web cover 69

വിഴിഞ്ഞം സംഘര്‍ഷത്തില്‍ മൂവായിരം പേര്‍ക്കെതിരേ കേസ്. വൈദികര്‍ അടക്കമുള്ളവരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ല. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു, സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കി, കസ്റ്റഡിയിലെടുത്തവരെ വിട്ടില്ലെങ്കില്‍ സ്റ്റേഷനില്‍ പൊലീസിനെ കത്തിക്കുമെന്നു ഭീഷണിപ്പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.

വിഴിഞ്ഞം സംഭവത്തില്‍ നടപടി വേണമെന്നു ഹൈക്കോടതി. അയ്യായിരം പോലീസിനെ വിന്യസിപ്പിച്ചെന്നു സര്‍ക്കാര്‍. പോലീസ് സ്റ്റേഷന്‍ വളഞ്ഞ് ആക്രമണം നടത്തിയ മൂവായിരം പേര്‍ക്കെതിരേ കേസെടത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് അദാനി ഗ്രൂപ്പ് വാദിച്ചു. സര്‍ക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് സമരക്കാര്‍ നടത്തുന്നതെന്നും അവര്‍ വാദിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

വിഴിഞ്ഞത്ത് പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍. പൊലീസ് സ്റ്റേഷന്‍ ആക്രമണം പ്രതീക്ഷിച്ചില്ല. സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അമ്പതോളം പോലീസുകാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കമ്മീഷണര്‍ വിശദീകരിച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുത്തപ്പന്‍ , ലിയോണ്‍ , പുഷ്പരാജ് , ഷാജി എന്നിവരെ ആണ് വിട്ടയച്ചത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

വിഴിഞ്ഞത്തു വന്‍ പോലീസ് സന്നാഹം. ഇതര ജില്ലകളില്‍നിന്ന് അറുന്നൂറു പോലീസുകാരെകൂടി ഇവിടെ എത്തിച്ചു. തീരദേശത്തും പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലും കെഎസ്ആര്‍ടിസി പരിസരത്തും വന്‍ പൊലീസ് സന്നാഹമുണ്ട്. സമരക്കാര്‍ പലയിടത്തും വള്ളങ്ങള്‍ നിരത്തി വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയിട്ടില്ല.

വിഴിഞ്ഞത്തെ സമാധാനപരമായ സമരത്തെ പൊളിക്കാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ആസൂത്രിത ഗൂഡാലോചന നടത്തിയെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര. ഒരു വിഭാഗം ആളുകള്‍ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്തു. അതാണ് ഇന്നലെ സംഘര്‍ഷത്തിലേക്ക് എത്തിയത്. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാരാണ് ഇന്നലെ നടന്ന ആക്രമണങ്ങള്‍ക്കു പിന്നിലുള്ളത്. സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് തിരിച്ചുവിളിച്ചു. കേന്ദ്ര അനുമതി ലഭിക്കാത്തതുമൂലവും ജനകീയ പ്രതിഷേധ സമരങ്ങളും മൂലം സാമൂഹികാഘാത പഠനം അടക്കമുള്ള എല്ലാ നടപടികളും മാസങ്ങള്‍ക്കു മുമ്പേ നിര്‍ത്തിവച്ചിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചുകൊണ്ട് റവന്യൂ വകുപ്പു സെക്രട്ടറി ഉത്തരവിറക്കി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സ്വര്‍ണക്കടത്തു കേസ് വിചാരണ കേരളത്തില്‍നിന്നും ബംഗ്ലൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ അപേക്ഷയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി. വിചാരണ കോടതിയിലെ നടപടികളുടെ പുരോഗതി അറിഞ്ഞശേഷം വാദം കേള്‍ക്കുന്ന തീയതി അറിയിക്കും. ഇരു സംസ്ഥാനത്തും രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണമാണ്. കേസില്‍ രാഷ്ട്രീയമായ വിഷയങ്ങള്‍ കൂടിയുള്ളതിനാല്‍ വിശദമായി വാദംകേട്ട ശേഷമേ തീരുമാനമെടുക്കാനാകൂ. കോടതി നിരീക്ഷിച്ചു.

ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ജില്ലയിലെ കെട്ടിട നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടാണു വൈകുന്നേരം ആറു വരെ ഹര്‍ത്താല്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തില്‍കുമാര്‍ പൊലീസില്‍ ഹാജരായി. കോടതി ഉത്തരവനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.

വിഴിഞ്ഞത്ത് അദാനിക്കുണ്ടായ നഷ്ടം സമരം നടത്തുന്ന ലത്തീന്‍ സഭയില്‍നിന്ന് ഈടാക്കുമെന്നു പറയുന്ന സര്‍ക്കാര്‍ കേരളത്തില്‍ കഴിഞ്ഞ അമ്പതു വര്‍ഷം സിപിഎം നടത്തിയ ഹര്‍ത്താലുകളിലെ അക്രമങ്ങളുടെ നഷ്ടം സിപിഎമ്മില്‍നിന്ന് ഈടാക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിഴിഞ്ഞത്ത് ഉണ്ടായ എല്ലാ അക്രമങ്ങള്‍ക്കും ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഇത് രാജഭരണമാണോ? സ്ഥലവും വീടും നഷ്ടപ്പെട്ട തീരവാസികളെ ചര്‍ച്ചയ്ക്കു വിളിച്ചു പ്രശ്നം പരിഹരിക്കാതെ അക്രമമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം വിഷയം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് പദ്ധതിക്കെതിരല്ല. തീരവും കിടപ്പാടവും നഷ്ടപ്പെട്ട മല്‍സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയാറാണ്. മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്തു കലാപനീക്കമെന്ന് സിപിഎം. സമരക്കാര്‍ ഏഴ് ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും ആറ് ആവശ്യങ്ങളില്‍ അഞ്ചും അംഗീകരിച്ചെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സമരം അവസാനിപ്പിക്കണം സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചു. തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെവന്നും ഷംസീര്‍ പറഞ്ഞു.

ശബരിമലയില്‍ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമാണെന്നും കുറ്റപ്പെടുത്തി.

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതിപക്ഷം ഇനിയും സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. പദ്ധതി പിന്‍വലിക്കുകയാണെന്നു പറയാനുള്ള ജാള്യംകൊണ്ടാണ് തുറന്നു പറയാത്തതെന്നും അദ്ദേഹം പരിഹസിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഡിസംബര്‍ പത്തിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലാണിത്. 40,000 ചതുരശ്രയടിയാണ് വിസ്തീര്‍ണം. അഞ്ച് ലക്ഷ്വറി ലോഞ്ചുകള്‍, വിശാലമായ ബിസിനസ് സെന്റര്‍, ഡ്യൂട്ടിഫ്രീ ഷോപ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിംഗ് ഹാള്‍, വി.വി.ഐ.പികള്‍ക്കുള്ള സേഫ്ഹൗസ് സംവിധാനം എന്നിവയാണ് പ്രത്യേകതകള്‍.

ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളിയെ സുഹൃത്തായ ചെത്തുതൊഴിലാളി ചെത്തുകത്തികൊണ്ടു കഴുത്തറുത്തു കൊന്നു. വാഴാലിപ്പാടം സ്വദേശി വാസുദേവന്‍ എന്ന അമ്പത്താറുകാരനാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ജയനും വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ചെത്തുതൊഴിലാളിയും സുഹൃത്തുമായ ഗീരീഷിനെ പോലീസ് തെരയുന്നു.

കൊല്ലങ്കോട് മാങ്ങ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ സ്വര്‍ണ നിധി തട്ടിപ്പ്. മാങ്ങാ വ്യാപാരി കബീര്‍ സ്വര്‍ണനിധി തരാമെന്നു പറഞ്ഞ് 38 ലക്ഷം രൂപ അറസ്റ്റിലായ മധുര സ്വദേശികളില്‍നിന്നു വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. പണം വീണ്ടെടുക്കാനാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് മധുര സ്വദേശികളായ പ്രതികള്‍ പോലീസിനോടു പറഞ്ഞത്.

അയ്യപ്പ ഭക്തരുടെ വാഹനത്തിന് വണ്ടിപ്പെരിയാറിനു സമീപം തീപിടിച്ചു. അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നതുകണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി.

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങരയില്‍ 58 കാരനായ ചെല്ലപ്പനെ കൊലപ്പെടുത്തിയതിനു ഭാര്യ ലൂര്‍ദ്ദ് മേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരന്റെ വീട്ടില്‍ എത്തിയ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ചത്. സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടു കിണറിലാണു മീരയുടെ മൃതദേഹം കണ്ടത്.

കേടായ ബീഫ് ബിരിയാണി കഴിച്ച് മുപ്പതോളം പേര്‍ക്കു ഛര്‍ദിയും വയറിളക്കവും പിടിപെട്ട സംഭവത്തില്‍ കേറ്ററിങ്ങ് സ്ഥാപനമുടമ മട്ടാഞ്ചേരി സ്വദേശി ഹാരിസിനെതിരെ കേസ്. മട്ടാഞ്ചേരി മുണ്ടംവേലി കുരിശുപറമ്പില്‍ സ്വദേശിയുടെ വീട്ടിലെ മാമോദീസ ചടങ്ങിനാണ് മോശം ഭക്ഷണം കഴിച്ച് മുപ്പതോളം പേര്‍ക്ക് അസുഖമുണ്ടായത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി നേതാവും മുന്‍മന്ത്രിയുമായ ജയനാരായണന്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ മാസം ആദ്യം രാജിവച്ചിരുന്നു. അഹമ്മദാബാദില്‍ നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 75 കാരനായ വ്യാസിനു കോണ്‍ഗ്രസ് അംഗത്വം നല്‍കി.

ഡല്‍ഹിയില്‍ മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പാണ്ടവ് നഗറില്‍ താമസിച്ചിരുന്ന അഞ്ജന്‍ ദാസിനെയാണ് ഉറക്കഗുളിക നല്‍കി മയക്കിയശേഷം വെട്ടിക്കൊന്നു കഷണങ്ങളാക്കിയത്. ഭാര്യ പൂനവും മകന്‍ ദീപകും അറസ്റ്റിലായി. മറ്റൊരു സ്ത്രീയുമായി അഞ്ജന്‍ദാസിനു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഫ്രിഡ്ജില്‍ സൂക്ഷിച്ച കഷ്ണങ്ങള്‍ പിന്നീടു സഞ്ചികളിലാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.

നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക് ആണ് വരന്‍. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

അധ്യാപികയോടു മോശമായി പെരുമാറിയതിന് പ്രായപൂര്‍ത്തിയാകാത്ത മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. മീററ്റിലെ കിത്തോറിലെ ഇന്റര്‍മീഡിയറ്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. അധ്യാപികയോടു കുട്ടികള്‍ ഐ ലവ് യു എന്നു പറയുന്ന വീഡിയോ വിദ്യാര്‍ത്ഥികള്‍തന്നെ പ്രചരിപ്പിച്ചിരുന്നു.

