rathrivartha image 1

കോഴിക്കോട് താന്‍ പങ്കെടുക്കുന്ന സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. എം.കെ. രാഘവന്‍ എംപിയും ഇതേ ആവശ്യം ഉന്നയിച്ചു. കെപിസിസി അധ്യക്ഷന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചില്ലെങ്കില്‍ പാര്‍ട്ടി വേദികളില്‍ തനിക്ക് കാര്യങ്ങള്‍ തുറന്നുപറയേണ്ടി വരുമെന്നു രാഘവന്‍ പറഞ്ഞു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പറഞ്ഞു.

തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര്‍ സുനുവിനെ സസ്‌പെന്‍ഡു ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണര്‍ ഉത്തരവിറക്കും. സുനുവിനു സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നെടുമങ്ങാട് സുനിത കൊലക്കേസില്‍ സുനിതയുടെ മക്കളുടെ ഡി.എന്‍.എ പരിശോധിക്കണമെന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. വിചാരണക്കിടെ പൊലീസിന്റെ വീഴ്ച പുറത്തുവന്നതോടെയാണ് കോടതിയുടെ ഇടപെടല്‍. 2013 ഓഗസ്റ്റ് മൂന്നിനാണ് സുനിതയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കില്‍നിന്ന് കണ്ടെത്തിയത്. സുനിയെ ഭര്‍ത്താവ് ജോയി ആന്റണി ചുട്ടുകൊന്ന് കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. സുനിതയുടെ മൃതദേഹംതന്നെയാണോയെന്നു സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധന.

സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് ജനുവരി മൂന്നു മുതല്‍ ഏഴു വരെ നടക്കും. വെസ്റ്റ്ഹില്ലിലുള്ള വിക്രം മൈതാനമായിരിക്കും പ്രധാന വേദി. 25 വേദികളിലായാവും പരിപാടികള്‍ അരങ്ങേറുക. 14,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരിച്ചു.

കേരള ലോട്ടറിയുടെ പത്തു കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബംബര്‍ ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. ജെസി 110398 എന്ന നമ്പരുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ഖത്തര്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മലയാളികളുടെ അധ്വാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിലയ്ക്കുകൂടി ഖത്തര്‍ ലോകകപ്പ് മലയാളികള്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബക്കില്‍ കുറിച്ചു.

പടവന്‍കോട് മുസ്ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതിന് റിമാന്‍ഡിലായ സ്ത്രീ അടക്കമുള്ള മൂന്നംഗ കവര്‍ച്ചാസംഘം മറ്റൊരു കേസിലും പ്രതികളാണെന്നു പോലീസ്. കൊല്ലംകോണം തൈക്കാവ് മുസ്ലിം ജമാഅത്ത് പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ഏഴായിരം രൂപ കവര്‍ന്ന പ്രതികള്‍ പടവന്‍കോട് പള്ളിയിലെ കാണിക്കവഞ്ചിയും മോഷ്ടിച്ചെന്നാണു കേസ്. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാര്‍ സ്വദേശി വിഷ്ണു (29), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി ഉഷ (43) എന്നിവരാണ് റിമാന്‍ഡിലായത്.

മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനം നടത്തിയ ഓട്ടോറിക്ഷ യാത്രക്കാരന്‍ മുന്‍ യുഎപിഎ കേസ് പ്രതിയാണെന്നു പോലീസ്.  ശിവമോഗ സ്വദേശി ഷാരിക് എന്നയാളാണു പ്രതി.  ഇയാള്‍ താമസിച്ചിരുന്ന മൈസൂരുവിലെ വാടക വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്നും കുക്കര്‍ ബോംബും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇയാള്‍ ഉപയോഗച്ച ആധാര്‍ കാര്‍ഡ് വ്യാജമാണെന്നും കണ്ടെത്തി.

പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ‘ഭാരത് ജോഡോ യാത്ര’യില്‍ പങ്കെടുത്തതിനു രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഒരു കോണ്‍ഗ്രസ് നേതാവ് നര്‍മ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നതു കണ്ടെ’ന്നാണു പരിഹാസം. ഗുജറാത്തിലെ രാജ്കോട്ടില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമതരായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെ ഏഴു നേതാക്കളെ ബിജെപി പുറത്താക്കി. 42 സിറ്റിംഗ് എംഎല്‍എമാര്‍ക്കു ബിജെപി സീറ്റ് നിഷേധിച്ചിരിക്കുകയാണ്.

ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ തിരിച്ചടിയായാലും ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ ആറു മുതല്‍ ഏഴുവരെ ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍.

തെരഞ്ഞെടുത്ത ട്രെയിനുകളില്‍ എസി-3 ഇക്കണോമി (3 ഇ) ക്ലാസ് നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 14 മാസം മുന്‍പാണ് 3 ഇ ക്ലാസ് റെയില്‍വേ ആരംഭിച്ചത്. ഇപ്പോള്‍ ഇത് എസി-3 യുമായി ലയിപ്പിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

അര്‍ബുദത്തെ അതിജീവിച്ച ബംഗാളി യുവനടി ഐന്ദ്രില ശര്‍മ്മ ഹൃദ്രോഗംമൂലം അന്തരിച്ചു. 24 വയസുള്ള നടിക്കു കഴിഞ്ഞ ദിവസം ഒന്നിലധികം ഹൃദയസ്തംഭനങ്ങള്‍ അനുഭവപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു.

ലോകം കടുത്ത മാന്ദ്യത്തിലേക്കെന്ന് ശതകോടീശ്വരനും ആമസോണ്‍ സഹസ്ഥാപകനുമായി ജെഫ് ബെസോസ്. ടിവി, ഫ്രിഡജ്, കാര്‍ തുടങ്ങിയ വിലകൂടിയ ഇനങ്ങള്‍ വാങ്ങാന്‍ പണം മുടക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. പണം ചെലവാക്കുന്നതു കുറയ്ക്കുകയും മിച്ചംവയ്ക്കുകയും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ റാസല്‍ഖൈമയില്‍ എണ്ണ ഫാക്ടറിയില്‍ തീപിടിത്തം. ആളപായമില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *