടക്കം നാലു പേരെ സുപ്രിം കോടതി ജഡ്ജിമാരാക്കാനുള്ള നടപടി സുപ്രീം കോടതി ജഡ്ജിമാരുടെ കൊളീജീയം തത്കാലം അവസാനിപ്പിച്ചു. നിയമനത്തെ ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, അബ്ദുള്‍ നസീര്‍ എന്നിവര്‍ എതിര്‍ത്തു. പുതിയ ചീഫ് ജസ്റ്റിസിന്റെ പേരു നിര്‍ദേശിക്കാന്‍ കേന്ദ്രം കത്തു നല്‍കിയതോടെ കൊളീജീയത്തിനു തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയുമായി. മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി. വിശ്വനാഥന്‍ അടക്കമുള്ളവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനായിരുന്നു ശുപാര്‍ശ.

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്കു മാറ്റിവച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിലെ ജാമ്യാപേക്ഷയാണ് മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടര്‍ന്ന് ലക്നോ ജില്ലാ കോടതി മാറ്റിയത്.

ചൈനയില്‍നിന്ന് എത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഇളവ് നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും വേണമെന്ന് ആവശ്യപ്പെട്ട് മലയാളി അടക്കം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍. റൊട്ടേറ്റിംഗ് മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് പദ്ധതി നാലാം വര്‍ഷക്കാര്‍ക്കും നടപ്പാക്കണമെന്നാണ് ആവശ്യം.

പോപ്പുലര്‍ ഫ്രണ്ടിനെതിരെയായ എന്‍ഐഎ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തതിനു തിരിച്ചടിച്ചുകൊണ്ട് യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ഷെല്ലാക്രമണം നടത്തി. നിരവധി പേര്‍ കൊല്ലപ്പെട്ടു. പാലം തകര്‍ത്തത് യുക്രെയിനിലെ ഭീകരരാണെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ആരോപിച്ചതിനു പിറകേയാണ് ആക്രമണമുണ്ടായത്.

നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് നദിയില്‍ ബോട്ട് മറിഞ്ഞ് 76 പേര്‍ മരിച്ചു. നൈജര്‍ നദിയിലുണ്ടായ പ്രളയത്തിനിടെയാണ് 85 പേര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞത്.

വെനസ്വേലയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ മരിച്ചു. അമ്പതിലധികം പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയില്‍ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്.

പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ സെന്റോസില്‍ വന്‍ തീപിടിത്തം. ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കിയെന്ന് ഇസ്ലാമാബാദ് പൊലീസ്.

ചന്ദ്രനില്‍ സസ്യങ്ങള്‍ വളര്‍ത്താനുള്ള പദ്ധതിയുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍. 2025 ല്‍ സ്വകാര്യ ഇസ്രായേലി ചാന്ദ്ര ദൗത്യമായ ബെറെഷീറ്റ് 2 ബഹിരാകാശ പേടകം വഴി ചന്ദ്രനില്‍ വിത്തുകള്‍ എത്തിക്കും. സീല്‍ചെയ്ത ചേമ്പറില്‍ വിത്തു പാകും. നനയ്ക്കാനുള്ള ക്രമീകരണവും ഉണ്ടാകും. വിത്ത് മുളച്ച് വളരുന്നതു നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കുമെന്ന് ക്വീന്‍സ്ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ജീവശാസ്ത്രജ്ഞനായ ബ്രെറ്റ് വില്യംസ് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിലായി സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്, തിങ്കള്‍, ചൊവ്വ, ബുധന്‍. വ്യാഴം എന്നീ ദിവസങ്ങളില്‍ ആകെ 1080 രൂപയാണ് വര്‍ദ്ധിച്ചിരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 20 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3940 രൂപയാണ്.

ഡോളറിന് എതിരായ വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. 39 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തില്‍ തന്നെയുണ്ടായത്. ഒരു ഡോളറിന് രൂപയുടെ മൂല്യം 82.69. ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണ് ഇത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡോളര്‍ കരുത്താര്‍ജിച്ചുവരികയാണ്. ലോകത്തെ ഒട്ടുമിക്ക പ്രമുഖ കറന്‍സികളും ദുര്‍ബലമായ അവസ്ഥയിലാണ്. ഇതാണ് രൂപയിലും പ്രതിഫലിച്ചത്. വ്യാഴാഴ്ചയാണ് രൂപ ആദ്യമായി 82ന് മുകളില്‍ എത്തിയത്. വെള്ളിയാഴ്ച വീണ്ടും 13 പൈസയുടെ ഇടിവു രേഖപ്പെടുത്തിയിരുന്നു. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ആര്‍ബിഐ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 532.66 ബില്യണ്‍ ഡോളറായി കുറഞ്ഞു, 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ ആഴ്ചയില്‍ ഫോറെക്സ് കരുതല്‍ ശേഖരം 537.5 ബില്യണ്‍ ഡോളറായിരുന്നു.

ധനുഷിന്റേതായി അടുത്തിടെ പുറത്തിറങ്ങി ബോക്സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ച ചിത്രം ‘തിരുച്ചിദ്രമ്പല’ത്തിലെ വീഡിയോ ഗാനം പുറത്ത്. തേന്‍മൊഴി എന്ന് തുടങ്ങുന്ന ?ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സണ്‍ ടിവിയുടെ യൂട്യൂബ് ചാനല്‍ വഴിയാണ് റിലീസ്. അനിരുദ്ധ് രവിചന്ദര്‍ ഈണം നല്‍കിയ ഗാനം എഴുതിയിരിക്കുന്നത് ധനുഷ് തന്നെയാണ്. സന്തോഷ് നാരായണന്‍ ആണ് ആലാപനം. ഓഗസ്റ്റ് 18നാണ് ‘തിരുച്ചിദ്രമ്പലം’ റിലീസ് ചെയ്തത്. രാഷി ഖന്നയും നിത്യ മേനോനും നായികമാരായി എത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. സെപ്റ്റംബര്‍ 23 മുതല്‍ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്ത ചിത്രം സണ്‍ എന്‍എക്സ്ടിയിലാണ് സ്ട്രീം ചെയ്തത്.

പ്രഖ്യാപന സമയം മുതല്‍ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ‘ഗോഡ് ഫാദര്‍’. ചിരഞ്ജീവി നായകനായി എത്തിയ ചിത്രം, മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളില്‍ ഒന്നായ ലൂസിഫറിന്റെ റീമേക്ക് ആണ്. നയന്‍താര നായികയായി എത്തിയ ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 100 കോടിയാണ് ചിത്രത്തിന്റെ ഒരാഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം ആകെ നേടിയ ഗ്രോസ് 69.12 കോടിയാണ്. 85 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്ന ലൂസിഫര്‍ എട്ട് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.

ഇലക്ട്രിക് ശ്രേണിയില്‍ ഹ്യുണ്ടായ് പരിചയപ്പെടുത്തുന്ന പുത്തന്‍ അവതാരമായ അയോണിക് 6 അവകാശപ്പെടുന്നത് ഉഗ്രന്‍ റേഞ്ച്. ബാറ്ററി ഫുള്‍ചാര്‍ജ് ചെയ്താല്‍ 614 കിലോമീറ്റര്‍ വരെ പോകാമെന്ന് ഹ്യുണ്ടായ് പറയുന്നു. വിപണിയിലെത്തന്നെ ഏറ്റവും ഊര്‍ജക്ഷമതയുള്ള ഇലക്ട്രിക് കാര്‍ ആയിരിക്കും അയോണിക് 6 എന്നും ഹ്യുണ്ടായ് പറയുന്നു. ഈ ഓള്‍ ഇലക്ട്രിക് കാര്‍ ഈവര്‍ഷം യൂറോപ്പ്യന്‍ വിപണിയിലാണ് ആദ്യമെത്തുക. അടുത്തവര്‍ഷം വടക്കേ അമേരിക്കയിലും സാന്നിദ്ധ്യമറിയിക്കും. തുടര്‍ന്നാകും ഇന്ത്യയിലുള്‍പ്പെടെ എത്തുക. 18 മിനിട്ടുകൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാവുന്ന അള്‍ട്രാഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം അയോണിക് 6ന്റെ സവിശേഷതയാണ്.

മലയാളത്തനിമയുടെ വളപ്പശിമയില്‍ വേരാഴ്ത്തിപ്പടരാന്‍ കാല നിയോഗാനുഗ്രഹം സിദ്ധിച്ച ബര്‍മ്മക്കാരന്‍ പയ്യന് പിതൃഭൂമിയണച്ചു പൂട്ടിക്കനിഞ്ഞ് ചുരത്തിയ സ്നേഹശീതളിമകള്‍ കഥയുടെയും കലയുടെയും തൊട്ടറിവുകള്‍. ‘തുടക്കം നെഞ്ചടിപ്പോടെ’. യു എ ഖാദര്‍. സൈകതം ബുക്സ്. വില 117 രൂപ.

ഇന്ന് ലോക മാനസികാരോഗ്യ ദിനം. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇത്തരത്തിലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. വെണ്ടയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ‘ഫോളേറ്റ്’ എന്ന വിറ്റാമിന്‍ – ബി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ‘ഡോപാമൈന്‍’ ഉത്പാദിപ്പിക്കുന്നു. അതിനാല്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി- യുടെ മികച്ച ഉറവിടമാണ് സിട്രസ് പഴങ്ങള്‍. ഇത് സമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച്, ഓറഞ്ച്. ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് മനസ്സിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മഞ്ഞള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അതിനാല്‍ മഞ്ഞള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ അവശ്യ ആസിഡുകളാല്‍ സമ്പന്നമാണ് അവക്കാഡോ. നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.41, പൗണ്ട് – 91.30, യൂറോ – 79.97, സ്വിസ് ഫ്രാങ്ക് – 82.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.00, ബഹറിന്‍ ദിനാര്‍ – 218.52, കുവൈത്ത് ദിനാര്‍ -265.46, ഒമാനി റിയാല്‍ – 213.98, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 59.91.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *