◾കേരളത്തില്‍ ക്രമസമാധാനനില തകര്‍ച്ചയിലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ മാര്‍ച്ച് നടത്തി തന്നെ റോഡില്‍ ആക്രമിക്കുന്നതെല്ലാം കൊള്ളാം. എല്‍ഡിഎഫ് മാര്‍ച്ചിനു 15 വരെ കാത്തിരിക്കേണ്ട. താന്‍ രാജഭവനിലുള്ളപ്പോള്‍തന്നെ നടത്തണം. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണം. കേരള സര്‍ക്കാരിനു കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്കു മാറ്റിവച്ചിരിക്കുകയാണ്. സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾മാധ്യമങ്ങളോടു ‘കടക്കൂ പുറത്തെ’ന്നു ഗവര്‍ണറും. ഗവര്‍ണറുടെ ഓഫീസിന്റെ ക്ഷണമനുസരിച്ച് കൊച്ചി ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയ മീഡിയ വണ്‍, കൈരളി ചാനലുകളുടെ ലേഖകരോടാണു ‘ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍’ എന്നു ഗവര്‍ണര്‍ പറഞ്ഞത്. മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കില്‍ താന്‍ സംസാരിക്കാതെ പോകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾നിയമനക്കത്തിന്റെ പേരില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ ബിജെപി കൗണ്‍സിലര്‍മാര്‍ പൂട്ടിയിട്ടു. പ്രതിഷേധക്കാരെ തടയാന്‍ ഗ്രില്‍ പൂട്ടിയിട്ടിരുന്നു. ഗ്രില്‍ തുറക്കണമെന്ന ബിജെപി കൗണ്‍സിലര്‍മാരുടെ ആവശ്യം അംഗീകരിച്ചില്ല. മേയറുടെ മുറിയിലേക്കു തള്ളിക്കയറാനായിരുന്നു അവരുടെ നീക്കം. പ്രധാന ഗേറ്റ് പൊലീസ് അടച്ചു. കോര്‍പറേഷനില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തിയവര്‍ വലഞ്ഞു. ചിലര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്തു.
◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് തയാറാക്കിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ചും സിപിഎമ്മും അന്വേഷിക്കും. താല്‍കാലിക നിയമനത്തിന് പാര്‍ട്ടിയോടു പട്ടിക ചോദിച്ചുള്ള കത്തിലാണ് മേയറുടെ പരാതിയനുസരിച്ച് അന്വേഷണം. എസ് പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തിലായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് വിവാദം അന്വേഷിക്കുക.
◾സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ തിരുവനന്തപുരത്തെ ഏരിയ കമ്മിറ്റി അംഗമാണെന്നു സൂചനകള്‍. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. ഇദ്ദേഹം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വാട്സാപ് ഗ്രൂപ്പുകളില്‍ കത്തു പങ്കുവച്ചു. അവിടെനിന്നാണു കത്ത് പുറത്തായത്. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കേരളത്തിലെ ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന ആഗ്രഹം നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്. ആ കരുത്തിനു നേരെ കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ശരിയായ നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചില മാധ്യമങ്ങളെ ഒഴിവാക്കി അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജയ്ഹിന്ദ് ടിവിക്ക് വാര്‍ത്താസമ്മേളന സ്ഥലത്തേക്കുള്ള പ്രവേശനംപോലും നിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകരോട് ‘കടക്കൂ പുറത്തെ’ന്ന് ആരു പറഞ്ഞാലും ജനാധിപത്യവിരുദ്ധമാണ്. ഗവര്‍ണര്‍ ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും സതീശന്‍.
◾ഗവര്‍ണറുടെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്നും പിണറായിയുടെ മറ്റൊരു മുഖമാണ് ഗവര്‍ണറുടേതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മാധ്യമങ്ങള്‍ക്കു സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാര്‍ത്ത എതിരാകുമെന്നു തോന്നുമ്പോള്‍ വിരട്ടി പുറത്താക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. സുധാകരന്‍ പറഞ്ഞു.
◾സര്‍ക്കാരിന്റെ അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഗവര്‍ണര്‍ക്കെതിരെ സിപിഎം സമരം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണറുടെ ഇടപെടലുകള്‍ ഭരണഘടനാനുസൃതമാണ്. ഭീമമായ ഫീസ് കൊടുത്താണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരേ വ്യവഹാരം നടത്തുന്നതെന്നും സുരേന്ദ്രന്‍.
◾സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വറ്റോറിയല്‍ ഗിനിയില്‍ പിടികൂടിയ ഹീറോയിക്ക് ഇഡ്യൂള്‍ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും എതു നിമിഷവും നൈജീരിയക്ക് കൈമാറിയേക്കും. കപ്പലിനരികില്‍ നൈജീരിയന്‍ നാവിക സേനയുടെ കപ്പലും ഉണ്ട്. ഇന്ത്യയുടെ അടിയന്തര ഇടപെടല്‍ വേണമെന്ന് കപ്പല്‍ ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചു.
◾മൂന്നു വര്‍ഷം മുമ്പ് ഗവര്‍ണര്‍ക്കു നേരെയുണ്ടായ വധ ഗൂഢാലോചനയില്‍ കേസെടുക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി മനോജ് കുമാറാണ് ഹര്‍ജി നല്‍കിയത്. 2019 ഡിസംബര്‍ 29ന് കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിനെ ആധാരമാക്കിയാണ് ഹര്‍ജി.
◾വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കിയേ തീരൂവെന്ന് ഹൈക്കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സംരക്ഷണം ഉറപ്പാക്കണമെന്ന ഉത്തരവു നടപ്പാക്കിയില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചതോടെയാണ് കോടതി വീണ്ടും നിര്‍ദേശം നല്‍കിയത്.
◾സിംഗിള്‍ ഡ്യൂട്ടി അടക്കം കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങളുമായി സഹകരിച്ചാല്‍ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം നടപ്പായില്ല. ഏഴാം തീയതി ആയിട്ടും ശമ്പളം ലഭിച്ചിട്ടില്ല.
◾ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ച് അഭിഭാഷകര്‍ ഒരുക്കാറുള്ള ‘കോടതി വിളക്ക്’ ആഘോഷം നടന്നു. കോടതി വിളക്ക് എന്നു പ്രയോഗിക്കരുതെന്നു ഹൈക്കോടതി വിലക്കിയിരുന്നെങ്കിലും ‘കോടതി വിളക്ക്’ എന്ന ബാനറുമായാണ് ആഘോഷം ഒരുക്കിയത്. ക്ഷേത്രത്തിനകത്തും നടപ്പന്തലിലും വിളക്ക് തെളിയിച്ചു. കലാപരിപാടികളും മേളവുമുണ്ടായി. സാംസ്‌കാരിക പരിപാടികള്‍ ജസ്റ്റിസ് പി സോമരാജന്‍ ഉദ്ഘാടനം ചെയ്തു.
◾കോതമംഗലത്ത് കല്യാണത്തിനു കെഎസ്ആര്‍ടിസി ബസ് ‘പറക്കുംതളിക’യാക്കി ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്. മുന്‍വശത്തെ കാഴ്ചമറച്ചും വശങ്ങളില്‍ അപകടമുണ്ടാക്കുന്ന വിധത്തിലും മരച്ചില്ലകള്‍ വച്ചുകെട്ടി ബസ് ഓടിച്ചതിനാണ് കേസ്. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡു ചെയ്തിട്ടുമുണ്ട്.
◾തലശേരിയില്‍ കാറില്‍ ചാരിയതിന് ആറു വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പൊലീസിനു വീഴ്ച സംഭവിച്ചെന്നു റിപ്പോര്‍ട്ട്. തലശേരി എസ് എച്ച് ഒ ഉള്‍പ്പെടെയുളളവര്‍ക്കെതിരേ നടപടിക്കു സാധ്യത. സംഭവത്തിനു പിറകേ, കസ്റ്റഡിയില്‍ എടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയായണെന്ന് എഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ റൂറല്‍ എസ്പി പി ബി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്.
◾കാറില്‍ ചാരിയ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പൊലീസ് വീഴ്ച സംബന്ധിച്ച് വിശദീകരണം വേണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനോടും വിവരങ്ങള്‍ ആരായുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍.
◾ഡിവൈഎഫ്ഐ നേതാവ് വഞ്ചിയൂര്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പതിമൂന്ന് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. നാലു ദൃക്സാക്ഷികളുടെ മൊഴികള്‍ അടക്കം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.
◾നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസി ബസിന്റെ തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ് വീട്ടമ്മയ്ക്കു പരിക്കേറ്റു. ഇടക്കുഴിയില്‍ രാധാമണിക്ക് (59) ആണ് പരിക്കേറ്റത്. ബസ് വളവ് തിരിച്ചപ്പോള്‍ പിടിവിട്ട് റോഡിലേക്ക് വിഴുകയായിരുന്നു.
◾ഫ്രൈഡ് റൈസ് വൈകിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലുടമ അടക്കം മൂന്നു പേര്‍ക്ക് വേട്ടേറ്റു. മൂന്നാര്‍, സാഗര്‍ ഹോട്ടല്‍ ഉടമ എല്‍ പ്രശാന്ത്, മകന്‍ സാഗര്‍, ഭാര്യ വിനില എന്നിവര്‍ക്കാണ് വേട്ടേറ്റത്. പ്രദേശവാസികളായ എസ് ജോണ്‍പീറ്റര്‍, ജെ തോമസ്, ആര്‍ ചിന്നപ്പരാജ്, ആര്‍ മണികണ്ഠന്‍ എന്നിവരെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
◾കോഴിക്കോട് മയക്കുമരുന്ന് സംഘം കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അരവിന്ദ് ഷാജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി സക്കറിയ ആണ് പിടിയിലായത്. നാലു പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
◾സിമന്റിനു വില വര്‍ദ്ധിപ്പിക്കുന്നു. ചാക്കിന് 10 മുതല്‍ 30 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഒരു ചാക്ക് സിമന്റിന് നാലു രൂപ വരെ വില വര്‍ദ്ധിപ്പിച്ചിരുന്നു.
◾തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണുമെന്ന് ഡിഎംകെ. ഡിഎംകെ എംപി കനിമൊഴിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ തെരഞ്ഞെടുത്തവരെക്കുറിച്ച് ഗവര്‍ണര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കനിമൊഴി പറഞ്ഞു.
◾തമിഴ്നാട്ടിലെ തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ ഇരുചക്രവാഹന യാത്രക്കാരായ മൂന്നു പേര്‍ക്കു പരിക്ക്. വനമേഖലയിലെ റോഡിലൂടെ കടന്നുപോയവര്‍ക്കു നേരെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കരടി ചാടി വീഴുകയായിരുന്നു. വൈകുണ്ഠമണി എന്നയാളെ നിലത്തേക്ക് വലിച്ചിട്ട ശേഷം മുഖമടക്കം കടിച്ചുപറിച്ചു.
◾ഗുജറാത്തിലെ ഭാവ്നഗറില്‍ 551 ദമ്പതികള്‍ക്കുള്ള സമൂഹവിവാഹത്തില്‍ പ്രധാനമന്ത്രി മോദി. അച്ഛന്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്കായാണ് ‘പാപാ നി പരി’ എന്നു പേരിട്ട സമൂഹവിവാഹം ഒരുക്കിയത്. വ്യവസായ സഹോദരന്മാരായ ദിനേഷ് ലഖാനിയും സുരേഷ് ലഖാനിയും നടത്തുന്ന ഡയമണ്ട് പോളിഷിംഗ് സ്ഥാപനത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ മാരുതി ഇംപെക്‌സ് ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
◾സ്ത്രീയെ ഉപദ്രവിച്ച കേസില്‍ പിടിയിലായ ഓട്ടോറിക്ഷക്കാരന്‍ പൊലീസില്‍നിന്നും രക്ഷപ്പെട്ടു ഓടുന്നതിനിടെ വാഹനമിടിച്ചു മരിച്ചു. ഡല്‍ഹി നോര്‍ത്ത് സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് സംഭവം. രാഹുല്‍ എന്നാണ് മരിച്ചയാളുടെ പേര്.
◾ഐക്യരാഷ്ട്ര സഭയില്‍ റഷ്യ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു വോട്ട് ചെയ്തു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ തേര്‍ഡ് കമ്മിറ്റിയിലാണ് റഷ്യ ‘നാസിസത്തിനെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ’ പ്രമേയം അവതരിപ്പിച്ചത്. 52 നെതിരെ 105 വോട്ടിന് പ്രമേയം പാസായി. 15 രാജ്യങ്ങള്‍ വോട്ടു ചെയ്യാതെ വിട്ടുനിന്നു.
◾പരസ്യകമ്പനികള്‍ പിന്മാറിയതോടെ ട്വിറ്റര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പരസ്യ കമ്പനികളുടെ പിന്മാറ്റത്തിന് കാരണം മനുഷ്യവകാശ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദമാണെന്നു ട്വിറ്റര്‍ ഉടമയും ശത കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട മസ്‌കിന്റെ നടപടി വിവാദമായിരിക്കേയാണ് വെളിപെടുത്തല്‍.
◾ട്വിറ്ററിന്റെ ദുരവസ്ഥ സങ്കടകരമാണെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ടെക് ലോകം ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലാണ് ട്വിറ്ററില്‍ നടന്നത്.
◾ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’യും ജീവനക്കാരെ പിരിച്ചുവിട്ടേക്കും. മെറ്റയ്ക്ക് ഓഹരി വിപണിയില്‍നിന്നും ഏതാണ്ട് 6700 കോടി ഡോളറാണ് നഷ്ടമായത്. ഈ വര്‍ഷം മാത്രം അര ട്രില്ല്യണ്‍ ഡോളറിന്റെ മൂല്യ നഷ്ടമാണ് മെറ്റയ്ക്കുണ്ടായത്.
◾സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. കഴിഞ്ഞദിവസം കുത്തനെ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില താഴ്ന്നത്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 37,600 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഇന്ന് ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് ഇടിഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3885 രൂപയാണ്.
◾ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 260 കോടി ഡോളര്‍ (ഏകദേശം 21,320 കോടി രൂപ) കടന്നു. 2021-22 പ്രകാരം 50.70 കോടി ഗെയിമേഴ്‌സാണ് ഇന്ത്യയിലുള്ളത്. ഇന്ററാക്ടീവ് മീഡിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ലുമിക്കായിയുടെ ‘സ്റ്റേറ്റ് ഒഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് 2021-22’ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2027ഓടെ ഗെയിമിംഗ് വിപണിമൂല്യം 860 കോടി ഡോളര്‍ (70,520 കോടി രൂപ) കടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ 50.70 കോടിയോളം ഗെയിമര്‍മാരില്‍ 12 കോടിപ്പേര്‍ പെയ്ഡ് ഉപഭോക്താക്കളാണ്. ഇവര്‍ ശരാശരി 20 ഡോളര്‍ (1,640 രൂപ) വീതം പേ ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ഗെയിമിംഗ് മേഖല സമാഹരിച്ച നിക്ഷേപത്തിലെ വര്‍ദ്ധന 2019-നേക്കാള്‍ 380 ശതമാനമാണ്. 2020നേക്കാള്‍ 23 ശതമാനവും.
◾35 വര്‍ഷത്തിനു ശേഷം കമല്‍ ഹാസനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ മണി രത്നം. 1987 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം നായകന്‍ ആണ് മണി രത്നത്തിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇതിനു മുന്‍പ് നായകനായെത്തിയ ചിത്രം. കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം. മണി രത്നം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധായകന്‍. കമല്‍ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. 2024 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. കരിയറിലെ ഏറ്റവും വിജയം നേടിയ രണ്ട് ചിത്രങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കമല്‍ ഹാസന്റെ വിക്രമും മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനും ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്.
◾കമല്‍ഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ‘ഇന്ത്യന്‍ 2’വിന്റെ സ്പെഷല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണ്. ‘ഇന്ത്യന്‍’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന് ലഭിച്ചിരുന്നു. തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ‘ഇന്ത്യന്’ കമല്‍ഹാസന് ലഭിച്ചിരുന്നു. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
◾പ്രമുഖ ജര്‍മ്മന്‍ അത്യാഡംബര വാഹനനിര്‍മ്മാതാക്കളായ പോര്‍ഷേ 718 ബോക്സ്റ്റര്‍, കേമാന്‍ എന്നിവയുടെ സ്‌റ്റൈല്‍ എഡിഷനുകള്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലും അതിനൂതന ഫീച്ചറുകളുണ്ടെന്നതാണ് സവിശേഷത. 718 സ്‌പൈഡര്‍ വീലുകളും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഇതില്‍ പ്രധാനമാണ്. ബ്ളാക്ക്, വൈറ്റ് കോണ്‍ട്രാസ്റ്റ് പാക്കേജ് ഓപ്ഷനുകളുണ്ട്. 295 ബി.എച്ച്.പി കരുത്തുള്ളതാണ് എന്‍ജിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.1 സെക്കന്‍ഡ് മതി. ഓപ്ഷണല്‍ സെവന്‍-സ്പീഡ് പി.ഡി.കെ മോഡലില്‍ ഇതേവേഗം നേടാന്‍ 4.7 സെക്കന്‍ഡ് ധാരാളം. 275 കിലോമീറ്ററാണ് ടോപ്‌സ്പീഡ്.
◾മനുഷ്യജീവിതത്തിലെ പലതരത്തിലുള്ള വിഷമാവസ്ഥകള്‍ പ്രമേയമാകുന്ന കഥകള്‍. വിവിധങ്ങളായ ആത്മസംഘര്‍ഷങ്ങള്‍ എഴുത്തുകാരനെ അസ്വസ്ഥനാക്കുന്നു. സാമൂഹിക പ്രശ്‌നങ്ങളില്‍ വഴിമുട്ടി നില്‍ക്കുമ്പോഴും അവയത്രയും വൈയക്തികമാണെന്നുള്ളൊരു തോന്നല്‍ അയാള്‍ക്കുണ്ട്. ഒരിനം ഏറ്റെടുക്കല്‍ പ്രകൃതം. ഈ മനോഭാവം കഥകളെ മറ്റൊരു തലത്തിലേക്കാനയിക്കുന്നു. വ്യക്തി-സമൂഹസംഘര്‍ഷങ്ങളെ ബലപ്പെടുത്തുന്ന മുഖ്യകണ്ണികള്‍ സ്ഥലവും ശരീരവും രോഗവുമാണ്. അവ എല്ലാ കഥകളിലും ഒളിഞ്ഞും തെളിഞ്ഞും വന്നുപോകുന്നു. ഗൃഹപാഠം, കുഴിമാടം, പൊന്നരിപ്പ്, ആരോഗ്യനികേതനം (പുതിയ പതിപ്പ്), വിലോമ ഗ്രന്ഥശാല, വ്യാധി, ഒറ്റത്തവണ തീര്‍പ്പാക്കപ്പെടുന്നില്ല, ഝലം, ഖലാസി എന്നിങ്ങനെ ഒമ്പത് കഥകള്‍. ‘ഖലാസി’. ഇ പി ശ്രീകുമാര്‍. ഡിസി ബുക്സ്. വില 152 രൂപ.
◾കൊളസ്ട്രോളുള്ള വിവരം അറിയാതെ ഏറെ മുന്നോട്ടുപോകുമ്പോള്‍ രോഗിയില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. കൊളസ്ട്രോള്‍ ശ്രദ്ധിക്കാതെ മുന്നോട്ടു പോകുമ്പോള്‍ അധികമായ കൊഴുപ്പ് രക്തക്കുഴലുകളില്‍ അടിയാന്‍ തുടങ്ങും. ഇത് രക്തക്കുഴലുകളിലൂടെ സുഗമമായി രക്തയോട്ടം നടക്കുന്നത് തടയും. ഇതോടെയാണ് ഇപ്പറയുന്ന ലക്ഷണം കാണപ്പെടുക. അതായത് ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്ക്- പ്രത്യേകിച്ച് കാലുകളിലേക്കുള്ള രക്തയോട്ടമാണ് ഇങ്ങനെ ഭാഗികമായി പ്രശ്നത്തിലാവുക. ഈ അവസ്ഥയെ ‘പെരിഫറല്‍ ആര്‍ട്ടെറി ഡിസീസ്’ (പിഎഡി) എന്നാണ് പറയുന്നത്. രക്തയോട്ടം പ്രശ്നത്തിലാകുന്നതോടെ കാലില്‍ അസ്വസ്ഥത, വേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളുണ്ടാകുന്നു. എന്തെങ്കിലും ജോലി ചെയ്യുമ്പോഴായിരിക്കും അധികവും ഈ വേദന അനുഭവപ്പെടുക. വിശ്രമിക്കുമ്പോള്‍ ഇത് കുറയുകയും ചെയ്യാം. കാലിന്റെ മസിലിന്റെ ഭാഗത്തായിരിക്കും വേദന കൂടുതല്‍. ഇത് പിന്നെ അരിച്ചരിച്ച് തുടകളിലേക്കും പിന്‍ഭാഗത്തേക്കുമെല്ലാം എത്താം. ക്രമേണ കായികമായ കാര്യങ്ങളിലൊന്നും സജീവമാകാന്‍ കഴിയാതെയാകാം. കാല്‍പാദം എപ്പോഴും തണുത്തിരിക്കുക, ചര്‍മ്മത്തില്‍ ചുവപ്പ് അടക്കമുള്ള നിറവ്യത്യാസം, കാല്‍വിരലുകളിലും മറ്റും എപ്പോഴും അണുബാധയുണ്ടാവുക, ഇത് മാറാതിരിക്കുക, കാലുകളില്‍ മരവിപ്പ്, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പിഎഡി മൂലമുണ്ടാകാം. കാലുവേദന പല കാരണങ്ങള്‍ കൊണ്ടും വരാം.വളരെ ലളിതമായ രക്തപരിശോധനയിലൂടെ തന്നെ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കണ്ടെത്താവുന്നതേയുള്ളൂ. അതിനാല്‍ ആറുമാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലോ എങ്കിലും ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തുന്നത് എപ്പോഴും നല്ലതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.29, പൗണ്ട് – 93.05, യൂറോ – 81.73, സ്വിസ് ഫ്രാങ്ക് – 82.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.79, ബഹറിന്‍ ദിനാര്‍ – 218.28, കുവൈത്ത് ദിനാര്‍ -265.43, ഒമാനി റിയാല്‍ – 213.66, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 60.76.