web cover 55

കേരളത്തിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ കരിയര്‍ ചവിട്ടിമെതിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍. താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനു ഉന്നത ഉദ്യോഗസ്ഥര്‍ ഫയലുകളൊന്നും കൈമാറിയില്ല. നിസഹകരണ സമരംമൂലം സര്‍വകലാശാലാ ഭരണം പ്രതിസന്ധിയിലായി. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നാലായിരം വിദ്യാര്‍ത്ഥികള്‍. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡോ. എം.എസ്. രാജശ്രീ വൈസ് ചാന്‍ലസര്‍ പദവി ഒഴിഞ്ഞതോടെയാണ് സിസ തോമസിനെ ചാന്‍സലറായ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്. (യുവതയെ നാടുകടത്തുമോ … https://youtu.be/NpjDzR02TR4 )

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപി റാലികളില്‍ പങ്കെടുക്കവേയാണ് മുംബൈ ട്രാഫിക് പോലീസിനു ഭീഷണി സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രി മോദിയെ കൊല്ലാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രണ്ടു പേരെ ചുമതലപ്പെടുത്തിയെന്ന ഓഡിയോ സന്ദേശമാണു പോലീസിനു ലഭിച്ചത്.

റേഷന്‍ വ്യാപാരികളുടെ കമ്മീഷനായി നല്‍കാന്‍ 102 കോടി രൂപ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ശുപാര്‍ശ ധനവകുപ്പിന്റെ പരിഗണനയിലാണ്. ശനിയാഴ്ച മുതലുള്ള അനിശ്ചിതകാല കടയടപ്പു സമരത്തില്‍ നിന്നു വ്യാപാരികള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

റേഷന്‍ കടയുടമകള്‍ക്കുള്ള മുഴുവന്‍ കമ്മീഷനും കൊടുത്തു തീര്‍ക്കുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതേസമയം, റേഷന്‍ വ്യാപാരികളുടെ സംയുക്ത സമരസമിതി ശനിയാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് സമര നോട്ടീസ് നല്‍കി. ഒക്ടോബറിലെ കമ്മീഷന്‍ തുക 49 ശതമാനമേ നല്‍കൂവെന്ന ഉത്തരവ് പ്രതിസന്ധിയിലാക്കുമെന്ന് റേഷന്‍ വ്യപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സംഘര്‍ഷം. ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. മേയര്‍ ഡയസിലേക്കു വരുന്നതു തടയാന്‍ വനിതകളടക്കം ബിജെപി കൗണ്‍സിലര്‍മാര്‍ നിലത്തു കിടന്നു. മേയര്‍ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായാണ് പ്രതിപക്ഷം എതിരേറ്റത്. ഇതോടെ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിലെത്തി.

തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്കു പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ചാണ് മേയറുടെ പരാതിയില്‍ കേസെടുത്തത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്നും പ്രകോപന പ്രസ്താവനകള്‍ അരുതെന്നുമുള്ള കെപിസിസി നിലപാടിനെ പിന്തുണക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ശശി തരൂര്‍ സമാന്തര പ്രവര്‍ത്തനം നടത്തുമെന്നു കരുതുന്നില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ പറഞ്ഞു.

ശശി തരൂര്‍ നാടിന്റെ പുണ്യമെന്ന് എം.കെ രാഘവന്‍ എംപി. തരൂരിരിനെ പോലുള്ള ആളുകളാണ് നാടിനെ നയിക്കേണ്ടതെന്നും രാഘവന്‍ പറഞ്ഞു. കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ നടന്ന ചടങ്ങിലാണ് രാഘവന്റെ പുകഴ്ത്തല്‍.

രാജ്യത്തെ തൊഴിലാളികള്‍ക്ക് കുടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്നു റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. നിര്‍മാണ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 837 രൂപ 30 പൈസയാണ്. ഏറ്റവും കുറഞ്ഞ വേതനം ത്രിപുരയിലും മധ്യപ്രദേശിലുമാണ്. ത്രിപുരയില്‍ 250 രൂപയാണ് പ്രതിദിന വേതനം.