കോവിഡ് നേരിടാന്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ പ്രതിഷേധിച്ച് ചൈനയില്‍ ജനങ്ങളുടെ പ്രതിഷേധ സമരം. പ്രതിഷേധം വിവിധ പട്ടണങ്ങളിലേക്ക് പടരുന്നു. പ്രകടനങ്ങള്‍ അടിച്ചമര്‍ത്താന്‍ ചൈനീസ് പോലീസ് രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയ വഴിയാണ് പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. അതിനാല്‍ ചൈനീസ് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൊറോക്കോക്കെതിരായ തോല്‍വി ബെല്‍ജിയം ആരാധകരെ അക്രമാസക്തരാക്കി. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ആരാധകരുടെ രോഷപ്രകടനം. ആരാധകര്‍ കടകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീലും പോര്‍ച്ചുഗലും ഇന്ന് കളത്തിലിറങ്ങും. രാത്രി 9.30 ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ടാണ് ബ്രസീലിന്റെ എതിരാളി. പരിക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 നാണ് പോര്‍ച്ചുഗലിന്റെ മത്സരം. സൂപ്പര്‍ താരം ലൂയീസ് സുവാരസിന്റെ യുറുഗ്വായ് ആണ് എതിരാളി. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന മത്സരത്തില്‍ കാമറൂണ്‍ സെര്‍ബിയയേയും വൈകുന്നേരം 6.30 ന് നടക്കുന്ന മത്സരത്തില്‍ സൗത്ത് കൊറിയ ഘാനയേയും എതിരിടും.

ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ ഇടിവ്. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ സ്വര്‍ണം ഇറക്കുമതി 17.38 ശതമാനം കുറഞ്ഞ് 2,400 കോടി ഡോളറായി. ആഭ്യന്തര ഡിമാന്‍ഡിലുണ്ടായ കുറവാണ് ഇറക്കുമതിയെ ബാധിച്ചത്. 2021-22ലെ സമാനകാലത്ത് ഇറക്കുമതി 2,900 കോടി ഡോളറിന്റേതായിരുന്നു. ഒക്ടോബറില്‍ മാത്രം ഇറക്കുമതി 27.47 ശതമാനം താഴ്ന്ന് 370 കോടി ഡോളറിലെത്തി. കഴിഞ്ഞമാസം വെള്ളി ഇറക്കുമതി 34.80 ശതമാനം ഇടിഞ്ഞ് 58.5 കോടി ഡോളറായി. ഏപ്രില്‍-ഒക്ടോബറില്‍ വെള്ളി ഇറക്കുമതി 152 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 480 കോടി ഡോളറായിട്ടുണ്ട്. പ്രതിവര്‍ഷം ശരാശരി 800-900 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ വ്യാപാരക്കമ്മി വര്‍ദ്ധനയ്ക്ക് മുഖ്യകാരണങ്ങളിലൊന്ന് സ്വര്‍ണം ഇറക്കുമതി വര്‍ദ്ധനയാണ്. ഏപ്രില്‍-ഒക്ടോബറില്‍ ജെം ആന്‍ഡ് ജുവലറി കയറ്റുമതി 1.81 ശതമാനം ഉയര്‍ന്ന് 2,400 കോടി ഡോളറാണ്.

ട്രായ് റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ മാസത്തെ വരിക്കാരുടെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത് 40.11 ലക്ഷം പേരെ. റിലയന്‍സ് ജിയോ 7.2 ലക്ഷം വയര്‍ലെസ് പുതിയ വരിക്കാരെ ചേര്‍ത്തപ്പോള്‍ എയര്‍ടെലിന് കേവലം 4.12 ലക്ഷം വരിക്കാരെ മാത്രമാണ് അധികം ചേര്‍ക്കാന്‍ കഴിഞ്ഞത്. ജിയോയും എയര്‍ടെലും മാത്രമാണ് വരിക്കാരെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്ലില്‍ നിന്ന് 7.82 ലക്ഷം വരിക്കാരും വിട്ടുപോയി. ഇന്ത്യയിലെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തിലെ 1,14.9 കോടിയില്‍ നിന്ന് സെപ്റ്റംബര്‍ അവസാനത്തോടെ 1,14.54 കോടിയായി കുറഞ്ഞിട്ടുണ്ട്. 0.32 ശതമാനമാണ് പ്രതിമാസ ഇടിവ് കാണിക്കുന്നത്. ടെലികോം വിപണിയുടെ 36.66 ശതമാനം ജിയോ നേടിയപ്പോള്‍ എയര്‍ടെല്‍ 31.80 ശതമാനം വിഹിതം പിടിച്ചെടുത്തു. വി യ്ക്ക് വിപണി വിഹിതത്തിന്റെ 21.75 ശതമാനം പിടിച്ചെടുക്കാനായി. 9.55 ശതമാനം വിപണി പിടിച്ചടക്കിയ ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്താണ്.

ദുല്‍ഖര്‍ സല്‍മാന്‍- സണ്ണി ഡിയോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ‘ഛുപ്’. ദുല്‍ഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. സീ ഫൈവിലൂടെ ചിത്രം നവംബര്‍ 25ന് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം ഒടിടിയിലും നേട്ടം കൊയ്ത വിവരമാണ് പുറത്തുവരുന്നത്. സ്ട്രീമിംഗ് ആരംഭിച്ച് 24 മണിക്കൂറില്‍ 30 മില്യണ്‍ ആള്‍ക്കാരാണ് ഛുപ് കണ്ടിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 23 ന് ആയിരുന്നു ‘ഛുപ്പി’ന്റെ തിയറ്റര്‍ റിലീസ്. ആര്‍ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് രചനയും. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ അമല പോള്‍ അവതരിപ്പിക്കുന്ന സുലേഖ എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ഒരു അന്വേഷിക എന്ന ടാഗ് ലൈനില്‍ അമലയുടെ കഥാപത്രത്തെ പോസ്റ്ററില്‍ കാണാം. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മറ്റ് നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും വേഷമിടുന്നു. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. ആര്‍.ഡി ഇല്യൂമിനേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയിലും അരങ്ങേറ്റം കുറിച്ചു. വാഹനം 2023 ജനുവരിയില്‍ വില്‍പ്പനയ്‌ക്കെത്തും. ഔദ്യോഗിക ബുക്കിംഗ് 50,000 രൂപയ്ക്ക് ആരംഭിച്ചു. മികച്ച ഡ്രൈവിംഗ് സുഖം ഉറപ്പാക്കുന്ന ടി.എന്‍.ജി.എ ജി.എ-സി പ്ളാറ്റ്‌പോമിലാണ് ഇന്നോവ ഹൈക്രോസിന്റെ നിര്‍മ്മാണം. സെല്‍ഫ്-ചാര്‍ജിംഗ് ഹൈബ്രിഡ് പവര്‍ട്രെയിനോടെയാണ് പുത്തന്‍ ഇന്നോവ ഹൈക്രോസ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. ഒന്ന്, 172 എച്ച്.പി കരുത്തും സി.വി.ടി ട്രാന്‍സ്മിഷനോടും കൂടിയ 2-ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. രണ്ട്, പുതുപുത്തന്‍ സെല്‍ഫ്-ചാര്‍ജിംഗ് ഹൈബ്രിഡ് എന്‍ജിന്‍. ഇതിനൊപ്പം 2-ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണുള്ളത്. ഈ എന്‍ജിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം നേടാന്‍ 9.5 സെക്കന്‍ഡ് മതി. 21.1 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം. ഓട്ടത്തിന്റെ 40 ശതമാനവും ഇ.വി മോഡില്‍ ഓടാന്‍ ഈ വേരിയന്റിന് കഴിയും.

മന്ത്രവാദിനിയായ അമ്മാമ്മയും വെളുത്ത ചാത്തനും കറുത്ത ചാത്തനും വെളുത്ത ആനയുമെല്ലാമുള്ള ലോകത്ത് ജീവിക്കുന്ന അമ്മുവിന്റെ കഥ. അവളുടെ കാഴ്ചയെല്ലാം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. അപ്പു എന്ന ചേട്ടനും പ്രിന്‍സ് എന്ന കുസൃതിക്കാരനായ പൂച്ചയുമെല്ലാം അടങ്ങുന്നതാണ് അവളുടെ ചെറിയ പ്രപഞ്ചം. അമ്മുവിന്റെ കൗതുകക്കാഴ്ചകളും നിരീക്ഷണപാടവവും അവളെ ഒരു ഡിറ്റക്ടീവായി മാറ്റുന്നു. കൊച്ചുകൂട്ടുകാര്‍ക്ക് രസകരമായ സസ്പെന്‍സുകള്‍ നിറഞ്ഞ കൊച്ചുലോകം ഒരുക്കുകയാണ് അമ്മുവും കൂട്ടുകാരും. കുട്ടികളെ കഥയുടെ വിസ്മയത്തുമ്പത്തുകൂടി നടത്തുന്ന, മികച്ച വായനാനുഭവമായി മാറുന്ന ഒരു കൊച്ചു ഡിറ്റക്ടീവ് നോവല്‍. ‘ഡിറ്റക്ടീവ് അമ്മു’. എസ് ആര്‍ ലാല്‍. ഡിസി ബുക്സ്. വില 189 രൂപ.

ശൈത്യകാലത്തെ തുമ്മലും ജലദോഷവും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ സീസണല്‍ അലര്‍ജികള്‍ തടയാന്‍ സഹായിക്കും. സിട്രസ് പഴങ്ങള്‍ അലര്‍ജിയെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. മൂക്കൊലിപ്പ്, തുമ്മല്‍ എന്നിവയുള്‍പ്പെടെ നിരവധി അലര്‍ജി ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന ശരീരത്തിലെ പദാര്‍ത്ഥങ്ങളായ ഹിസ്റ്റാമൈനുകളെ കുറയ്ക്കാന്‍ വിറ്റാമിന്‍ സി സഹായിക്കും. ഓറഞ്ച്, മുന്തിരി, അവയുടെ ജ്യൂസുകള്‍ ഇതെല്ലാം വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടങ്ങളാണ്. പൈനാപ്പിളില്‍ ധാരാളം വിറ്റാമിന്‍ സി, മാംഗനീസ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി എന്‍സൈം ബ്രോമെലൈന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സീസണല്‍ അലര്‍ജികള്‍ക്ക് ബ്രോമെലൈന്‍ സഹായിക്കും. ശരീരത്തിലെ പ്രോട്ടീനുകളെ ലയിപ്പിക്കാന്‍ ബ്രോമെലൈന്‍ സഹായിക്കും. സൈനസ് കഫം കുറയ്ക്കാനും ഇത് സഹായിക്കും. ആപ്പിളിലിലും ക്വെര്‍സെറ്റിന്‍ ധാരാളമുണ്ട്. മൂക്കൊലിപ്പ്, തുമ്മല്‍, കണ്ണുകള്‍ ചൊറിച്ചില്‍ തുടങ്ങിയ ചെറിയ സീസണല്‍ അലര്‍ജി ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ ക്വെര്‍സെറ്റിന്‍ സ്വാഭാവിക ആന്റിഹിസ്റ്റാമൈന്‍ ആയി പ്രവര്‍ത്തിക്കുന്നു. സാവളയില്‍ ബയോഫ്‌ലേവനോയിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അലര്‍ജിയോട് പ്രതികരിക്കുന്ന കോശങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ബയോഫ്‌ലേവനോയ്ഡുകള്‍ക്ക് കഴിയുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ സീസണല്‍ അലര്‍ജികളെ കുറക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മത്സ്യം ഒമേഗ-3, ഒമേഗ-6 പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അലര്‍ജി തടയാന്‍ അത്യാവശ്യമാണ്. സാല്‍മണ്‍, അയല, ട്യൂണ, മത്തി എന്നിവയുള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ ഒമേഗ -3 ന്റെ മികച്ച ഉറവിടങ്ങളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.70, പൗണ്ട് – 98.68, യൂറോ – 84.96, സ്വിസ് ഫ്രാങ്ക് – 86.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.68, ബഹറിന്‍ ദിനാര്‍ – 216.72, കുവൈത്ത് ദിനാര്‍ -265.74, ഒമാനി റിയാല്‍ – 212.45, സൗദി റിയാല്‍ – 21.74, യു.എ.ഇ ദിര്‍ഹം – 22.24, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 60.82.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *