web cover 24

ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ നിയമനം യുജിസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണു വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലറെ എന്തിനാണു മാറ്റുന്നതെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തേണ്ടിവരും. മുഖ്യമന്ത്രി ഭീകരവാദിയേപ്പോലെയാണു സംസാരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്. ഡിസംബര്‍ അഞ്ചു മുതല്‍ 15 വരെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബില്‍ പാസാക്കും. നിയമ സര്‍വകലാശാല ഒഴികെ 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലയ്ക്കുമായി പ്രത്യേകം ബില്‍ അവതരിപ്പിക്കും. ഗവര്‍ണര്‍ക്കു പകരം ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാന്‍സലറാക്കും.

സംസ്ഥാനത്തെ ഓരോ സര്‍വകലാശാലകള്‍ക്കും അതതു മേഖലയിലെ വിദഗ്ധരെ ചാന്‍സലറായി നിയമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ഇത് അക്കാദമിക് നിലവാരം ഉയര്‍ത്തും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരമാണ്. ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ക്കുണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി സര്‍വകലാശാലകളെ കമ്യൂണിസ്റ്റുവത്കരിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തെ ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ നിയമനങ്ങളും കമ്യൂണിസ്റ്റുവത്കരിക്കാനാണു ശ്രമം. യുജിസി ചട്ടങ്ങള്‍ അട്ടിമറിച്ച് നിയമനങ്ങള്‍ നടത്തിയത് ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിച്ചാണ്. സതീശന്‍ പറഞ്ഞു.

ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി യൂണിവേഴ്സിറ്റികളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തണം. കെ സുധാകരന്‍ പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കിയാല്‍ സര്‍വകലാശാലകള്‍ എകെജി സെന്ററുകളാകുമെന്ന് രമേശ് ചെന്നിത്തല. ചാന്‍സലര്‍ സ്ഥാനം ഒഴിയാമെന്നു ഗവര്‍ണര്‍തന്നെ നേരത്തെ കത്തു നല്‍കിയപ്പോള്‍ തുടരാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ലോട്ടറി വില്‍ക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ച നാഗാലാന്‍ഡിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് കേരളം സുപ്രീം കോടതിയില്‍. ലോട്ടറി കേസില്‍ നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിനെതിരെ കേരളം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

2025- 26 വര്‍ഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനു പൊതുജനങ്ങള്‍ക്കും ഓണ്‍ലൈനായി അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം. ഇതിനുള്ള ടെക് പ്ലാറ്റ്‌ഫോം മന്ത്രി ഉദ്ഘാടനം ചെയ്തു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസ് ലഘൂകരണം നടത്തുമ്പോള്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സംഘടനാ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് ശാഖയ്ക്കു താന്‍ സംരക്ഷണം കൊടുത്തിട്ടുണ്ട്. ഏതു പാര്‍ട്ടിക്കും ഇന്ത്യയില്‍ മൗലികമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോള്‍ സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതച്ചുഴി 24 മണിക്കൂറിനകം ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തിങ്കളാഴ്ച വരെ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഈ ന്യൂനമര്‍ദ്ദം തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങിയേക്കും. കേരളത്തില്‍ മഴയ്ക്കു സാധ്യത.

കരാര്‍ നിയമനത്തിനു ലിസ്റ്റ് തേടി തിരുവനന്തപുരം മേയറുടെ പേരിലുള്ള കത്തിനെക്കുറിച്ചു ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് നീക്കം. കേരളത്തില്‍ എല്ലായിടത്തും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. ഇതു പ്രതിപക്ഷം പുറത്തു കൊണ്ടുവരുമെന്നും സതീശന്‍.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ മര്‍ദനമേറ്റിട്ടില്ലെന്ന് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് ആയിരുന്ന എം രമേശന്‍. മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. കസ്റ്റഡിയിലിരിക്കെയാണ് മരിച്ചതെങ്കിലും കസ്റ്റഡി മരണമല്ലെന്നും രമേശന്‍ പറഞ്ഞു.

കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുടികിടപ്പു സമരവുമായി ആദിവാസി യുവതി. സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കാത്തതിനാലാണു സമരം. ഓട്ടപ്പാലം സ്വദേശി സരോജിനിയാണ് പഞ്ചായത്ത് ഓഫീസിനു മുന്നിലേക്കു താമസം മാറ്റിയത്. വീടിനായി പലവട്ടം അപേക്ഷ നല്‍കിയിട്ടും പഞ്ചായത്ത് അനുകൂല നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

എറണാകുളത്ത് ലഹരിസംഘം പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചു പ്രതികള്‍ അറസ്റ്റില്‍. ആന്റണി ജോസഫ്, ബിവിന്‍, വൈറ്റില ഷാജന്‍, എന്നിവരും 17 വയസുള്ള രണ്ടു വിദ്യാര്‍ത്ഥികളുമാണ് പിടിയിലായത്. ഒന്നാം പ്രതി ആന്റണി ജോസഫിന്റെ മക്കളാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍. എറണാകുളം സ്വദേശി അനില്‍കുമാറിന്റെ മകന്‍ അഭിജിത്തിനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തിയാണു തട്ടിക്കൊണ്ടുപോയത്. ലഹരിസംഘത്തില്‍നിന്ന വിട്ടുപോയതിന്റെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോയത്.

അഹങ്കാരത്തിനു കയ്യും കാലുംവച്ച തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്ന് കെ മുരളീധരന്‍ എംപി. മേയര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഡിവൈഎഫ്ഐക്കാര്‍ക്കു പൊലീസ് കൂട്ടുനിന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം തിരൂര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകന്‍ ഹസീബ് (19) ആണ് മരിച്ചത്.

തിരുവനന്തപുരത്ത് യാത്രക്കാരിയായ യുവതിയുടെ കൈയില്‍ കയറിപ്പിടിച്ച് ‘കള്ളുകുടിക്കാന്‍ പോകാ’മെന്നു പറഞ്ഞ ഓട്ടോഡ്രൈവറെ അറസ്റ്റു ചെയ്തു. ഭയന്ന പുല്ലുവിള സ്വദേശിനിയായ 20 കാരിയായ യാത്രക്കാരി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കുചാടി. ഓട്ടോ ഡ്രൈവര്‍ വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45)യാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി ഏലപ്പാറ സ്‌കൂളില്‍നിന്ന് കാണാതായ രണ്ടു വിദ്യാര്‍ത്ഥിനികളെയും കട്ടപ്പനയില്‍ കണ്ടെത്തി. ഇടുക്കി ചപ്പാത്ത് ആറാം മൈല്‍ സ്വദേശി ജെയിംസിന്റെ മകള്‍ അര്‍ച്ചന, ചീന്തലാര്‍ സ്വദേശി രാമചന്ദ്രന്റെ മകള്‍ അഹല്യ എന്നിവരെയാണ് കണ്ടെത്തിയത്.

പുലിശല്യംമൂലം വിതുര താവയ്ക്കല്‍ മേഖലകളില്‍ വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ആഴ്ചയില്‍ രണ്ടു തവണ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.

കോഴിക്കോട് മാവൂര്‍ റോഡില്‍ തീപിടുത്തം. മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്‍ഡിനു സമീപത്തെ മൂന്നു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അരക്കോടി രൂപ വരുന്ന സ്വര്‍ണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് 932 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.

ഇക്വറ്റോറിയില്‍ ഗിനിയില്‍ കുടുങ്ങിയ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ കപ്പല്‍ കമ്പനി നൈജീരിയയില്‍ കേസ് ഫയല്‍ ചെയ്തു. അന്തര്‍ദേശീയ കോടതിയേയും സമീപിക്കും. കപ്പല്‍ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകള്‍ നൈജീരിയ്ക്കു കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷനാണ് രേഖകള്‍ നല്‍കിയത്. ജീവനക്കാരുടെ മോചനത്തിനായി കപ്പല്‍ ജീവനക്കാരന്‍ സനു ജോസ് നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി നേരിട്ട് സംസാരിച്ചെന്ന് ഭാര്യ മെറ്റില്‍ഡ വെളിപെടുത്തി.

അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു .രണ്ടു വര്‍ഷം ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ പങ്കെടുത്തു. ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയില്ല

ദീപാവലി ദിനത്തില്‍ കോയമ്പത്തൂരില്‍ കാര്‍ സ്ഫോടനം നടത്തിയ ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ഫോടക വസ്തുക്കള്‍ക്കൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നു.

കര്‍ണാടകയിലെ ലിംഗായത്ത് സന്യാസിക്കെതിരെ കര്‍ണാടക പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. മുരുഘാ മഠത്തിലെ സന്യാസിയായ ശിവമൂര്‍ത്തി മുരുഘാ ശരണരുവിനെതിരെയാണ് ചിത്രദുര്‍ഗ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മഠത്തിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയാണ് പീഡിപ്പിച്ചത്.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഡിഎംകെ എംപിമാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മന്‍മോഹന്‍ സിംഗ് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കു രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമത നീക്കം തടയാന്‍ പരസ്യ പ്രസ്താവനകള്‍ വിലക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വം. അച്ചടക്കം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്തസ്ര പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരേ സച്ചിന്‍ പൈലറ്റ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കേയാണ് വിലക്ക്.

ഗോവയില്‍ സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ ജോലി പരിചയം നിര്‍ബന്ധമാക്കുന്നു. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഈ കാര്യം അറിയിച്ചത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭയില്‍നിന്ന് ഗാവിന്‍ വില്യംസണ്‍ എന്ന മുതിര്‍ന്ന മന്ത്രി രാജിവച്ചു. സഹപ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണു രാജി.

ട്വിറ്ററിനു പിറകേ, ഫേസ്ബുക്ക്, വാട്സ്ആപ് മാധ്യമങ്ങളുടെ ഗ്രൂപ്പായ മെറ്റയിലും ജീവനക്കാര്‍ക്കു കൂട്ടപിരിച്ചുവിടല്‍. വരുമാനത്തകര്‍ച്ചമൂലം ചെലവു ചുരുക്കാനാണ് കൂട്ടപ്പിരിച്ചുവിടല്‍. ജീവനക്കാരുമായി മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

സെലിബ്രിറ്റികള്‍ക്കു നേരിട്ട് സന്ദേശം അയക്കാന്‍ പണം ഈടാക്കാനൊരുങ്ങി ട്വിറ്റര്‍. ഒരു സെലിബ്രിറ്റിക്ക് ഏതൊരു യൂസറിനും സന്ദേശം അയക്കാം, പകരം പണം ഈടാക്കും. ഇത്തരത്തില്‍ അയക്കുന്ന സന്ദേശം സെലിബ്രിറ്റി കണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്.

ട്വന്റി20 ലോകകപ്പിലെ ആദ്യസെമി ഫൈനല്‍ ഇന്ന് സിഡ്‌നിയില്‍. പാകിസ്ഥാനെതിരെ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. അവസാന വിവരം ലഭിക്കുമ്പോള്‍ ന്യൂസിലാണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തിട്ടുണ്ട്.

രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 440 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപ. ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 4735 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍ വില 160 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 50 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെയും 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3925 രൂപയാണ്.

ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ട്വിറ്ററിന്റെ പുതിയ ഉടമയുമായ എലോണ്‍ മസ്‌ക് ഏകദേശം 4 ബില്യണ്‍ ഡോളറിന്റെ 19.5 മില്യണ്‍ എണ്ണം ടെസ്ല ഓഹരികള്‍ വിറ്റതായി റിപ്പോര്‍ട്ട്. ഏകദേശം 3.95 ബില്യണ്‍ ഡോളറാണ് ഓഹരികളുടെ കൃത്യമായ മൂല്യം. ഏറ്റവും പുതിയ വില്‍പ്പനയോടെ, മസ്‌ക് വിറ്റ ടെസ്ല ഓഹരികളുടെ ആകെ മൂല്യം ഏകദേശം 20 ബില്യണ്‍ ഡോളറാണ്. നേരത്തെ, ഏപ്രില്‍, ഓഗസ്റ്റ് മാസങ്ങളില്‍ 15.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെസ്ല ഓഹരികള്‍ വിറ്റിരുന്നു.

ഭരത് നായകനാകുന്ന ‘മിറല്‍’ എന്ന ചിത്രത്തിന്റെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. എം ശക്തിവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം ശക്തിവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഭരതിന് പുറമേ കെ എസ് രവികുമാര്‍, മീര കൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. പ്രസാദ് എസ് എന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘രാക്ഷസന്‍’ എന്ന സ്ലാഷര്‍ സൈക്കോളജിക്കല്‍ ത്രില്ലറിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണക്കമ്പനി ആക്സസ് ഫിലിം ഫാക്റ്ററി നിര്‍മ്മിച്ച പുതിയ ചിത്രമാണ് ഇത്. എസ് ഷങ്കറിന്റെ ‘ബോയ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഭരത് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് അങ്ങോട്ട് ഭരത് വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി. ജയരാജിന്റെ ‘ഫോര്‍ ദ പ്യൂപ്പിള്‍’, ‘വെയില്‍’, ‘ചെന്നൈ കാതല്‍’, ‘കണ്ടേന്‍ കാതലൈ’ , ‘കില്ലാഡി’ തുടങ്ങിയവയാണ് ഭരതിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. നവാഗതനായ രഘുമേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍, ദേവി അജിത്ത്, ബാലാജി ശര്‍മ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാര്‍, അമ്പിളി സുനില്‍, ലതാദാസ്, കവിതാ രഘുനന്ദന്‍, ബാലശങ്കര്‍, ഹരിശ്രീ മാര്‍ട്ടിന്‍, ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗാനരചന: ബി.കെ ഹരിനാരായണന്‍ & സുരേഷ് കൃഷ്ണന്‍.

മഹീന്ദ്ര സ്‌കോര്‍പിയോ ശ്രേണിയുടെ വില്‍പനയില്‍ വലിയ വര്‍ധനയെന്ന് കണക്കുകള്‍. ഒക്ടോബര്‍ മാസത്തില്‍ മാത്രം 125 ശതമാനം വില്‍പനയില്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം കേവലം 3000 യൂണിറ്റുകള്‍ വിറ്റിരുന്ന സാഹചര്യത്തില്‍ നിന്ന് ഇക്കുറി 7438 യൂണിറ്റ് സ്‌കോര്‍പിയോ മോഡലുകളാണ് വിറ്റുപോയത്. സെപ്റ്റംബറിലും 9536 യൂണിറ്റുകള്‍ വിറ്റിരുന്നു. മുന്‍പ് ഇത് കേവലം 2500 ഓളമായിരുന്നു. ഇതോടെ ബൊലേറോയ്ക്ക് ശേഷം ഏറ്റവും അധികം വില്‍ക്കുന്ന എസ്യുവി എന്ന പേരും സ്‌കോര്‍പിയോ സ്വന്തമാക്കി. മഹീന്ദ്ര എക്സ്യുവി 300, 6282 യൂണിറ്റുകള്‍ വില്‍പന നടത്തി ഏറ്റവും വില്‍പനയുള്ള മഹീന്ദ്രയുടെ മൂന്നാമത്തെ വാഹനമെന്ന പേരും നേടി. സ്‌കോര്‍പിയോ ക്ലാസിക് മോഡലിന് എസ്, എസ് 11 എന്നിങ്ങനെ 2 വകഭേദങ്ങളുണ്ട്. അടിസ്ഥാന മോഡലിന് 11.99 ലക്ഷം രൂപയും മുന്തിയ വകഭേദത്തിന് 15.49 ലക്ഷം രൂപയുമാണ് ക്ലാസിക്കിന് വില.

മനുഷ്യരുടെ ഉള്ളകങ്ങളില്‍നിന്നും ഒരു സ്ത്രീക്കുമാത്രം ചികഞ്ഞെടുക്കാന്‍ കഴിയുന്ന ചില ജീവിത സന്ദര്‍ഭങ്ങളുണ്ട്, അത്തരം ചില സന്ദര്‍ഭങ്ങളുടെ തീക്ഷ്ണമായ ആഖ്യാനമാണ് ഈ സമാഹാരത്തിലെ കഥകള്‍. സാമൂഹ്യ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍നിന്നും കഥാകാരി തന്റെ കഥാബീജം കണ്ടെത്തുന്നുണ്ട്. കഥ പറച്ചിലിന്റെ പുതുവഴിയിലൂടെയാണ് ഈ എഴുത്തുകാരിയുടെ സഞ്ചാരം. ‘ഭായ് ബസാര്‍’. റീന പി.ജി. ചിന്ത പബ്ളിഷേഴ്സ്. വില: 140 രൂപ

തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ മഞ്ഞള്‍ ആണ് ഭക്ഷണത്തില്‍ ആദ്യമായി ധാരാളമായി ഉള്‍പ്പെടുത്തേണ്ടത്. രോഗപ്രതിരോധശേഷി കൂട്ടുന്ന കുര്‍കുമിന്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നതും രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇഞ്ചി ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഫലവുമാണ് ഓറഞ്ച്. കൂടാതെ മുന്തിരി, നാരങ്ങ, കിവി എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വിറ്റാമിന്‍ എ, സി, ബി, കെ, ഫൈബര്‍, പൊട്ടാസ്യം, കാത്സ്യം, അയണ്‍, ഫോസ്ഫറസ് എന്നിവ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ക്യാരറ്റ് സഹായിക്കും. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മംഗനീസ് എന്നിവ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് പ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്ട്രോളിനെ പുറംതള്ളാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാനും ഇവ സഹായിക്കും. ഫൈബര്‍, മിനറല്‍സ്, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികള്‍ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.36, പൗണ്ട് – 93.84, യൂറോ – 81.94, സ്വിസ് ഫ്രാങ്ക് – 82.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.90, ബഹറിന്‍ ദിനാര്‍ – 215.80, കുവൈത്ത് ദിനാര്‍ -263.18, ഒമാനി റിയാല്‍ – 211.57, സൗദി റിയാല്‍ – 21.65, യു.എ.ഇ ദിര്‍ഹം – 22.15, ഖത്തര്‍ റിയാല്‍ – 22.37, കനേഡിയന്‍ ഡോളര്‍ – 60.57.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *