◾മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ഭീകരാക്രമണമെന്നു പോലീസ്. സ്ഫോടനം നടത്തിയ ഓട്ടോറിക്ഷ യാത്രക്കാരന്‍ ശിവമോഗ സ്വദേശി ഷാരിക് യുഎപിഎ കേസ് പ്രതിയാണ്. ഇയാള്‍ താമസിച്ചിരുന്ന മൈസൂരുവിലെ വാടക വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്നും കുക്കര്‍ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇയാള്‍ ഉപയോഗിച്ച ആധാര്‍ കാര്‍ഡ് വ്യാജമാണെന്നും കണ്ടെത്തി.
◾കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കലാപം. കോഴിക്കോട്ടെ സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. എം.കെ. രാഘവന്‍ എംപിയും ഇതേ ആവശ്യം ഉന്നയിച്ചു. കെപിസിസി അധ്യക്ഷന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചില്ലെങ്കില്‍ പാര്‍ട്ടി വേദികളില്‍ കാര്യങ്ങള്‍ തുറന്നുപറയേണ്ടി വരുമെന്നു രാഘവന്‍. എം കെ രാഘവന്‍ പരാതിപ്പെടരുതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.
◾തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര്‍ സുനുവിനെ സസ്പെന്‍ഡു ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണര്‍ ഉത്തരവിറക്കും. സുനുവിനു സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾നെടുമങ്ങാട് സുനിത കൊലക്കേസില്‍ സുനിതയുടെ മക്കളുടെ ഡി.എന്‍.എ പരിശോധിക്കണമെന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. വിചാരണക്കിടെ പൊലീസിന്റെ വീഴ്ച പുറത്തുവന്നതോടെയാണ് കോടതിയുടെ ഇടപെടല്‍. 2013 ഓഗസ്റ്റ് മൂന്നിനാണ് സുനിതയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കില്‍നിന്ന് കണ്ടെത്തിയത്. സുനിതയെ ഭര്‍ത്താവ് ജോയി ആന്റണി ചുട്ടുകൊന്ന് കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. സുനിതയുടെ മൃതദേഹം തന്നെയാണോയെന്നു സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധന.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് ജനുവരി മൂന്നു മുതല്‍ ഏഴു വരെ. വെസ്റ്റ്ഹില്ലിലുള്ള വിക്രം മൈതാനമായിരിക്കും പ്രധാന വേദി. 25 വേദികളിലായാവും പരിപാടികള്‍ അരങ്ങേറുക. 14,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരിച്ചു.
◾കേരള ലോട്ടറിയുടെ പത്തു കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബംബര്‍ ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. ജെസി 110398 എന്ന നമ്പരുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾ഖത്തര്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മലയാളികളുടെ അധ്വാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിലയ്ക്കുകൂടി ഖത്തര്‍ ലോകകപ്പ് മലയാളികള്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
◾പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്. എന്‍ഐഎ കോടതിയില്‍ പന്നിയങ്കര എസ്എച്ച്ഒ റിപ്പോര്‍ട്ട് നല്‍കി. കണ്ണൂര്‍ പാലയാട് ലോ കോളജ് ക്യാമ്പസില്‍ മര്‍ദ്ദിച്ചെന്ന എസ്എഫ്ഐയുടെ പരാതിയില്‍ അലനെതിരെ ധര്‍മ്മടം പൊലീസ് കേസെടുത്തതിനെത്തുടര്‍ന്നാണ് നടപടി.
◾വീടു കയറി ആക്രമിച്ചെന്ന മൊഴി കള്ളമെന്നു തെളിയിച്ച അയല്‍വാസിയുടെ സിസിടിവി കാമറ മണ്ണാര്‍ക്കാട്ടെ സിപിഎം അംഗം തകര്‍ത്തു. സംഭവത്തില്‍ അബ്ദുല്‍ അമീറിനെതിരെ പോലീസ് കേസെടുത്തു. വീട്ടുമുറ്റത്തു വീണുണ്ടായ പരിക്ക് അജ്ഞാതര്‍ ആക്രമിച്ചുണ്ടായതാണെന്നാണ് സിപിഎം അംഗം അബ്ദുള്‍ അമീര്‍ പരാതി നല്‍കിയിരുന്നത്.
