night news 4

കോണ്‍ഗ്രസിലെ കലാപം ഒതുക്കാന്‍ ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ കെപിസിസി വിലക്കി. കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ലെന്നാണ് കെപിസിസി നിര്‍ദ്ദേശം. തരൂരിന് കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ തടഞ്ഞെന്ന പ്രചരണം ശരിയല്ലെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസ് വേദിയില്‍ പാര്‍ട്ടി പ്രത്യയ ശാസ്ത്രം പറയുന്നതില്‍ വിലക്കില്ലെന്ന് ശശി തരൂര്‍. വിലക്കുകളില്‍ അത്ഭുതം തോന്നുന്നെന്നു പറഞ്ഞ ശശി തരൂര്‍, ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു.

കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ച്ചക്കുശേഷം കേസ് പരിഗണിക്കും. ആക്ടിംഗ് വിസിയെ നിയമിക്കാന്‍ ചാന്‍സലറെ ചുമതലപ്പെടുത്തി.

പെണ്‍കെണിയില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത യുട്യൂബ് വ്‌ളോഗര്‍മാരായ റാഷിദയും നിഷാദും അറസ്റ്റിലായി.  ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇരുവരും ചേര്‍ന്ന് അറുപത്തെട്ടുകാരനുമായി ചങ്ങാത്തമുണ്ടാക്കിയാണ് തട്ടിപ്പു നടത്തിയത്. ആലുവായിലെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചുവരുത്തി നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കു രണ്ടു വര്‍ഷംമുമ്പ് എഴുതിയ കത്ത് പുറത്തുവിട്ടതിനു പിറകേയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്ഭവനു മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അനുവദിക്കപ്പെട്ടതിനേക്കാള്‍ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്ന് രാജ്ഭവന്‍. 23 വര്‍ഷമായി രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തയാളെ സ്ഥിരമാക്കാന്‍ ആവശ്യപ്പെട്ടതിനാണ് 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെന്നു പ്രചാരണം നടത്തുന്നതെന്നും രാജ്ഭവന്‍.

മംഗലാപുരത്തെ പ്രഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനക്കേസില്‍ അന്വേഷണം കേരളത്തിലേക്കും. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഷാരിഖ് ആലുവയില്‍ എത്തിയിരുന്നു. ബോംബുണ്ടാക്കാന്‍ വേണ്ട ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണ്. ആലുവയിലാണ് ഷാരിഖ് അവ കൈപ്പറ്റിയതെന്നാണു റിപ്പോര്‍ട്ട്.

ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് പലരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന  പരാതിയില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.കെ. രവിശങ്കറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന് 35 ലക്ഷം രൂപ മുടക്കി ബുള്ളറ്റ് പ്രൂഫ് കാറാണോ വാങ്ങുന്നതെന്ന് അറിയില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിണ്ട്. എന്നാല്‍ മോശമായ വാഹനങ്ങള്‍ മാറ്റിവാങ്ങേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു.

പൊതുമരാമത്തു പണികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തുമെന്നും മൊബൈല്‍ പരിശോധനാ സംവിധാനം വരുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചിലയിടങ്ങളിലെ റോഡ് നിര്‍മ്മാണ ത്തില്‍ പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ റോഡുകളിലെ പരിശോധനയ്ക്കും അവലോകന യോഗത്തിനും ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

തലാഖ് ചൊല്ലിയ ഭര്‍ത്താവ് ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവ്. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബ് നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്‌ട്രേറ്റ് കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. വിദേശത്തു രണ്ടു ലക്ഷം രൂപ ശമ്പളമുള്ള ഭര്‍ത്താവില്‍നിന്ന് അതിനനുസ്വതമായ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം.

ലഹരി വിരുദ്ധ സന്ദേശവുമായി ഖത്തറിലെ ലോകകപ്പ് വേദിയിലേക്ക് ബോബി ചെമ്മണൂരിന്റെ യാത്ര. മറഡോണയുടെ സ്വര്‍ണ ശില്‍പമേന്തിയുള്ള യാത്ര തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീം കോടതി ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാനാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

മെഡിക്കല്‍ പി ജി പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വ്വീസിലുഉള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. പാലക്കാട് മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്.

അമിത വേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്വകാര്യ സ്‌കൂള്‍ അധ്യാപിക മരിച്ചു. കായംകുളം എസ്എന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയായ ഭഗവതിപടിയില്‍ വാടകക്കു താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തില്‍ സുമമാണ് മരിച്ചത്.

കോഴിക്കോട് ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയില്‍ സിനിമാ ഷൂട്ടിംഗിനിടെ രണ്ട് അക്രമികളുടെ അതിക്രമം. ഷമീര്‍ പരവന്നൂര്‍ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേട്’ എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.

കൊറിയര്‍ വഴി 320 എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ച യുവാവ് അറസ്റ്റു ചെയ്തു. കോഴിക്കോട് കുളത്തറ സ്വദേശിയായ സല്‍മാന്‍ ഫാരീസിനെ(25)യാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍നിന്ന് 10 ഗ്രാമോളം എം ഡിഎംഎയും കഞ്ചാവും ഡിജിറ്റല്‍ ത്രാസും എക്‌സൈസ് പിടികൂടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് വിശാലം വീട്ടില്‍ ലക്ഷ്മീനാരായണന്‍ (19), വയനാട് കാക്കവയല്‍ മുട്ടില്‍ വീട്ടില്‍ അഫ്‌സല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റിനു മുന്നോടിയായുള്ള കൂടിയാലോചനകള്‍ക്കു തുടക്കമായി. സാമ്പത്തിക വിദഗ്ദരുമായും വ്യവസായ പ്രമുഖരുമായും നേരിട്ടും വെര്‍ച്വല്‍ യോഗങ്ങളിലൂടേയും ആശയവിനിമയം നടത്തും. 2023-24 ബജറ്റ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ തേടാനാണ് ചര്‍ച്ച.

പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്കു കേരള പോലീസിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറില്‍ നിന്ന് പോലീസ് ആസ്ഥാനത്തെ എസ്പി ഡോ. നവനീത് ശര്‍മ്മ അവാര്‍ഡ് സ്വീകരിച്ചു. കേരളത്തിനു പുറമെ തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 64-ാം വകുപ്പ് വിവേചനപമായതിനാല്‍ ഭേദഗതി ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. സമന്‍സിലെ വിലാസക്കാരന്‍ സ്ഥലത്തില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്‍ കൈപ്പറ്റണമെന്ന വ്യവസ്ഥ സ്ത്രീകളോടുള്ള വിവേചനമാണെന്നും കുടുംബത്തിലെ മുതിര്‍ന്ന വനിതയ്ക്കും തുല്യ പ്രാധാന്യം വേണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *