◾ഡിഗ്രി കോഴ്സ് നാലു വര്‍ഷമാക്കുന്നു. നാലു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ഡിഗ്രിയാണു നല്‍കുക. നാലാം വര്‍ഷത്തില്‍ ഗവേഷണത്തിനും ഇന്റേണ്‍ഷിപ്പിനുമായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക. നാലുവര്‍ഷത്തെ ഓണേഴ്സ് ഡിഗ്രി നേടിയവര്‍ക്കു നേരിട്ട് പിജി കോഴ്സില്‍ രണ്ടാം വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി നല്‍കും. വേണമെങ്കില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിക്കു ഡിഗ്രി നല്‍കും. അടുത്ത അധ്യയന വര്‍ഷത്തില്‍ ഇതു നടപ്പിലാക്കാനാണു നീക്കം.
◾വിഴിഞ്ഞത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗം ഒരു തീരുമാനവുമെടുക്കാനാകാതെ പിരിഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. മന്ത്രി ജി.ആര് അനില്‍ സമരക്കാരെ നിശിതമായി വിമര്‍ശിച്ചു. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായത്. പൊലീസ് സ്റ്റേഷന് ആക്രമിച്ചതിന് 3000 തുറമുഖ വിരുദ്ധ സമിതിക്കാര്‍ക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തു. സ്റ്റേഷന് ആക്രമിച്ച് പൊലീസുകാരെ വധിക്കാനായിരുന്നു ശ്രമമെന്നാണ് എഫ്ഐആര്‍. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് സര്‍വകക്ഷി യോഗത്തില്‍ സമരസമിതി ഒഴികേയുള്ള എല്ലാ കക്ഷികളും ആവശ്യപ്പെട്ടെന്ന് മന്ത്രി അനില്‍ അവകാശപ്പെട്ടു.
◾വിഴിഞ്ഞത്ത് സര്‍ക്കാര്‍ പോലീസിനെക്കൊണ്ടു നടത്തിച്ചത് ആസൂത്രിത കലാപമാണെന്നു സമരസമിതി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ശനിയാഴ്ചയിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായ സെല്‍റ്റനെ ജാമ്യത്തിലെടുക്കാന്‍ സ്റ്റേഷനില്‍ എത്തിയ നാലു പേരേയും പോലീസ് അറസ്റ്റു ചെയ്തു. ഇവരെയെല്ലാം ജാമ്യത്തിലെടുക്കാന്‍ വിന്‍സെന്റ് എംഎല്‍എയും രണ്ടു വൈദികരും അടക്കമുള്ള ആറു പേര് സ്റ്റേഷനിലെത്തി. പോലീസ് നടപടികള്‍ വൈകിപ്പിച്ചു. വൈദികരേയും അറസ്റ്റു ചെയ്തെന്ന വ്യാജസന്ദേശം പ്രചരിച്ചു. ഇതോടെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി. ജനത്തിനു നേരെ ആദ്യം കല്ലെറിഞ്ഞതു പോലീസാണെന്നാണ് ആരോപണം. ലാത്തിച്ചാര്‍ജില്‍ വൈദികര്‍ അടക്കം നൂറിലേറെ പേര്‍ക്കു പരിക്കേറ്റെന്നും സമരസമിതി ആരോപിച്ചു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾വിഴിഞ്ഞം വിഷയത്തില്‍ സമരസമിതി ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചു പിന്നീടു ചര്‍ച്ച ചെയ്യുമെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം മന്ത്രി ജി.ആര്. അനില്‍. അക്രമസംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന സമരസമിതിയുടെ ആവശ്യം മന്ത്രി തള്ളി.
◾വിഴിഞ്ഞത്തെ ആക്രമണങ്ങളില്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അറസ്റ്റു ചെയ്ത് പ്രകോപനമുണ്ടാക്കിയതു പോലീസാണ്. ജാമ്യത്തിലെടുക്കാന്‍ പോയവരേയും അറസ്റ്റു ചെയ്തത് എന്തിനാണ്. മനപൂര്‍വം കലാപമുണ്ടാക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്നും സതീശന് പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ട് സിമന്റ് ഗോഡൗണില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. മുഖ്യമന്ത്രി രാജാവല്ലെന്നു മറക്കരുതെന്നും സതീശന്.
◾വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി. സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാത്തതാണ് സമരക്കാരെ പ്രകോപിതരാക്കുന്നത്. സ്ഥലത്തില്ലാത്ത ആര്ച്ച്ബിഷപ്പിനെതിരേ കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും ജോസ് കെ. മാണി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾മല്‍സ്യത്തൊഴിലാളികളെ വൈദികര്‍ ഭീഷണിപ്പെടുത്തിയാണ് സമരത്തിനിറക്കുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി. വിഴിഞ്ഞം പദ്ധതി തകര്‍ക്കുന്നതിന് ലത്തീന്‍ അതിരൂപത വിദേശ പണം സ്വീകരിക്കുന്നുണ്ടോയെന്നും ശിവന്‍കുട്ടി ചോദിച്ചു.
◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. സര്‍ക്കാരിന്റെ പട്ടിക തിരസ്കരിച്ച് ഡോ. സിസ തോമസിനെ ഗവര്‍ണര്‍ താല്‍ക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ യോഗ്യതയുളളവര്‍ ഇല്ലായിരുന്നെന്നാണ് ഗവര്‍ണറുടെ നിലപാട്. സീനിയോറിറ്റി അനുസരിച്ച് ഡോ. സിസ തോമസ് നാലാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ അറിയിച്ചു. വിസി നിയമനത്തിന്റെ പേരിലുള്ള ഏറ്റുമുട്ടല്‍ അനാവശ്യമാണെന്ന് കോടതി പരാമര്‍ശിച്ചു.
◾സില്‍വര്‍ലൈന്‍ പദ്ധതി പൂട്ടിക്കെട്ടിയ സ്ഥിതിക്ക് ഭൂമിയേറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. വിജ്ഞാപനം നിലനില്‍ക്കുന്നതിനാല്‍ പലര്‍ക്കും ഭൂമി ക്രയവിക്രയം ചെയ്യാനോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ കഴിയുന്നില്ല. പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
◾സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോയിട്ടില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരാണ് അനുമതി തരാത്തത്. കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്നാണു കേന്ദ്രത്തിന്റെ നിലപാടെന്നും ബാലഗോപാല്‍.
◾പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎയും കോടതിയില്‍. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മറ്റൊരു കേസില്‍ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയിരുന്നത്. കണ്ണൂര്‍ പാലയാട് ലോ കോളേജില്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചെന്ന് എസ് എഫ് ഐ നല്കിയ പരാതിയില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു.
◾കല്ലറയില്‍ ഡോക്ടറെ ആക്രമിച്ചതിന് ജാമ്യത്തിലിറങ്ങിയ സൈനികന് സ്ത്രീയെ ആക്രമിച്ചതിന് അറസ്റ്റിലായി. ഭരതന്നൂര്‍ സ്വദേശി വിമല്‍ വേണുവിനെയാണ് പാങ്ങോട് പൊലിസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഇയാള്‍ മദ്യപിച്ച് ഒരു വീട്ടില്‍ കയറി വീട്ടമ്മയെയും അമ്മയെയും ആക്രമിച്ചെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ്.
◾സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതയുടെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്നു ഭയന്നാണ് വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന കള്ളക്കേസ് നല്‍കിയതെന്ന് പ്രതിയായ വിനു കുമാര്‍. സരിതയുടെ മുന്‍ ഡ്രൈവറും സഹായിയുമാണ് വിനു കുമാര്‍. തൊഴില്‍ തട്ടിപ്പുകേസില്നിന്നു രക്ഷപ്പെടാനാണ് രോഗമുണ്ടെന്ന നാടകം കളിക്കുന്നത്. മുടി കൊഴിഞ്ഞതല്ല, ബാര്‍ബര്‍ ഷോപ്പില്‍ പോയി മൊട്ടയടിച്ചതാണ്. സോളാര്‍ കേസ് അന്വേഷണത്തിനിടെ പലരില്‍നിന്നും പണം വാങ്ങിയതിന്റെ തെളിവുകളുണ്ടെന്നും വിനു കുമാര്‍ പറഞ്ഞു.
◾സില്‍വര്‍ ലൈന്‍ പദ്ധതി ഇല്ലാതായിട്ടില്ലെന്ന് ഫേസ് ബുക്കിലൂടെ കെ റെയില്‍ പ്രചാരണം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അര്‍ധ അതിവേഗ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രാനുമതി കിട്ടുന്നത് വരെയുള്ള സമയം മാത്രമാണ് ഇനിയുള്ളത്. യാഥാര്‍ത്ഥ്യമാകും കേരളത്തിന്റെ സ്വപ്ന പദ്ധതി. കേരളം കുതിക്കട്ടെ സില്‍വര്‍ലൈനില്‍.’- എന്നാണ് ഫേസ് ബുക്കില്‍ കുറിച്ചത്.
◾കോഴിക്കോട് ജില്ലയിലെ പ്ലസ് ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്ന് അവധി. വടകരയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാനാണ് അവധി പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നിനാണ് കലോത്സവം സമാപിക്കുക.
◾വയനാട്ടില്‍ പോക്സോ കേസ് ഇരകള്‍ക്കു വൈദ്യപരിശോധന നടത്താന്‍ വിസമ്മതിച്ച് മാനന്തവാടിയിലെ വയനാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍. മൂന്നു ബാലികമാര്ക്കുമൊപ്പം വന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നു മണിക്കൂര്‍ കാത്ത് നിന്നിട്ടും പരിശോധന നടത്തിയില്ല. ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.
◾കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ ഒഡീഷ സ്വദേശികളായ രണ്ടുപേരെ എറണാകുളം റൂറല്‍ പൊലീസ് പിടികൂടി. സാംസണ് ഖണ്ഡ, ബന്ധുവായ ഇസ്മായേല്‍ ഖണ്ഡ എന്നിവരെയാണ് എറണാകുളം തടിയിട്ടപറമ്പ് പൊലീസ് ഒഡീഷയിലെത്തി പിടികൂടിയത്.
◾മലപ്പുറം തിരൂര്‍ കന്മനം ചീനക്കലില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവു നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
◾കോട്ടയത്തുനിന്ന് ഇടുക്കി കുമളിയിലെ ഉപഭോക്താവിനെ കാണിക്കാനായി കൊണ്ടുപോയ കാറിന്റെ സ്പീഡോ മീറ്ററില്‍ കൃത്രിമം കാണിച്ചതിന് കോട്ടയത്തെ പോപ്പുലര്‍ ഹുണ്ടായി ഡീലര്‍ക്ക് ലക്ഷം രൂപ പിഴ. കുമളിയില്‍നിന്നു മടങ്ങിപ്പോകവേ, മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് കാര്‍ പൂജ്യം കിലോമീറ്റര്‍ ഓടിയതായി കണ്ടെത്തിയത്.
◾വിഴിഞ്ഞം സമരത്തോട് സര്‍ക്കാരിനു നിഷേധാത്മക നിലപാടെന്ന് കെ.സി.ബി.സി. സമരക്കാരെ പ്രകോപിപ്പിക്കാനാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം. ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്. ഇത്തരം കേസുകള്ക്കൊണ്ടോ ഭീഷണികൊണ്ടോ സമരത്തെ അടിച്ചമര്‍ത്താനാവില്ല. കെ.സി.ബി.സി പറഞ്ഞു.
◾മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 67 വര്‍ഷമാവും പ്രതിയുടെ ശിക്ഷ.
◾സിപിഎം പ്രവര്‍ത്തകനായിരുന്ന ആനാവൂര്‍ നാരായണന് നായര്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയിലെ ഇന്‍സ്പെക്ടറായിരുന്ന കെ.എ. രാജേഷിനെ പിരിച്ചുവിട്ടു. വധക്കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
◾വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിച്ചതിനും സമരക്കാര്‍ക്കെതിരേ കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്.
◾മലപ്പുറം അരീക്കോട് 78 ലക്ഷം രൂപയുടെ കുഴല്‍പണം പൊലീസ് പിടികൂടി. കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലിയെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
◾കോഴിക്കോട് നാദാപുരത്ത് വാഹനാപകടത്തില്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ശ്രീജിത്ത് (38) മരിച്ച സംഭവത്തില്‍ കാറോടിച്ചയാളെ തേടി പോലീസ്. ശ്രീജിത്ത് സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത് മറ്റൊരാളാണ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാനായില്ല. അപകടശേഷം ഇയാള്‍ രക്ഷപ്പെട്ടു.
◾കൊവിഷീല്‍ഡ് വാക്സീന് എതിരെ വിവിധ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കോവിഷീല്‍ഡ് കമ്പനിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് സുപ്രിം കോടതി പറഞ്ഞു. കുത്തിവയ്പിനു പിന്നാലെ മലയാളി പെണ്‍കുട്ടി മരിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഹര്‍ജി തള്ളിയതോടെ ഇരകള്‍ക്ക് ഹൈക്കോടതികളില്‍ കേസ് തുടരാം.
◾മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണ്. ഭീഷണിപ്പെടുത്തിയും വാഗ്ദാനങ്ങള്‍ നല്‍കിയുമുള്ള മതപരിവര്‍ത്തനം തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
◾ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്കു വ്യാഴാഴ്ച വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും നേതൃത്വത്തിലായിരുന്നു ബിജെപി പ്രചാരണം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു ദിവസവും എഐസിസിപ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുദിവസവും തെരഞ്ഞെടുപ്പ് റാലികള്‍ നടത്തി. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നാടിളക്കിയാണു പ്രചാരണം നടത്തിയത്.
◾രാജസ്ഥാന് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു എഐസിസി പ്രസിഡന്റിനോടു ചോദിക്കൂവെന്നു പ്രതികരിച്ച് രാഹുല്‍ഗാന്ധി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭാരത് ജോഡോ യാത്രക്കിടെ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. രാജസ്ഥാന് കോണ്‍ഗ്രസിലെ തര്‍ക്കം ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
◾വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയെ തെലങ്കാനയിലെ വാറങ്കലില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത രാഷ്ട്ര സമിതി പ്രവര്‍ത്തകരുമായി ശര്‍മിളയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
◾ഡല്‍ഹിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫ്താബിനെ വെട്ടാന്‍ വാളുകളുമായി എത്തിയ ഹിന്ദു സേന പ്രവര്‍ത്തകരെ വിരട്ടി ഓടിക്കാന്‍ പോലീസ് ആകാശത്തേക്കു വെടിവച്ചു. രോഹിണിയിലെ ഫൊറന്‍സിക് ലാബില്‍നിന്ന് അഫ്താബിനെ പുറത്തിറക്കിയപ്പോഴാണ് വാളുകളുമായി അഫ്താബിനെ വെട്ടാന്‍ പാഞ്ഞടുത്തത്. വാളു കൊണ്ട് പൊലീസ് വാഹനത്തില്‍ വെട്ടിയ പ്രതികളെ ഓടിക്കാന്‍ പൊലീസ് ആകാശത്തേക്കു വെടിവയ്ക്കുകയായിരുന്നു.
◾ചെന്നൈ താംബരത്ത് ജ്വല്ലറി കുത്തിത്തുറന്ന് ഒരു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മൂന്നുപേരെ രണ്ടു മണിക്കൂറിനകം പൊലീസ് പടികൂടി. ബ്ലു സ്റ്റോണ്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. പൊലീസ് പ്രദേശത്തെ റോഡുകള്‍ മുഴുവന്‍ അടച്ച് എല്ലാ കെട്ടിടങ്ങളിലും വീടുകളിലും റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്. സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. ഒരു വീട്ടില്‍ ഒളിച്ച ആസാം സ്വദേശികളായ മൂന്നു പേരെ അറസ്റ്റു ചെയ്തു. ജ്വല്ലറിക്കരികിലുള്ള കൂള്‍ബാറിലെ ജീവനക്കാരനാണ് കവര്‍ച്ചാസംഘത്തിലെ ഒരാള്‍.
◾ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളെ പിരിച്ചുവിട്ടതല്ല, രാജിവച്ചുപോയതാണെന്ന് മാനേജുമെന്റ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു മറുപടി നല്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
◾ഒരോവറില്‍ ഏഴ് സിക്സറടിച്ച് മഹാരാഷ്ട്രയുടെ ഋതുരാജ് ഗെയ്ക്ക്വാദ്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഗെയ്ക്ക്വാദ് ഒരോവറില്‍ ഒരു നോബോളിലടക്കം ഏഴു സിക്സറുകള്‍ നേടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ഋതുരാജ് സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു.
◾നെയ്മറുടെ അഭാവം നിഴലിച്ച മത്സരത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോയുടെ ഗോളിലൂടെ സ്വിറ്റ്സര്ലണ്ടിനെ തോല്പിച്ച ബ്രസീല്‍ ആറു പോയിന്റുമായി ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ അവസാനത്തിലാണ് ആരാധകരുടെ ആശങ്കകള്‍ അകറ്റി കാസെമിറോ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചത്. പ്രതിരോധം കൊണ്ട് കരുത്തു കാട്ടുകയും ഒറ്റപ്പെട്ട ആക്രമണം കൊണ്ട് വിറപ്പിക്കുകയും ചെയ്ത സ്വിറ്റ്സര്‍ലഡിനെ ഈയൊരൊറ്റ ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന പതിനാറിലെത്തിയത്.
◾യുറുഗ്വായെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക്. ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോളിന്റെ മികവിലാണ് പറങ്കിപ്പട ഗ്രൂപ്പ് എച്ചില് നിന്ന് ആറു പോയിന്റുമായി പ്രീക്വാര്‍ട്ടറിലേക്കെത്തുന്നത്. വിരസമായ ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗല്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ മുന്നിലെത്തി. സമനിലയ്ക്കായ് യുറുഗ്വായ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും കളിയുടെ 90-ാം മിനിറ്റില്‍ യുറുഗ്വായ് ഡിഫന്ററുടെ കയ്യില്‍ തട്ടി കിട്ടിയ പെനാല്‍റ്റി ഗോളാക്കി ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ നേടി പോര്‍ച്ചുഗലിന്റെ വിജയം ഊട്ടിയുറപ്പിച്ചു.
◾തീപ്പൊരി പാറിയ മത്സരത്തില്‍ പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ മൂന്നിനെതിരെ രണ്ട് ഗോളിന് തോല്പിച്ച് ഘാന. ദക്ഷിണ കൊറിയ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഘാന മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ദക്ഷിണ കൊറിയയുടെ ചോ ഗ്യു സങ് മത്സരത്തിന് തീപിടിപ്പിച്ചു. സമനിലപിടിച്ചതിന്റെ ആഘോഷം അലയടിക്കുന്നതിനിടയില്‍ ഘാന മുഹമ്മദ് കുഡൂസിന്റെ രണ്ടാമത്തെ ഗോളിലൂടെ ലീഡ് തിരിച്ചു പിടിച്ചു. പോരാട്ടവീര്യം ഒട്ടും ചോരാതെ ദക്ഷിണകൊറിയ വീണ്ടും സമനില ഗോളിനായി പൊരുതിയെങ്കിലും അവയെല്ലാം ഘാനയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.
◾തോറ്റാല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുമായിരുന്ന മത്സരത്തില്‍ കാമറൂണും സെര്‍ബിയയും ആവേശം വാനോളം ഉയര്‍ത്തി മൂന്ന് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യപകുതിയില്‍ ആദ്യം ഗോളടിച്ചത് കാമറൂണായിരുന്നു. എന്നാല്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളടിച്ച് സെര്‍ബിയ ലീഡെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ കൂടെ അടിച്ച് സെര്‍ബിയ കാമറൂണിനെ തളര്‍ത്താന്‍ ശ്രമിച്ചു. അതേസമയം വര്‍ദ്ധിതവീര്യത്തോടെ തിരിച്ചടിച്ച കാമറൂണ്‍ രണ്ടു ഗോളുകള്‍ കൂടി നേടി സമനിലയിലെത്തി. നാലാമതൊരു ഗോളിനായ് കാമറൂണ്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സെര്‍ബിയന്‍ പ്രതിരോധത്തില്‍ തട്ടി ആക്രമണങ്ങളെല്ലാം നിഷ്ഫലമായി.
◾ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് തലത്തിലെ മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മുതല്‍ 3.30 നും 6.30 നും മത്സരങ്ങളുണ്ടാകില്ല, പകരം രാത്രി 8.30 നും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 നും രണ്ട് കളികള്‍ വീതം. ഇന്ന് രാത്രി 8.30 ന് ഗ്രൂപ്പ് എയില്‍ നിന്നുള്ള മത്സരങ്ങളാണ്. ഒരു മത്സരത്തില്‍ നാല് പോയിന്റുള്ള ഇക്വഡോറും മൂന്ന് പോയിന്റുള്ള സെനഗലും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ നാല് പോയിന്റുള്ള നെതര്‍ലണ്ട്സും പോയിന്റൊന്നുമില്ലാത്ത ഖത്തറും ഏറ്റുമുട്ടും. വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരങ്ങള്‍ ഗ്രൂപ്പ് ബിയിലുള്ള ടീമുകള്‍ തമ്മിലാണ്. ഒരു മത്സരത്തില്‍ മൂന്ന് പോയിന്റുള്ള ഇറാനും രണ്ട് പോയിന്റുള്ള യുഎസ്എയും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ നാല് പോയിന്റുള്ള ഇംഗ്ലണ്ടും ഒരു പോയിന്റ് മാത്രമുള്ള വെയില്‍സും തമ്മില്‍ ഏറ്റുമുട്ടും.
◾പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 225 മില്യണ്‍ ഡോളറിന്റെ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ നസര്‍. മൂന്ന് വര്‍ഷത്തേക്കാണ് 1800 കോടിയലധികം രൂപയുടെ ഓഫര്‍ അല്‍ നസര്‍ നല്‍കിയിരിക്കുന്നത്.
◾അടച്ചുപൂട്ടാനൊരുങ്ങി ആമസോണ്‍ ഫുഡ്. ഡിസംബര്‍ 29ന് ശേഷം ആമസോണ്‍ ഇന്ത്യയുടെ ഫുഡ് ഡെലിവറി സേവനമായ ആമസോണ്‍ ഫുഡ് സേവനങ്ങള്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ഇന്ത്യയിലെ എഡ്-ടെക് സേവനം അവസാനിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ തീരുമാനം. സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും എതിരാളിയായി ഏകദേശം രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച സേവനം ബെംഗളൂരുവിലും രാജ്യത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളിലും മാത്രമേ ലഭ്യമായിരുന്നുള്ളൂ. നിലവില്‍, പ്രധാന ആമസോണ്‍ ആപ്പിന് പലചരക്ക് സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി ഒരു പ്രത്യേക വിഭാഗമുണ്ട്. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കാലത്ത് ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനാണ് ആമസോണ്‍ ഫുഡും ആമസോണ്‍ അക്കാദമിയും ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്.
◾വൈറലായി മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാര്‍ മകള്‍ക്കൊപ്പം പാട്ടുപാടുന്ന വീഡിയോ. ജഗതിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം മകള്‍ പാര്‍വതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായി. ‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്തമായ റാഫി ഗാനമാണ് പാര്‍വതിയും ജഗതി ശ്രീകുമാര്‍ പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാര്‍വതിയും മകള്‍ക്ക് ഒപ്പം ചേരുന്ന ജഗതിയെയുമാണ് വീഡിയോയില്‍ കാണുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ജഗതിയുടെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട്തന്നെ വൈറല്‍ ആയികഴിഞ്ഞു. അടുത്തിടെ ‘സിബിഐ’ സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
◾ഒരിക്കല്‍ തിയറ്ററില്‍ പരാജയപ്പെട്ട ചിത്രവുമായി നീണ്ട ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്ര മേനോന് വീണ്ടുമെത്തുന്നു. ‘എന്നാലും ശരത്’ എന്ന ചിത്രമാണ് വീണ്ടും ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്സിലൂടെ റിലീസ് ആകുന്നത്. 2018ല്‍ തിയറ്ററില്‍ എത്തിയ ഈ ചിത്രം പ്രേക്ഷകര്‍ അന്ന് തള്ളിക്കളയുകയായിരുന്നു. എലിസബത്ത് എന്ന അനാഥയായ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ച് വികസിക്കുന്ന ഒരു കഥയാണിത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ നിധി അരുണ്‍, നിത്യാ നരേഷ്, ചാര്‍ളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ലാല്‍ജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തന്, അഖില്‍ വിനായക് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സാം എന്ന ഡോക്ടറുടെ വേഷത്തില്‍ ബാലചന്ദ്ര മേനോനും പതിവ് പോലെ സിനിമയിലെ മര്‍മ്മപ്രധാനമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
◾ഫോഴ്സ് മോട്ടോര്‍സ് അര്‍ബാനിയ എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു മോഡലിനെ അവതരിപ്പിച്ചു. 28.99 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് അവതരണം. ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. 1 ലക്ഷം രൂപയാണ് ബുക്കിംഗ് തുക. ഫോഴ്സ് മോട്ടോര്‍സ് അര്‍ബാനിയ ഷോര്‍ട്ട്, മീഡിയം, ലോംഗ് വീല്‍ബേസ് മോഡലുകള്‍ക്കായിട്ടാണ് ബുക്കിംഗ് തുറന്നിരിക്കുന്നത്. ഡ്രൈവര്‍ ഒഴികെ 17 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ലോംഗ് വീല്‍ബേസ് വേരിയന്റിന് 31.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഡ്രൈവര്‍ ഒഴികെ 10 പേര്‍ക്ക് ഇരിക്കാവുന്ന ഷോര്‍ട്ട് വീല്‍ബേസ് വേരിയന്റിന് 29.50 ലക്ഷം രൂപയും, അവസാനമായി, ഡ്രൈവര്‍ ഒഴികെ 13 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഫ്ലാഗ്ഷിപ്പ് മീഡിയം വീല്‍ബേസ് വേരിയന്റിന് 28.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. 15 ദിവസത്തിനുള്ളില്‍ ആദ്യത്തെ വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കി.
◾ഉത്തരവാദിത്വങ്ങളാല്‍ തകര്‍ന്ന തോളെല്ലുവേദന കടിച്ചമര്‍ത്തി, ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച് തേഞ്ഞുപോയ നഖം നിബ്ബായി എന്റെ തന്നെ ജീവരക്തം നിറച്ച് എഴുതും. കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ…ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ എന്റെ ഹൃദയാവരണത്തില്‍തന്നെ… ആ എഴുത്തിനെ ഞാന്‍ എന്റെ കഥയെന്നു പേരിടും: എന്റെ പെണ്ണുങ്ങളുടെ കഥയെന്നും ആണുങ്ങളുടെ കഥയെന്നും പേരിടും. അതിനിടയില്‍ ഞാനുമുണ്ട് അവനുമുണ്ട്… സമാന്തര തീവണ്ടിപ്പാതകള്‍പോലെ… ‘എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും’. ഇന്ദു മേനോന്. ഡിസി ബുക്സ്. വില 474 രൂപ.
◾ആര്‍ത്തവ സമയത്തെ വയറുവേദന എതെങ്കിലും വേദമനസംഹാരി കഴിച്ച് മാറ്റുകയാണ് മിക്കവരുടേയും പതിവ്. എന്നാല്‍ ഇത് നിസാരമായി കാണരുതെന്ന് വിദഗ്ധര്‍. എന്‍ഡോമെട്രിയോസിസ് എന്ന് രോഗാവസ്ഥയിലൂടെയായിരിക്കും പലരും കടന്നു പോകുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കാം. അതുകൊണ്ടുതന്നെ പതിവായി വേദന ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടണം. 10 ശതമാനം സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ത്തവ സമയത്ത് വേദന ഉണ്ടാകാറുണ്ടെങ്കിലും ചില സ്ത്രീകളില്‍ ആര്‍ത്തവത്തിന് ഒരാഴ്ചമുമ്പ് വേദന തുടങ്ങി ആര്‍ത്തവ ദിവസങ്ങളില്‍ ഒരാഴ്ച വരെ നിലനില്‍ക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ആര്‍ത്തവസമയത്ത് ഗര്‍ഭാശയത്തിന് അകത്തുള്ള കോട്ടിംഗ് (എന്ഡോമെട്രിം) രക്തസ്രാവം രൂപത്തില്‍ പുറത്ത് വരുകയോ ചിലസമയത്ത് ഈ രക്തം അണ്ഡവാഹിനി കുഴലിലൂടെ വയറിനകത്ത് കെട്ടികിടക്കുന്ന അവസ്ഥയെയാണ് എന്‍ഡോമെട്രിയോസിസ്. സാധരണയായി 15 വയസ് മുതല്‍ 45 വയസു വരെയുള്ള സത്രീകളില്‍ കണ്ടു വരുന്ന ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം വയറുവേദനയാണ്. കൂടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴോ അതിന് ശേഷമോ ഉള്ള വേദന, അടിവയറ്റിലോ, മൂത്രമൊഴിക്കുമ്പോഴോ മറ്റോ ഉള്ള വേദന തുടങ്ങി ചില രോഗികളില്‍ വേദന തുടയിലേക്കും ചിലരില്‍ ക്ഷീണവും അനുഭവപ്പെടാറുണ്ട്. അള്‍ട്രാസൗണ്ട് സ്കാന്‍, എംആര്‍ഐ മുഖേന എന്‍ഡോമെട്രിയോസിസ് കണ്ടെത്താവുന്നത്. ശരിയായ രീതിയില്‍ രോഗനിര്‍ണ്ണയം നടത്തുന്നതിന് കീഹോള്‍ വഴി വയറിനകത്ത് ഹൈഡെഫിനിഷന്‍ ക്യാമറ കടത്തിവിട്ട് പരി ശോധിക്കുന്നതാണ് ഏറ്റവും അനുയോജ്യമായ മാര്‍ഗം. എന്‍ഡോമെട്രിയോസിസ് രോഗത്തിന് പ്രധാനമായും മൂന്നുതരം ചികിത്സാ രീതികളാണ് ഉള്ളത്. ആദ്യമായി വേദനാ സംഹാരികള്‍ നല്‍കുകയും രണ്ടാമത് ഹോര്‍മോണ്‍ തെറാപിയും മൂന്നമതായി ശസ്ത്രക്രിയ എന്നിവയുമാണ്. ലാപ്പറോസ്കോപിക് സര്‍ജ്ജറി വഴി എന്‍ഡോമെട്രിയോസിസ് തിരിച്ചറിയാനും ആവശ്യമെങ്കില്‍ തല്‍സമയം തന്നെ അതിനെ ചികിത്സിക്കുവാനും സാധിക്കുന്നതാണ്.
*ശുഭദിനം*
*കവിത കണ്ണന്*
ഒരു പുസ്തകവില്പനക്കാരനായിരുന്നു അവന്റെ അച്ഛന്. വീടുകള്‍ തോറും പുസ്തകം വിറ്റ് നടന്നുലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ 6 മക്കളടങ്ങുന്ന ആ കുടുംബത്തിന് ജീവിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ അവന്റെ അമ്മ ചോളപ്പാടത്ത് സഹായിയായി പോകുമായിരുന്നു. മക്കളില്‍ ഇളയവനായ അവന് കോഴിയെ വളര്‍ത്തി വിറ്റ് തന്റെ കുടുംബത്തെ സഹായിക്കുമായിരുന്നു. നിത്യവും കിട്ടുന്ന വരുമാനത്തില്‍ നിന്നും ചെറിയ പങ്ക് മാറ്റിവെച്ച് തന്റെ പതിമൂന്നാം വയസ്സില്‍ 50 ഡോളറിന്റെ ഉടമയായി മാറി. പതിനാറാം വയസ്സില്‍ അവന് ബുക്ക് കീപ്പറായി ജോലി നേടി. ആ സമയത്താണ് ഒരു സ്വപ്നം അവനിലേക്ക് വന്നത്. തനിക്ക് നൂറ് വര്‍ഷം ജീവിക്കണം. നൂറായിരം ഡോളര്‍ സമ്പാദിക്കണം. കൃത്യമായ ശമ്പളമുള്ള ഈ ജോലി തുടര്‍ന്നാല്‍ തനിക്ക് നൂറ് വര്‍ഷം ജീവിക്കാം. പക്ഷേ, നൂറായിരം ഡോളര്‍ ഒരു സ്വപ്നമായിതന്നെ മാറും എന്ന് മനസ്സിലാക്കിയ അയാള്‍ ബുക്ക് കീപ്പര്‍ ജോലി രാജിവെച്ച് ബിസിനസ്സ് മാനേജ്മെന്റ് പഠിക്കാന്‍ തുടങ്ങി. ആളുകള്‍ അവനെ കളിയാക്കി. പക്ഷേ അതൊന്നും അവന് ശ്രദ്ധിച്ചതേയില്ല. അപ്പോഴാണ് അമേരിക്ക മെഴുകുതിരി വെട്ടത്തില്‍ നിന്ന് മണ്ണെണ്ണ വിളക്കിലേക്ക് മാറിയത്. ഈ മാറ്റം പുതിയൊരു ലോകത്തെ മുന്‍കൂട്ടി കാണാന്‍ അയാളെ പ്രേരിപ്പിച്ചു. അതിന്റെ ഭാഗമായാണ് തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി രണ്ട് കൂട്ടുകാരോടൊപ്പം സ്റ്റാന്റേര്‍ഡ് ഓയില്‍ കമ്പനി സ്വന്തമാക്കാന്‍ തീരുമാനിച്ചത്. അമേരിക്ക പുതിയകാലത്തിലേക്ക് നീങ്ങിയതും അമേരിക്കന്‍ വീഥികളില്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതും സ്റ്റാന്റേര്‍ഡ് ഓയിലിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചു. അക്കാലത്തെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയും ഇവരുടേയതായിരുന്നു. 1970 കളായപ്പോഴേക്കും അമേകരിക്കന് ഓയില്‍ വിപണിയുടെ 90 ശതമാനവും സ്റ്റാന്റേര്‍ഡ് കമ്പിനിയുടെ സ്വന്തമായിരുന്നു. ഇത് 29 -ാം വയസ്സില്‍ അയാളെ അമേരിക്കയിലെ കോടീശ്വരനാക്കി മാററി. ഇത് റോക്ഫെല്ലറിന്റെ കഥ.. തന്റെ ബിസിനസ്സ് വിജയത്തിന്റെ ഫോര്‍മുല അന്വേഷിക്കുന്നവരോട് റോക്ഫെല്ലറിന് പറയാനുണ്ടായിരുന്നത് ഇതായിരുന്നു: ബിസിനസ്സ് ഏതായാലും വിജയം ഉണ്ടാകണമെങ്കില്‍ ഉത്പാദനചെലവ് കുറയ്ക്കുക. എപ്പോഴും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുക. നൂറായിരം ഡോളര്‍ സ്വപ്നം കണ്ട ഈ മനുഷ്യന് തന്റെ പ്രയത്നംകൊണ്ട് ഒരു ബില്യണ്‍ ഡോളറിനപ്പുറം സമ്പാദിച്ചു. സ്വപ്നങ്ങള്‍ക്ക് പുറകെ സഞ്ചരിക്കുക. വെറുതെ സഞ്ചരിക്കുകയല്ല, അതിനുവേണ്ടി പ്രയത്നിക്കുക. സ്വപ്നത്തിനും അതിനുമപ്പുറവും നമ്മെ തേടിയെത്തുക തന്നെ ചെയ്യും. – ശുഭദിനം.