◾വാളയാറില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ച കോയമ്പത്തൂര്‍ സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണ് മര്‍ദനമേറ്റത്. കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. മദ്യലഹരിയിലായിരുന്ന അക്രമിസംഘം അപകടകരമായി കാറോടിച്ചതു ചോദ്യം ചെയ്തതാണു പ്രകോപനമുണ്ടാക്കിയത്.
◾പാലക്കാട് നഗരത്തിലെ മണലാഞ്ചേരിയിലെ കുളത്തില്‍നിന്ന് ആയുധങ്ങളടങ്ങിയ ബാഗ് കണ്ടെത്തി. കുട്ടികളുടെ ചൂണ്ടയില്‍ കുടുങ്ങിയ ബാഗില്‍ വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്. പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
◾തലശ്ശേരി ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. സ്വകാര്യ ബസിലെ ജീവനക്കാരനായ യശ്വന്ത് രാത്രി ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി വെട്ടുകയായിരുന്നു
◾ഒലവക്കോട് ഫുട്ബോള്‍ ആരാധകരുടെ റാലിക്കിടെ കല്ലേറ്, ലാത്തിച്ചാര്‍ജ്. രണ്ടു പൊലീസുകാര്‍ക്കു പരിക്ക്. നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹന്‍ ദാസ്, സിപിഒ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.
◾ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച പ്രതി പിടിയില്‍. തൃശൂര്‍ ആളൂര്‍ വെള്ളാച്ചിറ പാറക്കല്‍ ഞാറലേലി വീട്ടില്‍ ജിന്റോ കുര്യന്‍ എന്ന മുപ്പത്താറുകാരനെയാണ് പൊലീസ് പിടികൂടിയത്.
◾പടവന്‍കോട് മുസ്ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് നടത്തിയ മോഷണക്കേസില്‍ റിമാന്‍ഡിലായ സ്ത്രീ അടക്കമുള്ള മൂന്നംഗ കവര്‍ച്ചാസംഘം മറ്റൊരു കേസിലും പ്രതികളാണെന്നു പോലീസ്. കൊല്ലംകോണം തൈക്കാവ് മുസ്ലിം ജമാഅത്ത് പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ഏഴായിരം രൂപ കവര്‍ന്നെന്നാണു പുതിയ കേസ്. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാര്‍ സ്വദേശി വിഷ്ണു (29), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി ഉഷ (43) എന്നിവരാണ് പ്രതികള്‍.
◾പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ‘ഭാരത് ജോഡോ യാത്ര’യില്‍ പങ്കെടുത്തതിനു രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഒരു കോണ്‍ഗ്രസ് നേതാവ് നര്‍മ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നതു കണ്ടെ’ന്നാണു പരിഹാസം. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമതരായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെ ഏഴു നേതാക്കളെ ബിജെപി പുറത്താക്കി. 42 സിറ്റിംഗ് എംഎല്‍എമാര്‍ക്കു ബിജെപി സീറ്റ് നിഷേധിച്ചിരിക്കുകയാണ്.
◾ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ തിരിച്ചടിയായാലും ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ ആറു മുതല്‍ ഏഴുവരെ ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍.
◾തെരഞ്ഞെടുത്ത ട്രെയിനുകളില്‍ എസി-3 ഇക്കണോമി (3 ഇ) ക്ലാസ് നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 14 മാസം മുന്‍പാണ് 3 ഇ ക്ലാസ് റെയില്‍വേ ആരംഭിച്ചത്. ഇപ്പോള്‍ ഇത് എസി-3 യുമായി ലയിപ്പിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.
◾പൂനെ ബംഗളുരു എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങളുടെ കൂട്ടയിടി. 48 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. പൂനെ നവാലെ പാലത്തിലാണ് സംഭവം. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വാഹനങ്ങളില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
◾മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിക്ക് ഇരട്ടക്കുട്ടികള്‍. ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍കുട്ടിയും. ഇഷയ്ക്കും ഭര്‍ത്താവ് ആനന്ദ് പിരാമലിനും പിറന്ന കുട്ടികള്‍ക്ക് ആദിയ, കൃഷ്ണ എന്നിങ്ങനെ പേരിടുകയും ചെയ്തു.
◾അര്‍ബുദത്തെ അതിജീവിച്ച ബംഗാളി യുവനടി ഐന്ദ്രില ശര്‍മ്മ ഹൃദ്രോഗംമൂലം അന്തരിച്ചു. 24 വയസുള്ള നടിക്കു കഴിഞ്ഞ ദിവസം ഒന്നിലധികം ഹൃദയസ്തംഭനങ്ങള്‍ അനുഭവപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു.
◾ലോകം കടുത്ത മാന്ദ്യത്തിലേക്കെന്ന് ശതകോടീശ്വരനും ആമസോണ്‍ സഹസ്ഥാപകനുമായ ജെഫ് ബെസോസ്. ടിവി, ഫ്രിഡജ്, കാര്‍ തുടങ്ങിയ വിലകൂടിയ ഇനങ്ങള്‍ വാങ്ങാന്‍ പണം മുടക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. പണം ചെലവാക്കുന്നതു കുറയ്ക്കുകയും മിച്ചംവയ്ക്കുകയും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
◾യുഎഇയിലെ റാസല്‍ഖൈമയില്‍ എണ്ണ ഫാക്ടറിയില്‍ തീപിടിത്തം. ആളപായമില്ല.
◾അല്‍ഷിമേഴ്‌സ് രോഗം ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുറച്ചുകാലം അഭിനയത്തില്‍നിന്ന് അവധിയെടുക്കുകയാണെന്ന് 39 കാരനായ ഹോളിവുഡ് നടന്‍ ക്രിസ് ഹെംസ്വര്‍ത്ത്. ‘തോര്‍’ എന്ന സൂപ്പര്‍ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പര്‍താരമാണ് ക്രിസ് ഹെംസ്വര്‍ത്ത്.
◾ദുബൈ നഗരം ജനസാഗരമായി. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റണില്‍ പങ്കെടുത്തത് രണ്ടു ലക്ഷത്തോളം ആളുകള്‍. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കൂടിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ റണില്‍ പങ്കെടുത്തു.
◾ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 65 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാണ്ട് 18.5 ഓവറില്‍ 126 റണ്‍സിന് പുറത്തായി. നേരത്തെ 51 ബോളില്‍ നിന്ന് ഏഴ് സിക്സും 11 ഫോറുമടിച്ച് 111 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തത്.
◾ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകള്‍. മലയാളികളടക്കം പതിനായിരങ്ങളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്തു. ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. ദക്ഷിണകൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിലെ ജങ് കുക്കിന്റെ ഡ്രീമേഴ്സ് സംഗീത നിശ, ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസിയുടെ ആലാപനം, ഷാക്കിറയുടെ പ്രശസ്തമായ വാക്ക…വാക്ക ലോകകപ്പ് ഗാനം, അറബി നൃത്തം തുടങ്ങിയവയെല്ലാം ആകര്‍ഷക ഇനങ്ങളായി.
◾ഖത്തര്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ച് ഇക്വഡോര്‍. ഏകപക്ഷീയമായ മത്സരത്തില്‍ ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകളും നേടിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ വലന്‍സിയ ഗോളടിച്ചെങ്കിലും പിന്നീടത് ഓഫ്സൈഡ് വിധിക്കുകയായിരുന്നു.
◾ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മൂന്ന് കളികള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് ഇംഗ്ലണ്ടും ഇറാനും ഏറ്റുമുട്ടും. 9.30 ന് സെനെഗല്‍ നെതര്‍ലണ്ട്‌സുമായി ഏറ്റുമുട്ടുമ്പോള്‍ പുലര്‍ച്ച 12.30 ന് യു.എസ്.എയും വെയില്‍സും തമ്മിലാണ് മത്സരം.
◾ആമസോണിനും ട്വിറ്ററിനും മെറ്റക്കും പിന്നാലെ സിസ്‌കോയും ജീവനക്കാരെ പിരിച്ചു വിടുന്നു. 4000 ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. അഞ്ച് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആഗോളതലത്തില്‍ 83,000 ജീവനക്കാരാണ് സിസ്‌കോക്കുള്ളത്. സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 13.6 ബില്യണ്‍ ഡോളറായിരുന്നു സിസ്‌കോയുടെ വരുമാനം. അതേസമയം, പിരിച്ചുവിടുന്ന ജീവനക്കാരെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. വരുമാനം ആറ് ശതമാനമാണ് ഉയര്‍ന്നത്. ആമസോണ്‍ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. 11,000 ജീവനക്കാരെ ഒഴിവാക്കുമെന്നാണ് മെറ്റ അറിയിച്ചത്.
◾ഇന്ത്യയിലെ പ്രമുഖ ഇന്‍ഷ്വര്‍ടെക് സേവനദാതാവായ ഇന്‍ഷ്വറന്‍സ് ദേഖോ , ലൈഫ് ഇന്‍ഷ്വറന്‍സ് കോ ര്‍പറേ ഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി )യു മായി സഹകരിക്കുന്നു. ഇന്ത്യയിലുടനീളം ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് ദേഖോയുടെ പ്ലാറ്റ്ഫോം വഴി അതിവേഗം എല്‍ഐസിയുടെ സേവനങ്ങള്‍ ലഭ്യമാകും. 45 ഇന്‍ഷ്വ റന്‍സ് സേവനദാതാക്കളില്‍ നിന്നായി 330 ലധികം ഉത്പന്നങ്ങളാണ് ഇന്‍ഷ്വറന്‍സ് ദേഖോയിലുള്ളത്. എല്‍ഐസിയുമായുള്ള സഹകരണം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമാക്കുന്നതിന് ഇന്‍ഷ്വറന്‍സ് ദേഖോയെ സഹായിക്കും.
◾ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്റെ ട്രെയിലര്‍ പുറത്ത്. ഇര്‍ഷാദ് നായകനായി എത്തുന്ന ചിത്രത്തില്‍ അഞ്ചു നായികമാരാണ് ഉള്ളത്. ഒരു രാത്രിയിലെ കഥയാണ് ചിത്രം പറയുന്നത്. തൃശൂരുകാരനായ സ്വാമി എന്ന കഥാപാത്രമായാണ് ഇര്‍ഷാദ് ചിത്രത്തില്‍ എത്തുന്നത്. സ്വാമിയേട്ടന്‍ കാട്ടു കോഴിയാണ് എന്നാണ് ട്രെയിലറില്‍ പറയുന്നത്. ഒരു രാത്രിയില്‍ നാലു പെണ്‍കുട്ടികളെ പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. എ സര്‍ട്ടിഫിക്കറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. അതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാന സമയം കാന്‍സല്‍ ചെയ്യപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഷക്കീല മുഖ്യാതിഥിയാക്കി നടത്താനിരുന്ന പരിപാടിക്ക് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
◾24 പുതുമുഖങ്ങളെ അണിനിരത്തി വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഹയ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഹിന്ദിയിലാണ് ഗാനം. ‘ഹോ ഏക് ദോ പല്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ലക്ഷ്മി മേനോന്‍ ആണ്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വരുണ്‍ സുനിലും ഗ്വെന്‍ ഫെര്‍ണാണ്ടസും ചേര്‍ന്നാണ്. സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലര്‍ കോംബോ ഗണത്തില്‍ ഒരുക്കിയ ചിത്രമാണ് ഇത്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുടുംബനാഥന്റെ വ്യത്യസ്ത റോളില്‍ ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു.
◾ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ 2023 കെടിഎം ആര്‍സി 8സി എന്ന ലിമിറ്റഡ് എഡിഷന്‍ ബൈക്ക് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട് മിനിറ്റും 38 സെക്കന്‍ഡും കൊണ്ട് വിറ്റുതീര്‍ന്നു. ട്രാക്ക് മാത്രമുള്ള ഈ മോട്ടോര്‍സൈക്കിള്‍ പരിമിതമായ 200 യൂണിറ്റുകളില്‍ ആണ് നിര്‍മ്മിച്ചത്. മൊത്തം വാങ്ങുന്നവരില്‍ 30 പേര്‍ക്ക് അടുത്ത വസന്തകാലത്ത് സ്‌പെയിനിലെ വലെന്‍സിയയില്‍ നടക്കുന്ന എക്‌സ്‌ക്ലൂസീവ് കൈമാറ്റ പരിപാടിയില്‍ തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്യാനും കമ്പനി തീരുമാനിച്ചു.
◾ഉത്തരപൂര്‍വ്വ സംസ്ഥാനമായ അരുണാചല്‍പ്രദേശിലെ ഗിരിവര്‍ഗ്ഗകര്‍ഷകരാണ് മൊമ്പകള്‍. അവര്‍ക്കു വിചിത്രങ്ങളായ ആചാരാനുഷ്ഠാനങ്ങളുണ്ട്. അംബരചുംബികളായ മലനിരകള്‍, താഴ്വരകള്‍. അവിടെ അവര്‍ സന്തോഷത്തോടെ പണിയെടുത്തു കാലയാപനം ചെയ്യുന്നു. ബാലകൃഷ്ണന്റെ ഈ കൃതി വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ‘മൊമ്പകളുടെ സ്വന്തം നാട്’. ബാലകൃഷ്ണന്‍ വെന്നിക്കല്‍. ഗ്രീന്‍ ബുക്സ്. വില 142 രൂപ.
◾ഉരുളക്കിഴങ്ങ് അത്ര അപകടകാരിയല്ലെന്ന് പുതിയൊരു പഠനം. മാത്രമല്ല, ആരോഗ്യത്തിന് ഏറെ നല്ലതുമാണത്രേ. അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കെല്ലാം ഇഷ്ടമാണെങ്കിലും ഉരുളക്കിഴങ്ങിനെ പേടിയാണ്. എന്നാല്‍ പൊതുവേ കരുതപ്പെടുന്നതുപോലെ ഉരുളക്കിഴങ്ങ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമേ പഠനത്തില്‍ പങ്കെടുത്ത ആളുകളുടെ ശരീരഭാരം കുറഞ്ഞതായും ഗവേഷകര്‍ പറയുന്നു. എന്നും ഒരേ അളവില്‍ ഭക്ഷണം കഴിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നതെന്നും കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയെ കുറിച്ച് ഇവര്‍ ആശങ്കപ്പെടുന്നില്ലെന്നും ഗവേഷകര്‍ പറഞ്ഞു. അതുകൊണ്ട് തുടര്‍ച്ചയായി ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാതെ കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള കലോറി കുറച്ചുകൊണ്ടുവരികയാണ് ചെയ്തത്. ഭക്ഷണത്തില്‍ കലോറി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഉരുളക്കിഴങ്ങ് ഉള്‍പ്പെടുത്തിയത്. കൂടുതല്‍ കലോറിയുള്ള വിഭവങ്ങള്‍ ഒഴിവാക്കി അതിനുപകരമായി ഉരുളക്കിഴങ്ങ് നല്‍കുകയായിരുന്നു. ഇത് വളരെ പെട്ടെന്ന് വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകാനും സഹായിക്കും. ചിലരാകട്ടെ ഉരുളക്കിഴങ്ങിന്റെ അളവ് കൂടുന്നതനുസരിച്ച് നല്‍കുന്ന ഭക്ഷണം മുഴുവന്‍ കഴിച്ചുതീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി. പെട്ടെന്ന് വയറ് നിറയുന്നതിനാല്‍ സ്വാഭാവികമായും കഴിക്കുന്ന അളവും കുറഞ്ഞുവരും. 18നും 60നും ഇടയില്‍ പ്രായമുള്ള 36 പേരിലാണ് പഠനം നടത്തിയത്. അമിതഭാരക്കാരും പൊണ്ണത്തടി ഉള്ളവരും ഇന്‍സുലിന്‍ എടുക്കുന്നവരുമൊക്കെയാണ് പഠനത്തില്‍ പങ്കെടുത്തത്. ബീന്‍സ്, പയര്‍, മീന്‍, ഇറച്ചി തുടങ്ങിയ വിഭവങ്ങളാണ് ഇവര്‍ക്ക് കഴിക്കാനായി നല്‍കിയിരുന്നത്. ഇതിലേക്ക് പിന്നീട് ഉരുളക്കിഴങ്ങ് ഘട്ടംഘട്ടമായി ഉള്‍പ്പെടുത്തുകയായിരുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കാക്ക തന്റെ ജീവിതം വളരെ സന്തോഷകരമായിട്ടായിരുന്നു ജീവിച്ചിരുന്നത്. അങ്ങനെയിരിക്കെ അതൊരു അരയന്നത്തെ കാണാനിടയായി. കാക്ക മനസ്സില്‍ കരൂതി: എന്തു ഭംഗിയുള്ള ജീവി. കാക്ക ആ വിവരം അരയന്നത്തോട് പറഞ്ഞു: നീ എത്ര സുന്ദരിയാണ്. അപ്പോള്‍ അരയന്നം പറഞ്ഞു: ശരിയാണ്, എന്റെ ചിന്തയും അതുതന്നെയായിരുന്നു , ഞാന്‍ തത്തയെ കാണുന്നത് വരെ. കാക്ക തത്തയെ ചെന്ന് കണ്ടു, എന്നിട്ട് പറഞ്ഞു: നീ എത്ര സുന്ദരിയാണ്. അരയന്നവും ഞാനുമൊക്കെ നിന്റെ സൗന്ദര്യത്തില്‍ അസൂയപ്പെടുന്നു. തത്ത പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ശരിയാണ്.. ഞാനും അങ്ങിനെതന്നെയാണ് വിചാരിച്ചിരുന്നത്, ഞാന്‍ മയിലിനെ കണ്ടുമുട്ടുന്നതുവരെ.. കാക്ക അതുവരെ മയിലിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത് നാട്ടില്‍ മുഴുവന്‍ മയിലിനെ തേടി അലഞ്ഞു. അവസാനം ഒരു മൃഗശാലയില്‍ മയിലിനെ കണ്ടുമുട്ടി. കാക്ക നോക്കിയപ്പോള്‍ ശരിയാണ്.. മയിലിനെ കാണാന്‍ എന്തൊരു ഭംഗിയാണ്.. ആളുകള്‍ മയിലിനെ ഫോട്ടോ എടുക്കുന്നു. അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. മയിലിനോട് കാക്ക പറഞ്ഞു: നീ എത്ര ഭാഗ്യവാനാണ് .. എന്തൊരു സൗന്ദര്യമാണ് നിനക്ക്.. ആളുകള്‍ എല്ലാം നിന്നെ എത്ര സ്‌നേഹത്തോടെയാണ് നോക്കുന്നത്. അപ്പോള്‍ മയില്‍ പറഞ്ഞു: നീ പറഞ്ഞത് ശരിയാണ്, എനിക്ക് സൗന്ദര്യമുണ്ട്.. പക്ഷേ, നീ ഈ മൃഗശാലയിലേക്ക് നോക്കൂ.. നിനക്കിവിടെ ധാരാളം പക്ഷികളെ കൂട്ടില്‍ കാണാം. പക്ഷേ, ആ കൂട്ടിലൊന്നും ഒരു കാക്കയെ നിനക്ക് കണ്ടെത്താന്‍ സാധിക്കില്ല. എനിക്ക് കാക്കയാകണം എന്നാണ് ആഗ്രഹം. കാരണം എനിക്ക് നിന്നെപ്പോലെ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാമല്ലോ… നമ്മുടെ ജീവിതത്തിലും നമ്മേക്കാള്‍ സൗഭാഗ്യം കൂടുതലുളളവരേയും കുറവുള്ളവരേയും നാം കണ്ടുമുട്ടിയേക്കാം. പക്ഷേ, ഉള്ളത് വെച്ച് ഏറ്റവും സംതൃപ്തമായി ജീവിക്കാന്‍ സാധിക്കുന്നവനാണ് ഈ ലോകത്ത് സന്തുഷ്ടനും സമ്പന്നനും. നമുക്കും ആ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കാം – ശുഭദിനം.