◾പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആയി വര്‍ധിപ്പിച്ച ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
◾ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അരിവണ്ടിയില്‍ നിന്ന് 25 രൂപ നിരക്കില്‍ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് 24 രൂപയും പച്ചരിക്ക് 23 രൂപയുമാണ്. റേഷന്‍ കാര്‍ഡിന് പരമാവധി പത്തു കിലോ അരി അരിവണ്ടിയില്‍നിന്ന് ലഭിക്കും. മന്ത്രി പറഞ്ഞു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഏഴു വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയില്‍. ഗവര്‍ണറുടെ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് വിസിമാരുടെ വാദം. ഹര്‍ജി ഇന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും. പുറത്താക്കലിനെതിരെ കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും.
◾ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്കില്‍നിന്ന് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ വിട്ടുനില്‍ക്കണമെന്ന് ഹൈക്കോടതി. ചാവക്കാട് മുന്‍സിഫ് കോടതി ബാര്‍ അസോസിയേഷന് പരിപാടി നടത്താം. എന്നാല്‍ ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കരുതെന്നും ഹൈക്കോടതി.
◾ആളില്ലാതെ അടച്ചുപൂട്ടിയിരുന്ന വീട് പൊലീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയെന്ന പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. കൊച്ചി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഞാറയ്ക്കല്‍ പൊലീസില്‍ നിന്നാണെന്നു പറഞ്ഞ് ഒരു സംഘം പൊലീസുകാരെത്തിയാണ് വീട് കുത്തിത്തുറന്നത്. കത്തിക്കുത്തുകേസിലെ പ്രതി ഒളിച്ചിരിക്കുന്നുെണ്ടന്നു പറഞ്ഞാണ് വീട്ടില്‍ അതിക്രമിച്ചുകയറി പത്തു പവന്‍ ആഭരണങ്ങളും ബ്രിട്ടോയ്ക്കു ലഭിച്ച പുരസ്‌കാരങ്ങളും അപഹരിച്ചത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ കരാര്‍ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഏജന്‍സി മുഖേന ജോലിക്കെത്തിയ കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായ മലയിന്‍കീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ വിശദീകരണം.
◾മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവന്‍കോണം കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ സന്തോഷ്. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂര്‍ക്കട സ്റ്റേഷനില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ വ്യക്തമായത്. ഈ കേസിലും മലയിന്‍കീഴ് സ്വദേശി സന്തോഷിനെ അറസ്റ്റു ചെയ്യും.
◾ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യത. ഇടി മിന്നലും ഉണ്ടാകാം. വടക്കന്‍ തമിഴ്നാട് തീരത്തിനു മുകളിലുള്ള ചക്രവാതചുഴിയാണു കാരണം.
◾വിഴിഞ്ഞത്ത് സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കെതിരേ ബലപ്രയോഗം സാധ്യമല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. ബലമായി ഒഴിപ്പിച്ചാല്‍ രക്തച്ചൊരിച്ചിലും മരണവും സംഭവിക്കാന്‍ സാധ്യതയുണ്ട്. പൊലീസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം.
◾സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിര്‍ കോഴിക്കോട് സൗത്ത് ബീച്ചില്‍ നടത്തിയ അനധികൃത നിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസ് സമരം. ഷാഹിര്‍ മാനേജിംഗ് ഡയറക്ടറായ സ്ഥാപനം തുറമുഖ വകുപ്പിന്റെ സ്ഥലം പാട്ടത്തിനെടുത്താണ് അനധികൃത നിര്‍മ്മാണം നടത്തിയത്. കോര്‍പറേഷന്‍ ഇടപെട്ട് നിര്‍മാണം നിര്‍ത്തിവയ്പിച്ചിരിക്കുകയാണ്.
◾തനിക്ക് എന്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരമെന്ന് അറിയില്ലെന്ന് എംപി പരമേശ്വരന്‍. പുരസ്‌കാര വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഔദ്യോഗികമായി അറിയിപ്പു ലഭിച്ചിട്ടില്ല. കെ. റെയില്‍ പദ്ധതി ഒരര്‍ത്ഥവും ഇല്ലാത്ത പദ്ധതിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സങ്കല്‍പം തെറ്റാണെന്നും പരമേശ്വരന്‍.
◾സംസ്ഥാനത്തെ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കേരള ക്യാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ക്യാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ സജ്ജമാക്കിയത്.
◾എഴുത്തുകാരനും കലാനിരൂപകനും അധ്യാപകനുമായ വിജയകുമാര്‍ മേനോന്‍ (71) തൃശൂരില്‍ അന്തരിച്ചു.
◾പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. സെഷന്‍സ് ജഡ്ജ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
◾ഡ്രൈവിംഗ് പഠിക്കാന്‍ കാര്‍ പുറത്തേക്കെടുക്കുന്നതിനിടെ മുറ്റത്തെ കിണറിലേക്കു കാര്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നില്‍ താരാ മംഗലത്ത് മാത്തുക്കുട്ടി (60) യാണ് മരിച്ചത്. പതിനെട്ടുകാരനായ മകന്‍ ബിന്‍സിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറിന്റെ ആള്‍മറ തകര്‍ത്താണ് കാര്‍ കിണറിലേക്കു വീണത്.
◾പാലയാട് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് യുഎപിഎ കേസില്‍ കുടുക്കിയ അലന്‍ ഷുഹൈബ്. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഥിനെ അലന്‍ ഷുഹൈബ് റാഗ് ചെയ്തതു ചോദ്യം ചെയ്തതേയുള്ളൂവെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി. പരിക്കേറ്റ അഥിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റാംഗിംഗ് അന്വേഷിക്കാന്‍ ധര്‍മടം പൊലീസ് അലന്‍ ഷുഹൈബിനെ കസ്റ്റഡിയിലെടുത്തു.
◾ഭാര്യയുമായി വഴിവിട്ട ബന്ധം തുടര്‍ന്ന് കുടുംബ ബന്ധം തകര്‍ക്കുന്നുവെന്ന പരാതിയില്‍ എസ് ഐക്കു സസ്പെന്‍ഷന്‍. കല്‍പ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുള്‍ സമദിനെയാണ് കണ്ണൂര്‍ ഡി ഐ ജി സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണം നടത്തും. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കി ജയിലിലടപ്പിച്ചെന്നാണ് എടച്ചേരി സ്വദേശി നിജേഷും മക്കളും ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്.
◾മ്യൂസിയം ആക്രമണ കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടും മന്ത്രിയുടെ ഓഫീസിലെ ആര്‍ക്കും പ്രതിയെ മനസിലായില്ലെന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കരാര്‍ ജീവനക്കാരന് ഔദ്യോഗിക കാര്‍ ഏതു സമയത്തും എടുത്തുകൊണ്ടുപോകാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
◾സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി മരവിപ്പിച്ചാല്‍ പോരെന്നും ഉത്തരവു പിന്‍വലിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ.
◾ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈലയ്ക്കു ജാമ്യമില്ല. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹര്‍ജി തള്ളിയത്.
◾കാന്തല്ലൂരില്‍ വണ്ണാന്തുറൈ വനമേഖലയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ വാച്ചര്‍ക്കു പരിക്കേറ്റു. പാളപ്പെട്ടി ഗോത്രവര്‍ഗ കോളനിയിലെ ശേഖര്‍ ചാപ്‌ളി (47)ക്കാണ് പരിക്കേറ്റത്.
◾യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാര്‍ (31)നെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. ജൂലൈ പന്ത്രണ്ടിനാണ് രണ്ടാം ഭാര്യ രമ്യ എന്ന ശരണ്യ (20) ആത്മഹത്യ ചെയ്തത്.
◾പാലക്കാട് ജില്ലയിലെ മുതലമടയില്‍ വിവാഹ പിറ്റേന്ന് ആദിവാസി യുവതി മരിച്ചത് വിഷപ്പൊടി കഴിച്ചാണെന്ന് പൊലീസ്. ചെമ്മണാംപതി അളകാപുരി കോളനിയില്‍ തോട്ടത്തില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി പഴനി സ്വാമിയുടെ മകള്‍ നന്ദിനി (22) ആണ് മരിച്ചത്.
◾പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി പൊന്‍കുന്നം ശാന്തിഗ്രാം സ്വദേശി അഫ്സല്‍ (24) മരിച്ചു. പൊന്‍കുന്നം ശാന്തിപ്പടിക്കരികിലായിരുന്നു അപകടം.
◾ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു കല്ലിയൂര്‍ മുരുക്കറത്തല നന്ദ ഭവനില്‍ രതീഷിനെ (40) നേമം പോലീസ് അറസ്റ്റു ചെയ്തു.
◾വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ 26 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചു. പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് നിരോധനം. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിന് രാജ്യത്ത് ഏകദേശം അമ്പതു കോടിയിലേറെ ഉപയോക്താക്കളുണ്ട്.
◾കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ സ്ഫോടക വസ്തുക്കളില്‍ ചിലത് സാധാരണ നിലയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്നവയല്ലെന്ന് എന്‍ഐഎ. ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.
◾ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു. ശ്വാസകോശത്തെ ബാധിക്കുന്ന മലിന കണികകളുടെ തോത് അനുവദനീയമായതിന്റെ എട്ടിരട്ടിയാണിത്.
◾ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതു തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബുധനാഴ്ച ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാനിരിക്കെയാണ് മുര്‍സലിന്‍ അസിജിതി ശെയ്ഖ് എന്നയാള്‍ ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്.
◾ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കുളു മണ്ഡലത്തില്‍ വിമതനായി മല്‍സരിക്കുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാം സിംഗിനെ പുറത്താക്കി. ഇദ്ദേഹത്തിനു പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നിരസിച്ചതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു.
◾പൊലീസ് സ്റ്റേഷനില്‍ എസ്ഐയുടെ കസേരയില്‍ ഇരുന്ന് ഇന്‍സ്റ്റഗ്രാം വീഡിയോ ചിത്രീകരിച്ചയാള്‍ അറസ്റ്റില്‍. മുംബൈ ഡോംബിവലിയിലെ ബില്‍ഡറായ സുരേന്ദ്ര പാട്ടീല്‍ ആണ് അറസ്റ്റിലായത്. 25 ലക്ഷം തന്നാല്‍ കോടികള്‍ തരാമെന്നു പറഞ്ഞ് ചിലര്‍ പണം തട്ടിയെടുത്തെന്ന ഇയാളുടെ പരാതിയിലെ പ്രതികളെ പൊലീസ് പിടകൂടിയിരുന്നു. പ്രതികളില്‍നിന്നു കണ്ടെടുത്ത പണം തിരിച്ചുവാങ്ങാനാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
◾റിലിഗെയര്‍ എന്റര്‍പ്രൈസസിന്റെ വിഭാഗമായ റിലിഗെയര്‍ ഫിന്‍വെസ്റ്റിന്റെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതിന് 52 സ്ഥാപനങ്ങള്‍ക്ക് 21 കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ ഹോള്‍ഡിംഗ്‌സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. 45 ദിവസത്തിനകം പിഴ അടക്കാനാണ് ഉത്തരവ്.
◾ട്വിറ്റര്‍ വെരിഫൈഡ് പ്രൊഫൈലുകളില്‍നിന്ന് മാസം എട്ടു ഡോളര്‍ വരിസംഖ്യ ഈടാക്കും. ട്വിറ്റര്‍ ബ്ലൂ സേവനങ്ങള്‍ക്ക് പണമടച്ചവര്‍ക്ക് ട്വിറ്റര്‍ സേര്‍ച്ചില്‍ പ്രാമുഖ്യം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പില്‍ വനിതാ സംഘത്തെ നയിച്ച അമേരിക്കക്കാരിക്ക് 20 വര്‍ഷം തടവുശിക്ഷ. കാന്‍സസില്‍ നിന്നുള്ള 42 കാരിയായ ആലിസണ്‍ ഫ്ളൂക്ക് എക്രെനാണ് ശിക്ഷിക്കപ്പെട്ടത്. എട്ടു വര്‍ഷത്തിനിടെ ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണു കുറ്റം.
◾തെക്കന്‍ കൊറിയയ്ക്കെതിരേ വടക്കന്‍ കൊറിയയുടെ മിസൈല്‍ വിക്ഷേപണം. തിരിച്ചടിച്ച് ദക്ഷിണ കൊറിയ മൂന്ന് മിസൈലുകള്‍ തൊടുത്തു. ഉത്തര കൊറിയയുടെ മിസൈല്‍ തെക്കന്‍ കൊറിയയുടെ സമുദ്രാതിര്‍ത്തി കടന്ന് പതിച്ചു. 1948 ലെ കൊറിയന്‍ വിഭജനത്തിനുശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ സമുദ്രാതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തുന്നത്.
◾ട്വന്റി20 ലോകകപ്പില്‍ സിംബാബേക്കെതിരെ നെതര്‍ലന്‍ഡസിന് അഞ്ചു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത സിംബാബ്വേ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നഷ്ടത്തില്‍ നെതര്‍ലന്‍ഡ്സ് അടിച്ചെടുത്തു.
◾ട്വന്റി20 ലോകകപ്പിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ നേരിടുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. 32 പന്തില്‍ 50 റണ്‍സ് നേടിയ കെ.എല്‍.രാഹുല്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.
◾യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇതോടെ ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവ്. പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമാനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയും ചെയ്തു. യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് വന്‍വിലക്കിഴിവില്‍ ക്രൂഡ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ അഞ്ചുശതമാനം വര്‍ധനവുണ്ടായി. റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലുണ്ടായ വര്‍ധന എട്ടുശതമാനമാണ്. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയാണ് മുന്നില്‍.
◾സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3870 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി വില 64 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
◾നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സ്വഭാവം കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. പുത്തന്‍ തലമുറ യുവാക്കളുടെ സൌഹൃദത്തിന്റെ കഥ പറയുന്ന ചിത്രം കളര്‍ഫുള്‍ ആയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കഥാപാത്രവുമായിരിക്കും ചിത്രത്തിലെ നായകന്‍. കിറുക്കനും കൂട്ടുകാരും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നിവിന്‍ പോളിക്കൊപ്പം സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ഭാസ്‌കറിന്റേതാണ് രചന.
◾ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ പഠാന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഴോണറിനോട് ഏറെ നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കും പഠാന്‍ എന്നാണ് ടീസര്‍ കാണികളോട് പറയുന്നത്. തിയറ്ററുകളില്‍ വന്‍ കൈയടികള്‍ക്ക് സാധ്യതയുള്ള ഷാരൂഖ് ഖാന്റെ വണ്‍ ലൈനറുകളും അതിഗംഭീര ആക്ഷന്‍ രംഗങ്ങളും ഉള്‍ച്ചേര്‍ന്നതാണ് 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.
◾മൈക്രോ എസ്യുവി വിഭാഗത്തില്‍ ടാറ്റ പഞ്ച്, സിട്രോണ്‍ സി3, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാന്‍ കാസ്പര്‍ അടുത്ത വര്‍ഷമെത്തും. ജന്മനാടായ ദക്ഷിണ കൊറിയയില്‍ അരങ്ങേറിയ ഈ കുഞ്ഞന്‍ എസ്യുവി, വൈകാതെ ഇന്ത്യയടക്കമുള്ള വിപണികളിലും വില്‍പനയ്ക്കെത്തുമെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയില്‍ വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിക്കും. മൈക്രോ എസ്യുവി സെഗ്മെന്റിലേക്ക് എത്തുന്ന വാഹനത്തിന് 5 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില. കാസ്പറിനു കരുത്തേകുക ഗാന്‍ഡ് ഐ 10 നിയൊസിലെ 1.2 ലീറ്റര്‍, നാലു സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനാവും. 83 ബിഎച്ച്പി വരെ കരുത്തും 114 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. 2023 ലോ 2024 ലോ ‘കാസ്പറി’ന്റെ വൈദ്യുത പതിപ്പും വില്‍പനയ്ക്കെത്തിയേക്കും.
◾ജഗതി ശ്രീകുമാര്‍. മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭ. ചിരിയും ചിന്തയും കൊണ്ട് അത്ഭുതം തീര്‍ത്ത നടനവിസ്ഫോടനത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടയാളപ്പെടുത്തലാണ് ഈ പുസ്തകം. എല്ലാവര്‍ക്കും പറയാന്‍ ഓരോ അനുഭവങ്ങളുണ്ട്. അധികമാരും അറിയാത്ത നന്മയുടെ പാഠങ്ങള്‍. ഓരോന്നും ഓരോ കഥ പോലെ വായിച്ചറിയാം. തിരിച്ചറിയാം, ശ്രീകുമാറെന്ന പച്ചമനുഷ്യനെ. ‘ജഗതി ഒരു അഭിനയ വിസ്മയം’. രമേഷ് പുതിയമഠം. ഗ്രീന്‍ ബുക്സ്. വില 218 രൂപ.
◾ആണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ പെണ്‍കുട്ടികളുള്ളവരെക്കാള്‍ വേഗത്തില്‍ പ്രായമാകാന്‍ സാദ്ധ്യതയുണ്ടെന്ന് പഠനം. പ്രായമാകുന്തോറും അവരുടെ മസ്തിഷ്‌ക ശക്തി വളരെ വേഗത്തില്‍ കുറയുന്നതായി തെളിഞ്ഞു. സൈക്യാട്രിക് റിസര്‍ച്ച് ജേണല്‍ പ്രകാരം ഒന്നില്‍ കൂടുതല്‍ ആണ്‍മക്കളുണ്ടെങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും പഠനത്തില്‍ പറയുന്നു. 50 വയസില്‍ കൂടുതല്‍ പ്രായമുള്ള 13,222 രക്ഷിതാക്കളില്‍ 18 വര്‍ഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഗണിത പരിശോധനകളും ഓര്‍മ്മ പരീക്ഷിക്കുന്ന ടെസ്റ്റുകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ ഒരുപോലെ സ്‌കോറുകള്‍ നേടിയിരുന്നെങ്കിലും കാലക്രമേണ, കുട്ടികള്‍ വളരുന്നതിനനുസരിച്ച് ആണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ ഓര്‍മശക്തി കുറയുന്നതായി കണ്ടെത്തി. വിഷാദരോഗത്തിനെതിരെ പോരാടാനും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വേഗത്തില്‍ കഴിയുമെന്നും പഠനത്തില്‍ പറയുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാക്കി മറന്നുപോവുക, കാര്യമില്ലാതെ വിഷമിക്കുക, ഉത്കണ്ഠ, ദേഷ്യം, ഉറക്ക കുറവ്, അശ്രദ്ധ, വ്യക്തത ഇല്ലാത്ത സംസാരം, സ്വഭാവത്തില്‍ മാറ്റം എന്നിവയാണ് ഡിമെന്‍ഷ്യയുടെ ആദ്യഘട്ട ലക്ഷണങ്ങള്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.78, പൗണ്ട് – 95.16, യൂറോ – 81.81, സ്വിസ് ഫ്രാങ്ക് – 82.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.13, ബഹറിന്‍ ദിനാര്‍ – 219.56, കുവൈത്ത് ദിനാര്‍ -267.14, ഒമാനി റിയാല്‍ – 215.00, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.88.