മലബാര്‍ സിമന്റ്‌സ് സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ചു സിബിഐ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി ശശീന്ദ്രന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആത്മഹത്യയെന്ന പോലീസിന്റെ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച സിബിഐ അന്വേഷണ സംഘത്തിനെതിരേ അന്വേഷണം വേണം. പുതിയ സംഘം അന്വേഷണം നടത്തി നാലുമാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള കരട് ബില്ലില്‍ ആമുഖം പൂര്‍ണമല്ലെന്നു വിമര്‍ശിച്ച് കൃഷി വകുപ്പു സെക്രട്ടറി ബി അശോക്. ചാന്‍സലറെ മാറ്റാനുള്ള കാരണം ആമുഖത്തില്‍ ഇല്ലാത്തതു ന്യൂനതയാണെന്ന് അശോക് പറഞ്ഞതില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. അതൃപ്തി ചീഫ് സെക്രട്ടറി അശോകിനെ അറിയിക്കും.
നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോള്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ ചര്‍ച്ച ചെയ്യനാണ് പ്രത്യേക മന്ത്രിസഭാ യോഗം. സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതടക്കമുള്ള നടപടികളും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ നടക്കും.
വിഴിഞ്ഞം സംഘര്‍ഷത്തിനു പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു ലഭിച്ചെന്നു മാധ്യമവാര്‍ത്തകളുണ്ട്. നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണമെന്നും സുധാകരന്‍.
വഖഫ് ബോര്‍ഡ് മുന്‍ സിഇഒ ബി മുഹമ്മദ് ജമാലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി. ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറിയുടെയും വഖഫ് ബോര്‍ഡ് സിഇഒയുടെയും തസ്തിക ഒരേ പദവിയിലുള്ളതാണെന്നു കാണിച്ച് സ്‌പെഷ്യല്‍ അലവന്‍സ് കൈപ്പറ്റിയെന്ന കേസിലാണ് അന്വേഷണം.
കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്ന് ബാങ്ക് മാനേജര്‍ രണ്ടര കോടി രൂപ തിരിമറി നടത്തി. കോര്‍പറേഷന്‍ സെക്രട്ടറി ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്ക് എരഞ്ഞിപ്പലം ശാഖയിലെ മാനേജര്‍ റിജില്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കണ്ടെത്തിയത്. അക്കൗണ്ടില്‍ പണമില്ലെന്ന് കണ്ടതോടെ അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചന്നു വിശദീകരണം. പണം അക്കൗണ്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
വിജയിച്ച കെഎസ്യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. പൂത്തോട്ട ലോ കോളജില്‍ വിജയിച്ച കെഎസ് യു പ്രവര്‍ത്തക പ്രവീണയാണു തന്നെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്നു പരാതി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയും കെഎസ്യുവും തുല്യ സീറ്റുകളാണു നേടിയത്. ഇതിന് പിറകേ പ്രവീണയെ തട്ടിക്കൊണ്ടുപോയെന്നാണു പരാതി.
തിരുവനന്തപുരത്ത് സിമന്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. താഴെവിള തെങ്ങറത്തല സ്വദേശികളായ ജോബിന്‍ (22), ജഫ്രീന്‍ ( 19) എന്നിവരാണ് മരിച്ചത്.
കടയില്‍നിന്നു പണം മോഷ്ടിച്ചെന്ന് ആരോപിതനായ പൊലീകാരനു സസ്‌പെന്‍ഷന്‍. പീരുമേട് സ്റ്റേഷനിലെ പൊലീസുകാരന്‍ സാഗര്‍ പി മധുവിനാണ് സസ്‌പെന്‍ഷന്‍.
പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ആണ് രക്ഷപെട്ടത്.
കാമുകനോടൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ യുവതി താനൂര്‍ സ്വദേശി സൗജത്ത് കൊണ്ടോട്ടി വലിയപറമ്പിലെ വീട്ടില്‍ മരിച്ചനിലയില്‍. കാമുകനെ വിഷയം കഴിച്ച നിലയിലും കണ്ടെത്തി. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹം. കൊലപാതമാണെന്നാണ് സംശയം.
ചെറുതുരുത്തിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മല്‍സ്യ കച്ചവടക്കാരന്‍ മരിച്ചു. ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്.
ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. എഎസ്‌ഐയുടെ തലയ്ക്കു പരിക്കേറ്റു. പാറശാല സ്റ്റേഷനിലെ എഎസ്‌ഐ ജോണിന് ആണ് പരിക്കേറ്റത്. പോക്‌സോ കേസിലെ പ്രതിയായ കളിയിക്കാവിള ആര്‍.സി തെരുവില്‍ സ്റ്റാലിനെ (32) അറസ്റ്റു ചെയ്തു.
ആറു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകനായ യുവാവിന് 62 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുല്‍ ഹക്കീമിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ സംഖ്യ ഇരയ്ക്കു നല്‍കണമെന്നാണു വിധി.
കാസര്‍കോട് ഉപ്പളയില്‍ മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു ജീവപര്യന്തം തടവ്. ഉപ്പള സ്വദേശി സുരേഷിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2015 സെപ്റ്റംബര്‍ 22 നാണ് പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി കെട്ടിയിട്ട് പീഡിപ്പിച്ചത്.
ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 89 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പു നടക്കുന്നത്.
കസ്റ്റഡി മരണ കേസില്‍ ഗുജറാത്ത് ഹൈക്കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചതിനെതിരേ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍. കൂടുതല്‍ തെളിവുകള്‍ ചേര്‍ക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹര്‍ജിയില്‍ വിധി വരുന്നതിനു മുന്‍പേ വാദം ആരംഭിച്ചതിന് എതിരേയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കസ്റ്റഡി മരണത്തിന് 2019 ജൂലൈയിലാണ് ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
ചൈനയുടെ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസായിരുന്നു. ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ജിയാങ് സെമിന്‍ ചൈനയുടെ അധികാരത്തിലെത്തിയത്.
എണ്ണക്കപ്പലിനടിയില്‍ പുറത്തുള്ള റഡറില്‍ ഇരുന്ന് 11 ദിവസം യാത്ര ചെയ്ത മൂന്നു കുടിയേറ്റക്കാരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. നൈജീരിയയില്‍നിന്നാണ് ഇവര്‍ കപ്പലിന്റെ റഡറില്‍ കയറിയത്. സ്‌പെയിനിലെ കനേറി ഐലന്റ്‌സിലാാണ് ഇവരെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സൗദി അറേബ്യയിലെ വടക്കന്‍ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും. വീശിയടിച്ച കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും തകര്‍ന്നു. തബൂക്കില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങി.
അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ അയ്ബനില്‍ മദ്രസയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തു കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. 24 പേര്‍ക്കു പരിക്കേറ്റു.
വനിതാ ജയിലില്‍ ‘ബലാല്‍സംഗ ക്ലബ്ബ’് നടത്തിയ ജയില്‍ വാര്‍ഡന്‍ പിടിയില്‍. കാലിഫോര്‍ണിയയിലെ വനിതാ ജയിലിലാണ് പുരുഷ ജയില്‍ വാര്‍ഡനായ റേ ജേ ഗാര്‍സിയ എന്ന അന്‍പത്തിയഞ്ചുകാരന്‍ റേപ്പ് ക്ലബ്ബ് നടത്തി പിടിയിലായത്. ഔദ്യോഗിക ഫോണില്‍നിന്ന് വനിതാ തടവുകാരുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ഗാര്‍സിയ എഫ്ബിഐയുടെ പിടിയിലായത്.