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ കാരക്കോണം മെഡിക്കല്‍ കോളേജിന്റെ അക്കൗണ്ടിലുള്ള 95 ലക്ഷം രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മെഡിക്കല്‍ സീറ്റ് അഴിമതിയില്‍ ഡോ. ബെനറ്റ് ഏബ്രഹാം, ബിഷപ് ധര്‍മ്മരാജ റസാലം എന്നിവര്‍ ചേര്‍ന്ന് 95 ലക്ഷം രൂപയുടെ കമ്മീഷന്‍ പറ്റിയെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഇതിനു സമാനമായ തുകയാണ് കണ്ടുകെട്ടിയത്.

കരിപ്പൂരില്‍ രണ്ടു കിലോയോളം സ്വര്‍ണവുമായി രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയിലായി. റിയാദില്‍നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഷമീര്‍ വട്ടക്കണ്ടിയില്‍, നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

വിജിലന്‍സ് പരിശോധനയില്‍ ഓഫീസില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ കാട്ടാക്കട സബ് രജിസ്ട്രാര്‍ കെ.സി. സന്തോഷ് കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു തിരികേ നിയമിച്ചു. തന്റെ കൈയില്‍നിന്നു പണമോ പാരിതോഷികമോ കണ്ടെത്തിയിട്ടില്ലെന്നു വിശദീകരണം നല്‍കിയതിനെത്തുടര്‍ന്നാണ് തിരിച്ചെടുത്തത്.

മഞ്ചേശ്വരത്ത് ബസില്‍ കടത്തുകയായിരുന്ന 18 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. കര്‍ണാടക ആര്‍ടിസി ബസില്‍ കുഴല്‍പ്പണം കടത്തിയ മഹാരാഷ്ട്ര സ്വദേശിയായ 25 വയസുകാരന്‍ നിഥിനാണ് അറസ്റ്റിലായത്.

എകെജി സെന്റര്‍ ആക്രമണ കേസിലെ നാലാം പ്രതി ടി. നവ്യക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 24 നും 30 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണം. ഒന്നാം പ്രതി ജിതിന് സ്‌കൂട്ടര്‍ നല്‍കിയത് നവ്യയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു നവ്യ.

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 58 ആക്കി ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഹൈക്കോടതി രജിസ്റ്റാര്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കി. ചീഫ് ജസ്റ്റീസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നു ശുപാര്‍ശ ചെയ്തെന്നു കത്തില്‍ പറയുന്നു.

വീണ്ടും കര്‍ഷക ആത്മഹത്യ. കോഴിക്കോട് കൊയിലാണ്ടിയില്‍ ജപ്തി നോട്ടീസ് ലഭിച്ച അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. കൊയിലാണ്ടി കാര്‍ഷിക സഹകരണ ബാങ്കില്‍നിന്ന് എടുത്ത ഒമ്പതു ലക്ഷം രൂപ കുടിശിക ആയിരുന്നു.

തിരുനെല്ലി വനത്തില്‍ കാട്ടാന ഒടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് മരത്തില്‍നിന്നു വീണു മരിച്ചു. മല്ലികപാഠ കോളനിയിലെ രാജുവിന്റെയും ഗാരിയുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്. എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനു പോയതായിരുന്നു. രാത്രി പത്തോടെ ഇരുവരെയും കാട്ടാന ഓടിക്കുകയായിരുന്നു.

വയനാട്ടില്‍ സഹപ്രവര്‍ത്തകയായ പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പൊലീസുകാരന് മൂന്‍കൂര്‍ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ ജോസഫിനാണ് സുപ്രീം കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കു ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. അടിവാരം നൂറാംതോട് സ്വദേശി ചെമ്മങ്കോട് വീട്ടില്‍ ബിജേഷിനെയാണ് (40) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

തമിഴ്നാട് പളനിയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതിമാര്‍ തൂങ്ങിമരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘു രാമന്‍, ഉഷ എന്നിവരാണ് മരിച്ചത്. ജാമ്യമില്ലാ കേസില്‍ കുടുക്കി ഏഴു പേര്‍ തേജോവധം ചെയ്തെന്നു വിശദീകരിക്കന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

ഇടുക്കി കമ്പംമെട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കുഴിത്തൊളു സ്വദേശിയായ മംഗലത്ത് നിഷിന്‍, കുഴികണ്ടം പറമ്പില്‍ അഖില്‍, അപ്പാപ്പിക്കടന മറ്റത്തില്‍ നോയല്‍ എന്നിവരാണ് അറസ്റ്റിലായത്.

മാള പുത്തന്‍ചിറയില്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പിണ്ടിയത്ത് സരിത്ത് ചന്ദ്രനെ മൂകാംബികയില്‍നിന്നാണ് പിടികൂടിയത്.

കൊല്ലം പത്തനാപുരത്ത് ആറു ദിവസം മുമ്പ് കാണാതായ സിന്ധുവിനെ കണ്ടെത്തി. ജോലി അന്വേഷിച്ചിറങ്ങിയ ഇവരെ തിരുവനന്തപുരം കണിയാപുരത്തുനിന്നാണ് കണ്ടെത്തിയത്.

പ്രിയങ്കാഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. മധ്യപ്രദേശില്‍ വൈകുന്നേരം അണി ചേരുന്ന പ്രിയങ്ക നാലു ദിവസം ഭാരത് ജോഡോ യാത്രയില്‍ തുടരും. ശനിയാഴ്ച പ്രിയങ്കയുടെ വാര്‍ത്താ സമ്മേളനവുമുണ്ടാകും.

ഇന്ത്യയിലെ ഐടി കമ്പനികള്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും പ്രയോജനകരമായ കരാറിന് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായുള്ളതാണ് കരാര്‍. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ അഭിനന്ദിച്ചു.

സൗദി അറേബ്യയില്‍ മലയാളികള്‍ ഉള്‍പെടെ നിരവധി പ്രവാസികളെ കെണിയില്‍ കുടുക്കി വായ്പാ തട്ടിപ്പ്. ‘അബ്ഷീര്‍’ അക്കൗണ്ട് ഹാക്ക് ചെയ്ത് ആളുകളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പുകാര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ എടുത്തത്. വായ്പകള്‍ തിരിച്ചടയ്ക്കാതെ കേസായപ്പോഴാണ് പലരും വിവരം അറിഞ്ഞത്.

ആസാം – മേഘാലയ അതിര്‍ത്തിയിലെ വനമേഖലയിലെ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. ആസാം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിലെ വനംകൊള്ള സംഘത്തിലെ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. മേഘാലയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേഘാലയയിലെ ഏഴു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.

ഗുജറാത്തിലെ അഹമ്മദാബാദില്‍ കന്നുകാലികളെ റോഡില്‍ മേയാന്‍ വിട്ടതിന് ആറുമാസം തടവുശിക്ഷ. പ്രകാശ് ജയറാം ദേശായി എന്നയാളെയാണു കോടതി ശിക്ഷിച്ചത്. അലഞ്ഞു നടന്ന കന്നുകാലികളെ പിടികൂടാനെത്തിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കു രണ്ടു വര്‍ഷത്തെ തടവും വിധിച്ചു.

പാക്കിസ്ഥാന്‍ സൈനിക മേധാവിയും കുടുംബവും വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചു കോടീശ്വരന്മാരായതിനെക്കുറിച്ച് അന്വേഷണം. ഈ മാസത്തോടെ വിരമിക്കാനിരിക്കുന്ന പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെയും അടുത്ത കുടുംബാംഗങ്ങളുടെയും സ്വത്ത് വന്‍തോതില്‍ വര്‍ധിച്ചെന്നാണു റിപ്പോര്‍ട്ട്.

ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെ ട്വന്റി20 മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യക്ക് പരമ്പര നേട്ടം. ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോള്‍ രണ്ടാമത്തെ ടി 20 യില്‍ വിജയം നേടിയതാണ് ഇന്ത്യക്ക് പരമ്പര നേട്ടത്തിന് തുണയായത്. ടോസ് നേടി ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് വീശവെയാണ് മഴ എത്തിയത്. കളി തടസപ്പെടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് കളി തുടരാനാകാത്തതോടെ ഉപേക്ഷിക്കുകയായിരുന്നു.

നീലാകാശം മേഘാവൃതമായി. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീനയുടെ നീലപ്പടയെ മുട്ടുകുത്തിച്ച് സൗദി അറേബ്യ. 36 മത്സരങ്ങളില്‍ അപരാജിതരായി ഖത്തര്‍ ലോകകപ്പിനെത്തിയ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ തോല്‍പിച്ചത്. ആദ്യ പകുതിയില്‍ സൗദി അറേബ്യയുടെ ഓഫ്സൈഡ് കെണിയില്‍ കുടുങ്ങിയെങ്കിലും മെസി നേടിയ പെനാല്‍റ്റി ഗോളിലൂടെ അര്‍ജന്റീന മുന്നിലെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ജന്റീനയെ ഞെട്ടിച്ചത്. തുടര്‍ന്ന് നിരവധി പ്രത്യാക്രമണങ്ങള്‍ അര്‍ജന്റീന നടത്തിയെങ്കിലും അതെല്ലാം സൗദി അറേബ്യയുടെ പ്രതിരോധത്തില്‍ തട്ടി തകരുകയായിരന്നു. മെസിയുടേയും അര്‍ജന്റീനയുടേയും തേരോട്ടം കാണാനായി ഒരുങ്ങിയിരുന്ന ആരാധകലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് അവസാന വിസില്‍ മുഴങ്ങിയത്.

ലോക ഫുട്‌ബോളിലെ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ ഇന്നലെ നേടിയ അട്ടിമറി വിജയം ആഘോഷിക്കാനായ് സൗദി അറേബ്യയില്‍ ഇന്ന് പൊതു അവധി. സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ചത്.

ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ ഡെന്‍മാര്‍ക്കിനെ തളച്ച് ടുനീഷ്യ. ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും, അതു മുതലാക്കാനാകാതെ പോയതാണ് മത്സരം ഗോള്‍രഹിതമാക്കിയത്.

ഖത്തര്‍ ലോക കപ്പില്‍ ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ തുല്യശക്തികളായ മെക്‌സികോയുടേയും പോളണ്ടിന്റേയും പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 57ാം മിനിറ്റില്‍ നായകന്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി എടുത്ത പെനാല്‍റ്റി കിക്ക് മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ രക്ഷപ്പെടുത്തിയതോടെ പോളണ്ടിന് മുന്നിലെത്താനുള്ള അവസരം പാഴാകുകയായിരുന്നു.

ലോക കപ്പില്‍ ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ ഫ്രാന്‍സിന് വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ആസ്ട്രേലിയയെ ഫ്രാന്‍സ് തകര്‍ത്ത് വിട്ടത്. കളിയുടെ ഒമ്പതാം മിനുട്ടില്‍ ആസ്ട്രേലിയ ഒരു ഗോളിന് മുന്നിലെത്തിയപ്പോള്‍ ഒന്ന് പകച്ചുപോയെങ്കിലും അഞ്ച് മിനിട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഫ്രാന്‍സ് പിടിച്ചു നിന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി വലയില്‍ കയറ്റി ഫ്രാന്‍സ് ഓസ്ട്രേലിയയെ തകര്‍ത്ത് തരിപ്പണമാക്കി.

ഖത്തര്‍ ലോകകപ്പില്‍ ജര്‍മനിയും സ്പെയിനും ക്രൊയേഷ്യയും ബെല്‍ജിയവും ഇന്നിറങ്ങുന്നു. ഉച്ചകഴിഞ്ഞ് 3.30 ന് ക്രൊയേഷ്യ മൊറോക്കോയുമായി ഏറ്റുമുട്ടും. വൈകുന്നേരം 6.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ജര്‍മനിക്ക് ജപ്പാനാണ് എതിരാളി. രാത്രി 9.30 ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ കോസ്റ്റാറിക്കയാണ് സ്പെയിനിന്റെ എതിരാളി. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന നാലാമത്തെ മത്സരത്തില്‍ ബെല്‍ജിയം കാനഡയുമായി ഏറ്റുമുട്ടും.

ഫിഫ ലോകകപ്പ് ആരവങ്ങള്‍ക്കിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു. വിവാദക്കൊടുങ്കാറ്റ് വീശിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ രണ്ടാം ഇന്നിംഗ്‌സിന് നാടകീയാന്ത്യം. നിലവിലെ കരാര്‍ റദ്ദാക്കുന്നതില്‍ താരവും ക്ലബും തമ്മില്‍ ധാരണയിലെത്തി. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് സിആര്‍7ന് നന്ദി പറഞ്ഞു.

രാജ്യത്തെ ജെം ആന്‍ഡ് ജ്വല്ലറി കയറ്റുമതിയില്‍ 15 ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 25,843.84 കോടിയുടെ കയറ്റുമതിയാണ് ഒക്ടോബറില്‍ ഈ മേഖലയില്‍ നടന്നതെന്ന് ജെം ആന്‍ഡ് ജുവലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 30274.64 കോടി ആയിരുന്നു. ഒക്ടോബറിലെ കയറ്റുമതിയില്‍ കാര്യമായ ഇടിവ് വന്നെങ്കിലും 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവിലെ കയറ്റുമതിയിലെ മികച്ച പ്രകടനം ഇക്കാലയളവിലെ മൊത്തം വളര്‍ച്ചാ നിരക്കിനെ ബാധിച്ചില്ലെന്ന് കൗണ്‍സില്‍ വിലയിരുത്തുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ കയറ്റുമതിയിലെ ഇടിവ് സീസണല്‍ ട്രെന്‍ഡാണെന്നും ദീപാവലി സീസണില്‍ ഉത്പാദനം കുത്തനെ കുറയുന്നതിനാലും നിര്‍മാണ യൂണിറ്റുകള്‍ അടഞ്ഞു കിടക്കുന്നതിനാലുമാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാനാറ ബാങ്കിനും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിക്കും റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിന് അനുമതി നല്‍കി. ഇടപാടുകള്‍ക്ക് പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കാനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത്. യുക്കോ ബാങ്ക്, യുണിയന്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയ്ക്ക് രൂപ-റൂബിള്‍ വ്യാപാരത്തിനായുള്ള പ്രത്യേക അക്കൗണ്ട് തുറക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതോടെ അഞ്ച് ബങ്കുകള്‍ക്കാണ് വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതിന് കഴിയുക. രൂപയുടെ വിദേശ വ്യാപാരം സുഗമമാക്കുന്നതിന് ഇതിനകം ഒമ്പത് പ്രത്യേക ‘വോസ്‌ട്രോ അക്കൗണ്ടുകള്‍’ തുറന്നു. യൂക്കോ ബാങ്കില്‍ ഒന്ന്, ഇന്‍ഡസിന്‍ഡ് ബാങ്കില്‍ ആറ് എന്നിങ്ങനെയും റഷ്യന്‍ ബാങ്കുകളായ സ്‌ബെര്‍, വിടിബി എന്നിവയില്‍ ഒന്നുവീതവും അക്കൗണ്ടുകളാണ് ഇതിനകം തുറന്നത്. ഇന്ത്യയില്‍ ശാഖയില്ലാത്ത മറ്റൊരു റഷ്യന്‍ ബാങ്കായ ഗാസ്‌പ്രോമും യൂക്കോ ബാങ്കില്‍ പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും ദിവ്യ പിള്ളയുമാണ് ടീസറില്‍ ഉള്ളത്. മേപ്പടിയാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രം ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെ പാടിയ രണ്ട് പാട്ടുകളാണ് പുറത്തിറങ്ങിയത്.

ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടു. ‘ബോസ് പാര്‍ട്ടി’ എന്ന ഗാനത്തിന്റെ പ്രൊമോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.

മാരുതി ഇക്കോ വാന്‍ അവതരിപ്പിച്ചു. 5.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വര്‍ധിച്ച ഇന്ധനക്ഷമതയുള്ള പുതിയതും കൂടുതല്‍ കരുത്തുറ്റതുമായ എഞ്ചിനിലാണ് പുതിയ മോഡല്‍ വരുന്നത്. അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍, കാര്‍ഗോ, ടൂര്‍, ആംബുലന്‍സ് എന്നിങ്ങനെ 13 വേരിയന്റുകളില്‍ പുതിയ ഇക്കോ വാന്‍ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് 5.49 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് മോഡലിന് 8.13 ലക്ഷം രൂപയുമാണ് വില. പുതിയ 1.2 ലിറ്റര്‍ അഡ്വാന്‍സ്ഡ് കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് പുതിയ മാരുതി ഇക്കോയ്ക്ക് കരുത്തേകുന്നത്.

യഥാതഥത്വത്തിന്റെ മരണപേടകം പൊളിച്ച് സുധിയുടെ കഥകള്‍ മണ്ണിനുമീതെ മുളച്ചുപൊന്തുന്നു. റെയില്‍പ്പാളത്തില്‍ നിന്നും കായലിലേക്കു പതിച്ച്, ഉപേക്ഷിക്കപ്പെട്ട ബോഗിയില്‍ സുധിയുടെ കഥാപാത്രങ്ങള്‍ ഇന്നും ഗ്രന്ഥം വായിച്ചിരിപ്പാണ്. താന്‍ വേട്ടയാടിയ പുലിയുടെ ഗന്ധം മകന്റെ ഭാര്യയില്‍നിന്നും പെണ്‍ചൂരായി അടിച്ചുയരുന്നത് ഒരാളെ അസ്വസ്ഥനാക്കുന്നതും കഥയുടെ ഈ കാനനത്തില്‍ നാം കാണുന്നു. ‘അഷ്ടമുടിയിലെ വായനക്കാര്‍’. പി കെ സുധി. ചിന്ത പബ്ളിക്കേഷന്‍സ്. വില 142 രൂപ.

രാത്രിയില്‍ ഇടയ്ക്കിടെ ഉണരുന്ന സ്ത്രീകള്‍ക്ക് ആയുസ് കുറയുമെന്ന് പഠനം. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ ഈ പ്രക്രിയയ്ക്ക് പിന്നില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമാണെന്ന് കണ്ടെത്തി. 8000 പുരുഷന്മാരെയും സ്ത്രീകളെയും പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. രാത്രിയില്‍ ഉണരുന്നതിന് ഒട്ടേറെ കാരണങ്ങളാണ് ഉള്ളത്. ഇത് തലച്ചോറിന്റെ സ്വാഭാവിക പ്രതികരണമാണ്. കൈകളിലും കാലുകളിലും പെട്ടെന്നുള്ള വേദന, ഏതെങ്കിലും തരത്തിലുള്ള ആഘാതം അല്ലെങ്കില്‍ ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണരാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നു. പുരുഷന്മാരേക്കാള്‍ കൂടുതലായി രാത്രി ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്നും ഉണരുന്നത് സ്ത്രീകളാണ്. രാത്രിയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഉറക്കമുണരുന്ന സ്ത്രീകള്‍ക്ക് രാത്രി ഉറക്കം ലഭിക്കുന്ന സ്ത്രീകളേക്കാള്‍ 60 മുതല്‍ 100 ശതമാനം വരെ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ അനുസരിച്ച്, ഈ ഗവേഷണത്തിന്റെ പ്രത്യേക ഫലം പുരുഷന്മാരില്‍ ഉണ്ടായിരുന്നില്ല. പുരുഷന്‍മാരില്‍ 9.6 ശതമാനം ഹൃദ്രോഗം മൂലവും, 28 ശതമാനം മറ്റേതെങ്കിലും കാരണങ്ങളാല്‍ മരിക്കാനുള്ള സാധ്യതയും കൂടുതലാണ്. നല്ല രീതിയിലല്ലാത്ത ഉറക്കം ഹൃദയത്തെ സാരമായിത്തന്നെ ബാധിക്കുന്നു. സിര്‍കാഡിയന്‍ റിഥം എന്നറിയപ്പെടുന്ന ‘ബോഡി ക്ലോക്കില്‍’ ഉണ്ടാകുന്ന തടസ്സം ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. ആരോഗ്യക്കുറവുള്ളവരില്‍ ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതും മതിയായതുമായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ രാജാവിന് ഒരു ശീലമുണ്ടായിരുന്നു. കൊട്ടാരത്തില്‍ ആദ്യമെത്തുന്നയാള്‍ക്ക് എന്ത് ചോദിച്ചാലും നല്‍കുക എന്ന ശീലം. അന്ന് കൊട്ടാരത്തിലെത്തിയത് ഒരു സന്യാസിയായിരുന്നു. സന്യാസി കയ്യിലിരുന്ന ഒരു പാത്രം നീട്ടിയിട്ട് അത് നിറയെ സ്വര്‍ണ്ണനാണയം വേണമെന്ന് ആവശ്യപ്പെട്ടു. രാജാവ് ഒരു പിടി സ്വര്‍ണ്ണനാണയം ഇട്ടു. പക്ഷേ, പാത്രം ശൂന്യമായിരുന്നു. രാജാവ് വീണ്ടും വീണ്ടും നാണയങ്ങള്‍ ഇട്ടു. എത്രയിട്ടിട്ടും ആ പാത്രം നിറഞ്ഞില്ല. രാജാവ് ചോദിച്ചു: ഈ പാത്രം എവിടെ നിന്നു കിട്ടി? ഇതൊരു സാധാരണ പാത്രമല്ലല്ലോ.. സന്യാസി പറഞ്ഞു: എനിക്ക് മനുഷ്യന്റെ ഒരു തലയോട്ടി വഴിയില്‍ നിന്നും കിട്ടി. അതുകൊണ്ട് ഉണ്ടാക്കിയ പാത്രമാണിത്. എത്ര കിട്ടിയാലും മനുഷ്യന് മതിയാകില്ലല്ലോ..! ആഗ്രഹങ്ങള്‍ ഇല്ലാത്ത ആരും തന്നെ ഉണ്ടാകില്ല. ശ്വാസോച്ഛാസം പോലും ജീവിക്കണമെന്ന ആഗ്രഹത്തിന്റെ ബാക്കിപത്രമാണ്. അതു നശിക്കുന്നവരാണ് ആത്മഹത്യയ്ക്ക് മുതിരുന്നത്. ആഗ്രഹങ്ങള്‍ക്ക് പ്രായപരിധിയില്ല. മുട്ടിലിഴയുന്ന കുട്ടിയും വടിയൂന്നുന്ന വൃദ്ധനും തങ്ങളുടേതായ താല്‍പര്യങ്ങളുടെ പിന്നാലെ പായുന്നുണ്ട്. ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും അന്തമുണ്ടാകാറില്ല. മനസ്സിനിഷ്ടപ്പെട്ട ഒന്ന് നേടിയെന്നത് ഇനിയൊന്നും വേണ്ട എന്നതിന് കാരണമല്ല. അത് പലപ്പോഴും മെച്ചപ്പെട്ട മറ്റൊന്നിലേക്ക് നീങ്ങുന്നതിനുള്ള പ്രചോദനമാണ്. പ്രായോഗികതയുടേയും സാമാന്യയുക്തിയുടേയും നിയന്ത്രണപരിധിക്കുള്ളില്‍ തങ്ങളുടെ ഇഷ്ടങ്ങളെ നിലനിര്‍ത്താനാഗ്രഹിക്കുന്നവരാണ് തങ്ങളുടെ നേട്ടങ്ങളിലേക്ക് പക്വതയോടെ സഞ്ചരിക്കുന്നത്. നമുക്ക് ആഗ്രഹങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ശ്രമിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *